ന്യൂദൽഹി: സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കാനും ഭൂമിയിലെ എല്ലാ പൗരന്മാരും സാമ്പത്തിക സഹായ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനും ജി 20 ഉച്ചകോടിയിൽ തീരുമാനം. കർഷകർ, അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ, MSME കൾ എന്നിവർക്കിടയിൽ, ഉത്തരവാദിത്തമുള്ളതും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ജി 20 സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
അതത് ഡാറ്റാ പരിരക്ഷണ ചട്ടങ്ങൾക്ക് അനുസൃതമായി സമഗ്രമായ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിന് ലോകാരോഗ്യ സംഘടന നിയന്ത്രിക്കുന്ന ചട്ടക്കൂടിനുള്ളിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓൺ ഡിജിറ്റൽ ഹെൽത്ത് (GIDH) സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. സംസ്കാരത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയും സാംസ്കാരികവും സർഗ്ഗാത്മകവുമായ മേഖലകളുടെയും വ്യവസായങ്ങളുടെയും വികസനത്തിന് ഡിജിറ്റൽ ചട്ടക്കൂടുകൾ സ്വീകരിക്കുകയും ചെയ്യും.
നിർമ്മിത ബുദ്ധിയുടെ (AI) അതിവേഗത്തിലുള്ള പുരോഗതി ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ അഭിവൃദ്ധിയും വികാസവും വാഗ്ദാനം ചെയ്യുന്നു. ജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുകയും അതേ സമയം ഉത്തരവാദിത്തപൂർണ്ണവും, എല്ലാവരെയും ഉൾകൊള്ളുന്നതും, മനുഷ്യകേന്ദ്രീകൃതവുമായ രീതിയിൽ വെല്ലുവിളികൾ പരിഹരിച്ച്കൊണ്ട് AI-യെ പൊതുനന്മയ്ക്കായി പ്രയോജനപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
ഉത്തരവാദിത്തമുള്ള AI വികസനം, വിന്യാസം, ഉപയോഗം എന്നിവ ഉറപ്പാക്കാൻ, മനുഷ്യാവകാശസംരക്ഷണം, സുതാര്യത, വിശദീകരിക്കപ്പെടൽ, നീതി, ഉത്തരവാദിത്തം, നിയന്ത്രണം, ഭദ്രത, ഉചിതമായ മനുഷ്യ മേൽനോട്ടം, ധാർമ്മികത, പക്ഷപാതങ്ങൾ, സ്വകാര്യത, ഡാറ്റ സംരക്ഷണം എന്നിവ അഭിസംബോധന ചെയ്യേണ്ടതുണ്ട്. AI-യുടെ മുഴുവൻ സാധ്യതകളും മനസ്സിലാക്കുന്നതിനും അതിന്റെ നേട്ടങ്ങൾ പങ്കിടുന്നതിനും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുമായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ അന്താരാഷ്ട്ര ഭരണ നിര്വഹണത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കുമായി നാം ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: