ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളെ പേപ്പര്‍രഹിതമാക്കുന്ന പദ്ധതിയായ ഇ-കോടതി മിഷന് മോഡ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. 7,210 കോടി രൂപയാണ് മൂന്നാം ഘട്ടം നടപ്പിലാക്കാന്‍ അനുവദിച്ചിരിക്കുന്നത്. നീതി ന്യായ വ്യവസ്ഥയ്ക്ക് ഒരു ഏകീകൃത പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നതാണ് മൂന്നാം ഘട്ടത്തിന്റെ ഉദ്ദേശ്യം.
കോടതി വ്യവഹാരങ്ങള്‍ ഡിജിറ്റലാക്കുന്നതാണ് പദ്ധതി. നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ സുതാര്യമാകാന്‍ ഇതിലൂടെ സാധിക്കും. എല്ലാ കോടതി സമുച്ചയങ്ങളിലും 4,400 ഇ-സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കടലാസ് രഹിത കോടതികള്‍ക്കായി ഇഫയലിംഗ്, ഇപേയ്മെന്റ് സംവിധാനങ്ങള്‍ വ്യാപിപ്പിക്കും. ഡാറ്റ സംഭരിക്കുന്നതിന് ക്ലൗഡ് സ്റ്റോറേജ് സംവിധാനാവും ഉണ്ടാകും.
കോടതികളില്‍ ഇഫയലിംഗ്, ഇപേയ്മെന്റുകള് നടപ്പിലാക്കുന്നതിലൂടെ വെര്‍ച്വല്‍ പങ്കാളിത്തം സാധ്യമാകും.ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തവര്‍ക്കും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ഇസേവാ കേന്ദ്രങ്ങളില്‍ നിന്ന് ജുഡീഷ്യല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതിലൂടെ ഡിജിറ്റല്‍ രംഗത്തെ അന്തരവും കുറയ്ക്കാനും ഇ-കോടതികള്‍ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: