ന്യൂദൽഹി: കേരള നിയമസഭാ സ്പീക്കര്‍ എ എൻ ഷംസീർ, തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലേയും തമിഴ്നാട്ടിലേയും പോലീസ് മേധാവികൾക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കേസെടുക്കാത്ത കേരളത്തിലേയും തമിഴ്നാട്ടിലേയും പോലീസ് മേധാവികൾക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
ഗണപതിയെ മിത്തെന്ന് വിമര്‍ശിച്ച ഷംസീറും സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രസംഗിച്ച ഉദയനിധി സ്റ്റാലിനും പ്രത്യക്ഷമായ ഹിന്ദുവിദ്വേഷ പ്രസംഗമാണ് നടത്തിയത്. ഇത്തരം വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ അതത് സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ കേസെടുക്കണമെന്ന് ജസ്റ്റിസ് കെ എം ജോസഫ് ഉൾപ്പെടുന്ന സുപ്രീംകോടതി ബഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നാല്‍ സ്പീക്കർ എ എൻ ഷംസീറിനും തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും എതിരെ കേരള, തമിഴ്നാട് ഡിജിപിമാര്‍ കേസെടുത്തില്ല. ഇത് കോടതിയലക്ഷ്യമാണെന്ന് പരാതിക്കാരന് പറയുന്നു.
നോയിഡ സ്വദേശി പികെഡി നമ്പ്യാരാണ് അഭിഭാഷകയായ പ്രീതി സിംഗ് മുഖേന സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചത്. സുപ്രിം കോടതിയുടെ മുൻ ഉത്തരവ് അനുസരിക്കാത്തതിന് കേരളത്തിലെയും തമിഴ്നാട്ടിലെയു ഡിജിപിമാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153 എ, 506 എന്നീ വകുപ്പുകൾ പ്രകാരം വിദ്വേഷമുളവാക്കുന്ന ഏതെങ്കിലും സംസാരമോ പ്രവൃത്തിയോ കുറ്റകൃത്യമായി കണക്കാക്കി ഔപചാരികമായ പരാതിയുടെ ആവശ്യമില്ലാതെ ഉടനടി നടപടിയെടുക്കുമെന്ന് ഉറപ്പാക്കാൻ എല്ലാ പോലീസ് മേധാവികളോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: