വിഴിഞ്ഞം: കടലും തീരവും കാത്തുസൂക്ഷിക്കാനും ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ നിരീക്ഷിക്കാനും കഴുകന്‍ കണ്ണുകളുമായി വിഴിഞ്ഞത്ത് റഡാര്‍ സ്‌റ്റേഷന്‍ പൂര്‍ത്തിയായി. വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് സ്‌റ്റേഷനില്‍ സ്ഥാപിച്ച അത്യാധുനിക റഡാറാണ് വിദൂരത്തിലൂടെ കടന്നുപോകുന്ന കപ്പലുകളെ ഒപ്പിയെടുക്കുക. ഇതിനായി ഉയര്‍ന്നശേഷിയുള്ള ഇലക്ട്രോണിക്ക് ഓട്ടോമേഷന്‍ ക്യാമറകള്‍ ഉള്‍പ്പെടെയാണ് റഡാര്‍ ഒരുക്കിയിരിക്കുന്നത്.
വിഴിഞ്ഞത്ത് സ്‌റ്റേഷന്‍ വളപ്പില്‍ 34 മീറ്റര്‍ ഉയരത്തില്‍ കടലിന് അഭിമുഖമായാണ് റഡാര്‍ ടവര്‍ സ്ഥാപിച്ചിട്ടുളളത്. കരയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ വിഴിഞ്ഞം കടലിലൂടെ രാവും പകലും കടന്നുപോകുന്ന അന്താരാഷ്‌ട്ര ആഭ്യന്തര വിഭാഗത്തില്‍പ്പെട്ട എല്ലാ കപ്പലുകളെയും നിരീക്ഷിക്കാനാകും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കോസ്റ്റ്ഗാര്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ മേല്‍നോട്ടത്തിലാണ് സ്‌റ്റേഷന്‍ സ്ഥാപിച്ചിട്ടുളളതെന്ന് അധികൃതര്‍ പറഞ്ഞു. കടന്നുപോകുന്ന കപ്പലിന്റെ രാജ്യം, വിഭാഗം എന്നിവയടക്കമുളള സമ്പൂര്‍ണ്ണ വിവരങ്ങള്‍ റഡാറിലെ ക്യാമറകണ്ണുകള്‍ നിരീക്ഷിക്കും. ഇതില്‍ നിന്നുളള വിവരങ്ങള്‍ പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെയുളള കോസ്റ്റുഗാര്‍ഡ് സ്‌റ്റേഷനുകളിലേക്ക് കൈമാറാനും വിഴിഞ്ഞവുമായി ഏകോപിപ്പിക്കാനും കഴിയും. കപ്പലിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ കൊച്ചിയിലെ ഏരിയ കണ്‍ട്രോള്‍ സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്ററിലും ലഭ്യമാക്കുന്ന തരത്തിലാണ് റഡാര്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലൂടെയും തൊട്ടപ്പുറത്തും കൂടി കടന്നുപോകുന്ന ഒരു കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് സ്ഥാപിച്ചിട്ടുളള റഡാറിന്റെ കണ്ണുവെട്ടിച്ച് കടക്കാനാവാത്ത തരത്തിലാണ് റഡാര്‍ ക്യാമറയുടെ പ്രവര്‍ത്തനം സജ്ജമാക്കിയിട്ടുളളത്.
2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് രാജ്യത്ത് തീരദേശത്തെ ചില പ്രത്യേക പോയിന്റുകളില്‍ രാവും പകലും നിരീക്ഷിക്കാന്‍ കടല്‍ത്തീരങ്ങള്‍ക്കടുത്തായി റഡാര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. 7516 കിലോമീറ്റര്‍ നീളമുളള തീരദേശ മേഖലയിലെ പ്രത്യേക പോയിന്റുകളിലായി ഒന്നാംഘട്ടത്തില്‍ 46 റഡാറുകളാണ് സഥാപിച്ചത്. ഇതിന് പിന്നാലെ തുടങ്ങിയ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച 36 റഡാര്‍ സ്‌റ്റേഷനുകളില്‍ ഒന്നാണ് വിഴിഞ്ഞത്തേത്. ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് കൊല്ലം, വൈപ്പിന്‍, പൊന്നാനി, ഏഴിമല എന്നിവിടങ്ങളില്‍ റഡാര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു. സാങ്കേതിക കാര്യങ്ങള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കി ഒക്ടോബര്‍ ആദ്യവാരം റഡാര്‍ കമ്മീഷന്‍ ചെയ്യുമെന്ന് കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: