കോഴിക്കോട് : നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിലെത്തും. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കും രോഗബാധയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
കഴിഞ്ഞ ദിവസം മരിച്ച രോഗിയുടെ മരണം നിപ മൂലമാണെന്ന് പൂനയിലെ വൈറോളജി ലാബില്‍ നടന്ന പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.
മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കും.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 75 ഐസൊലേഷന്‍ ബെഡുകളും ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകളും ആശുപത്രിയില്‍ സജ്ജമാണ്.
ഹൈ റിസ്ക് ആയവരെയാണ് ഐസൊലേഷന്‍ ചെയ്യുന്നത്. എല്ലാവര്ക്കും ആശുപത്രി ഐസൊലേഷന്‍ വേണ്ട. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് വീട്ടില്‍ ഐസൊലേറ്റ് ചെയ്യാനാകും. പനി ലക്ഷണമുളളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. നിപ പ്രോട്ടോക്കോള്‍ പ്രകാരം ഒരാള്‍ക്ക് ഒരു മുറി, അതിലൊരു ബാത്ത്റൂം എന്ന നിലയിലായിലാണ് സജ്ജമാക്കിയിട്ടുളളത്. സ്വകാര്യ ആശുപത്രിയിലുള്ളവര്‍ക്ക് അവിടെ തന്നെ ചികിത്സ തേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: