തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പില്‍ എ.സി. മൊയ്തീനു പിന്നാലെ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി.കെ. ബിജുവും പ്രതിക്കൂട്ടിലേക്ക്. കരുവന്നൂരില്‍ തട്ടിപ്പു നടത്തിയവരില്‍ നിന്ന് ബിജു അഞ്ചു കോടി രൂപ കൈപ്പറ്റിയെന്ന വിവരത്തിനു ശേഷം ബാങ്കിലെ തട്ടിപ്പുകള്‍ മറച്ചുവയ്ക്കാന്‍ കൂട്ടുനിന്നെന്ന തെളിവും പുറത്തുവന്നു. കരുവന്നൂരിലെ തട്ടിപ്പു സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന് അംഗമായിരുന്നു പി.കെ. ബിജു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജനായിരുന്നു മറ്റൊരംഗം.
തട്ടിപ്പുകാര്‍ക്ക് ബിജുവും ഷാജനും ചേര്‍ന്ന് ക്ലീന്‍ ചിറ്റ് നല്കി. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ ബാങ്ക് അടച്ചുപൂട്ടുകയും നിക്ഷേപകര്‍ വഴിയാധാരമാകുകയും ചെയ്തു. ഒടുവില്‍ ക്രൈംബ്രാഞ്ചും ഇ ഡിയും അന്വേഷണം തുടങ്ങിയതോടെയാണ് ബാങ്ക് ഡയറക്ടര്‍മാരായ പ്രാദേശിക നേതാക്കള്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത്.
കരുവന്നൂര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ബിജു കഴിഞ്ഞ ദിവസങ്ങളില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ബിജുവിനെയും പി.കെ. ഷാജനെയും അന്വേഷണ കമ്മിഷനായി നിയമിച്ചുള്ള പാര്‍ട്ടി രേഖ ഇന്നലെ പുറത്തുവന്നു. ഇതോടെ ബിജു പറഞ്ഞത് കള്ളമെന്നു തെളിയുകയാണ്.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 25 കോടിയോളം തട്ടിയെടുത്തെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ പി.സതീഷ് കുമാര്‍ അഞ്ചു കോടി ബിജുവിന് കൈമാറിയെന്ന് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടു കോടിയും മൂന്നു കോടിയുമായി രണ്ടു പ്രാവശ്യമായാണ് തുക കൈമാറിയതെന്നാണ് സതീഷ് കുമാറിന്റെ വെളിപ്പെടുത്തല്‍.
പി.കെ. ബിജുവിന് ഇ ഡി ഉടന്‍ നോട്ടീസ് അയയ്ക്കും. സതീഷ് കുമാറിന്റെ മൊഴിക്കു പുറമേ സാമ്പത്തിക ഇടപാടു തെളിയിക്കുന്ന ഫോണിലെ ശബ്ദരേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. മൂന്നു കോടി രൂപ കൈമാറിയതിന് സാക്ഷികളുണ്ടെന്നും ഇ ഡി പറയുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
അന്വേഷണ കമ്മിഷനിലെ അംഗം പി.കെ. ഷാജന്റെ അടുത്തയാളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്ത തൃശ്ശൂര്‍ നഗരസഭ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട. സതീഷ് കുമാറില്‍ നിന്ന് ഇയാളും പണം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. പി.കെ. ഷാജനു വേണ്ടിയാണോ പണം കൈപ്പറ്റിയതെന്നും ഇ ഡി അന്വേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: