എറണാകുളം: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനുള്ള നടപടികൾ നിരീക്ഷിക്കുന്നതിനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ പദ്മനാഭൻ നായരെ നിരീക്ഷകനായി നിയമിച്ചു. മേൽശാന്തി നിയമനങ്ങളുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജിയിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഉത്തരവിട്ടത്.
മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 14, 15 തീയതികളിലായി തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാത്ത് വെച്ച് നടക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്നവരുടെ പേരുകൾ ഉൾപ്പെടുത്തിയാകും ചുരുക്കപ്പട്ടിക തയാറാക്കുക. പിന്നീട് ഇവരുടെ പേരുകൾ നറുക്കിട്ടാകും മേൽശാന്തിമാരെ തിരഞ്ഞെടുക്കുക.
ഇന്റർവ്യൂ നടപടികളുടെ വീഡിയോ പകർത്തണമെന്നും തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ ശബരിമല കമ്മീഷണർ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇന്റർവ്യൂവിന്റെ മാർക്ക് ബോൾപോയിന്റ് പേന ഉപയോഗിച്ച് രേഖപ്പെടുത്തണം. മാർക്ക് ഷീറ്റ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ ഒപ്പു വെയ്ക്കേണ്ടതുണ്ട്. ഇത് ദേവസ്വം കമ്മീഷണറുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും സിഡിയും മാർക്ക് ലിസ്റ്റും മുദ്ര വെച്ച കവറിൽ ഒക്ടോബർ 15നുള്ളിൽ കോടതിയിൽ സമർപ്പിക്കണമെന്നുമാണ് നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: