ആലപ്പുഴ: ഐസിഎംആറിനു കീഴിലുള്ള ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ലാബ് ബിഎസ്എല്‍ 3 നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് അഞ്ചു വര്‍ഷമായിട്ടും നടപ്പായില്ല. സംസ്ഥാനത്ത് ആദ്യമായി നിപ രോഗബാധ സ്ഥിരീകരിച്ച 2018 ലാണ് പ്രഖ്യാപനം ഉണ്ടായത്. ഇതിനിടെ മൂന്ന് തവണ കേരളത്തില്‍ നിപ സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥലപരിമിതിയായിരുന്നു ആദ്യ തടസം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് പുന്നപ്രയിലെ പുതിയ കെട്ടിടത്തിലേക്കു മാറി.
ലാബ് ബയോസേഫ്റ്റി ലെവല്‍ 3 (ബിഎസ്എല്‍ 3) നിലവാരത്തിലേക്ക് ഉയര്‍ന്നാല്‍ പുനെയില്‍ സാമ്പിള്‍ പരിശോധിച്ചു ഫലം പ്രഖ്യാപിക്കുന്നതു വരെയുള്ള കാത്തിരിപ്പ് ഒഴിവാക്കാം. നിലവില്‍ ബിഎസ്എല്‍ 2 നിലവാരത്തിലാണ് ഇവിടുത്തെ ലാബ്. ലാബിന്റെ നിലവാരം കൂടിയാല്‍ വൈറസ് രോഗങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണവും നടത്താം. മിക്ക വൈറസുകളെയും കണ്ടെത്താനുള്ള പരിശോധനാ സംവിധാനം നിലവില്‍ ഇവിടെയുണ്ട്. ചിക്കുന്‍ഗുനിയ, പക്ഷിപ്പനി, കൊവിഡ് എന്നിവയുമായി ബന്ധപ്പെട്ട പ്രധാന പരിശോധനകളെല്ലാം ഇവിടെയാണ് നടന്നത്.
നിലവില്‍ ഇവിടെ നിപ രോഗബാധ സംശയിക്കുന്നവരുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. രോഗബാധിതരുമായി നേരിട്ടു സമ്പര്‍ക്കമുള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ സ്ഥാപനത്തിന് അനുമതിയില്ല. അതിനാല്‍ നിപ സ്ഥിരീകരിച്ച കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് ഇവിടെ പരിശോധിക്കുന്നത്. പരിശോധനാഫലം പോസിറ്റീവ് ആണെങ്കിലും നിപ ബാധയാണെന്നു സ്ഥിരീകരിക്കാന്‍ സ്ഥാപനത്തിന് അനുമതിയില്ല.
ബയോസേഫ്റ്റി ലെവല്‍ 3 മുതല്‍ സുരക്ഷാ സംവിധാനമുള്ള ലാബുകളില്‍ മാത്രമേ നേരിട്ടു സമ്പര്‍ക്കമുള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കാനും രോഗബാധ സ്ഥിരീകരിക്കാനും പാടുള്ളൂവെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നിര്‍ദേശം. ആലപ്പുഴയിലെ ലാബ് ബയോസേഫ്റ്റി ലെവല്‍ 3 നിലവാരത്തില്‍ എത്തിച്ചിരുന്നെങ്കില്‍ നിപ വൈറസ് സാന്നിദ്ധ്യം അതിവേഗം സ്ഥിരീകരിക്കാനും സംസ്ഥാന സര്‍ക്കാരിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാനും സാധിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: