തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന് സൂചന. കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് വിവരം. നവംബറില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയാകും. ഇതനുസരിച്ച് ഘടകകക്ഷി വകുപ്പുകളില്‍ മന്ത്രിമാര്‍ക്ക് മാറ്റമുണ്ടാകുമെന്ന മുന്‍ധാരണ അനുസരിച്ചാണ് പുനഃസംഘടന നടത്താനൊരുങ്ങുന്നത്.
അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫിന്റെ യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ഉണ്ടായേക്കും. ഇതനുസരിച്ച് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയും. ഗതാഗതവകുപ്പ് വേണ്ട എന്ന് ഗണേഷ് നേരത്തേ അറിയിച്ചിരുന്നു. ഇതോടെ ഗണേഷിന് വനംവകുപ്പ് കൊടുത്ത് എ.കെ.ശശീന്ദ്രന് ഗതാഗതം കൊടുക്കുന്ന കാര്യം ഉള്‍പ്പെടെ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍തന്നെ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. ഗണേഷിന് മന്ത്രിസ്ഥാനം കൊടുക്കുന്നതില്‍ സിപിഎമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നാണ് വിവരം. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖംമിനുക്കല്‍കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്. എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നല്കാന് എല്‍ഡിഎഫ് തീരുമാനിച്ചാല്‍ ഷംസീറിന്റെ സാധ്യതകള്‍ അടയുകയും കെ.പി മോഹനന് ചിലപ്പോള്‍ വഴിയൊരുങ്ങാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: