ന്യൂദല്‍ഹിയില്‍ ജി20 രാഷ്ട്രത്തലവന്മാരുടെ 18-ാമത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സാര്‍വത്രിക ആരോഗ്യ സംവിധാനം സൃഷ്ടിക്കുന്നതിന് രാജ്യങ്ങള്‍ക്കിടയില്‍ ഒരു പാലമാകുകയാണ് ഭാരതം. ഗാന്ധിനഗറില്‍ ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നമുക്ക് നമ്മുടെ നൂതനാശയങ്ങള്‍ പൊതുനന്മയ്ക്കായി പങ്കിടാമെന്നും ഒരേ ആവശ്യത്തിന് പലതലത്തില്‍ വേണ്ടി വരുന്ന സാമ്പത്തിക ചെലവ് ഒഴിവാക്കുകയും സാങ്കേതികവിദ്യ എല്ലാവര്ക്കും ലഭിക്കത്തക്കതരത്തില്‍ ആസൂത്രണം ചെയ്യാമെന്നും അഭിപ്രായപ്പെട്ടു.
മനുഷ്യരാശിയുടെ ആരോഗ്യം വിട്ടുവീഴ്ചയില്ലാതെ നിലനില്ക്കുമ്പോള് മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം ആരംഭിക്കൂ. ഒരു വൈറസ് നാശം വിതയ്ക്കാന്‍ തുടങ്ങുകയും അതിനോട് പ്രതികരിക്കാന്‍ നാം തയ്യാറാകാതിരിക്കുകയും ചെയ്താല്‍, സമൂഹങ്ങള്‍ക്ക് ഒരു സാമ്പത്തിക ക്ഷേമവും ആസ്വദിക്കാനാവില്ല. ഭാരതത്തിന്റെ ജി 20 അധ്യക്ഷതയ്ക്ക് കീഴില്‍, ആരോഗ്യ മുന്‍ഗണനകളെക്കുറിച്ചുള്ള നിര്‍ണായക ആലോചനകള്‍ ആസൂത്രണം ചെയ്തിരിക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്. താങ്ങാനാവുന്ന ചെലവില്‍, എല്ലാവര്ക്കും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച സങ്കീര്‍ണതകള്‍ ഭാരതം ഉയര്‍ത്തിക്കാട്ടുന്നു. ഭാവിയിലെ ആരോഗ്യ അടിയന്തരാവസ്ഥ തടയുന്നതിനും അതിനെതിരെ തയ്യാറാകുന്നതിനും പ്രതികരിക്കുന്നതിനുമുള്ള മാര്‍ഗം, കൂട്ടായ ആഗോള പ്രവര്‍ത്തനങ്ങളാണെന്ന കാര്യത്തിലും മഹാമാരിയില്‍ നിന്നുള്ള നമ്മുടെ വീണ്ടെടുപ്പ് തുല്യമായിരിക്കണം എന്ന കാര്യത്തിലും സമവായം കെട്ടിപ്പടുക്കാന്‍ ഭാരത്തിന് വിജയകരമായി കഴിഞ്ഞു.
ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനുകള്‍, ചികിത്സകള്‍, രോഗ നിര്‍ണയ സംവിധാനങ്ങള്‍, മറ്റ് പരിഹാരങ്ങള്‍ എന്നിവ ലഭ്യമാകുന്നതില്‍ നിലവിലുള്ള അസമത്വങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്ന ആഗോള മെഡിക്കല്‍ പ്ലാറ്റ്ഫോം രൂപീകരിക്കുന്നത് സംബന്ധിച്ച തത്വങ്ങളിലും, അതിന്റെ പ്രവര്‍ത്തന രീതികളിലും സമവായമുണ്ടാക്കുന്നത് ഇതു സംബന്ധിച്ച ആഗോള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ആരോഗ്യത്തെക്കുറിച്ചുള്ള ആഗോള ഡിജിറ്റല്‍ സംരംഭം ആരംഭിക്കുന്നത്, മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ പ്രത്യേക സന്ദര്‍ഭവുമായി പൊരുത്തപ്പെടുന്ന ആരോഗ്യ പരിഹാരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സഹായിക്കും. കാലാവസ്ഥയും ആരോഗ്യവും പരസ്പരം എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണ വികസിപ്പിച്ചെടുക്കുന്നതിലൂടെ നിര്‍ദ്ദിഷ്ട പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം. നമ്മുടെ ഭൂതകാലത്തിന്റെ ജ്ഞാനത്തില്‍ നിന്ന് നമ്മുടെ ഭാവിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പരമ്പരാഗത ഔഷധങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയും.
മെഡിക്കല്‍ പ്രതിരോധ പ്ലാറ്റ്ഫോം
ലോകമെമ്പാടുമുള്ള കൊവിഡ്19 വാക്സിനേഷനും രോഗ നിര്‍ണയ രീതികളും നമ്മുടെ രൂഢമൂലമായ അസമത്വങ്ങള്‍ വെളിപ്പെടുത്തി, അത് നമ്മള് മറികടക്കേണ്ടതുണ്ട്. രോഗങ്ങളില്‍ നിന്ന് ഒരു രാജ്യത്തിനുള്ള ഭീഷണി ലോകത്തിനുള്ള ഭീഷണി തന്നെയാണ്. വാക്സിനുകള്‍, രോഗ പരിശോധനകള്‍, മരുന്നുകള്‍, മറ്റ് പരിഹാരങ്ങള്‍ എന്നിവ എല്ലാ രാജ്യങ്ങള്‍ക്കും തുല്യവും സമയബന്ധിതവുമായി ലഭ്യമാക്കാന്‍ കഴിയുന്ന തത്വങ്ങളും ആഗോള സംവിധാനവും നാം അംഗീകരിക്കണം.
അത്തരമൊരു ആഗോള സംവിധാനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കണം. ആഗോള ആരോഗ്യ സംവിധാനം ഊര്‍ജ്ജസ്വലവും മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതുമാകണം. അതിനര്‍ത്ഥം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളോടും ശാസ്ത്രീയ തെളിവുകളോടും വേഗത്തില്‍ പൊരുത്തപ്പെടാന്‍ അതിന് അന്തര്‍ലീനമായ കഴിവുണ്ടാകണം. സംവിധാനത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കണം. അത് വേഗതയില്‍, താങ്ങാനാവുന്ന ചെലവില്‍ ആരോഗ്യപരിഹാരങ്ങള്‍ ലഭ്യമാക്കണം. അടുത്ത ആരോഗ്യ അടിയന്തരാവസ്ഥ സംജാതമാകുകയാണെങ്കില്‍ കാലതാമസമില്ലാതെ അത്തരമൊരു പ്ലാറ്റ്ഫോം നടപ്പിലാക്കുന്നതിനുള്ള ഒരു ഇടക്കാല സംവിധാനം നിര്‍മ്മിക്കുന്നതിന് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ മതിയായ പ്രാതിനിധ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കൂടിയാലോചന നടത്താന്‍ ജി 20ലൂടെ നമ്മള് പ്രതിജ്ഞാബദ്ധരാണ്. വികസ്വര രാജ്യങ്ങളിലെ വാക്സിനുകള്‍, ചികിത്സാ, രോഗനിര്‍ണ്ണയ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രാദേശിക ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ജി20 രാജ്യങ്ങള്‍ പ്രത്യേകം എടുത്തു പറയുന്നു. അതോടൊപ്പം ആരോഗ്യഅടിയന്തിരാവസ്ഥകളിലെ വിപണി പരാജയങ്ങള്‍ മുന്‍കൂട്ടി ഒഴിവാക്കാനും ഇതിലൂടെ കഴിയും.
ഡിജിറ്റല്‍ ആരോഗ്യം
സാര്‍വത്രിക ആരോഗ്യ സംരക്ഷണം കൈവരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ത്വരകങ്ങളില്‍ ഒന്നായി ഡിജിറ്റല്‍ ആരോഗ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. കൊവിഡ്19 കാലത്ത് പൊതുജനാരോഗ്യത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിവര്‍ത്തന സാധ്യതകള്‍ ഭാരത്തില്‍ നമ്മള് അനുഭവിച്ചറിഞ്ഞു. ഡിജിറ്റല്‍ പൊതു ആരോഗ്യ സംവിധാനങ്ങളായി വിഭാവനം ചെയ്ത കോവിന്‍, ഇ സഞ്ജീവനി തുടങ്ങിയ പ്ലാറ്റ്ഫോമുകള് വാക്സിനുകളുടെ രീതിയെ പൂര്‍ണ്ണമായും ജനാധിപത്യവല്‍ക്കരിക്കുന്ന നിര്‍ണായക മാറ്റമാണെന്ന് തെളിയിച്ചു. ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ നൂറ് കോടിയിലധികം ആളുകള്‍ക്ക് ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ എത്തിച്ചു. ഭാരതം ഇതിനകം ഒരു ദേശീയ ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് (എബിഡിഎം) സൃഷ്ടിച്ചിട്ടുണ്ട്. അത് രോഗികളെ അവരുടെ മെഡിക്കല്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാനും പ്രയോജനപ്പെടുത്താനും ഉചിതമായ ചികിത്സയും തുടര്‍നടപടികളും ഉറപ്പാക്കുന്നതിന് ആരോഗ്യ പരിരക്ഷാ ദാതാക്കളുമായി പങ്കിടാനും പ്രാപ്തരാക്കുന്നു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടെ 120ലധികം രാജ്യങ്ങള്‍ അവരുടെ ദേശീയ ഡിജിറ്റല്‍ ആരോഗ്യ നയങ്ങളോ തന്ത്രങ്ങളോ വികസിപ്പിച്ചെടുത്തത്, ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളോടുള്ള ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ താല്പര്യത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ, ഡിജിറ്റല്‍ ആരോഗ്യ സംരംഭങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ കൈമാറാന്‍, അതിനു തയ്യാറാണെങ്കിലും, ആഗോളതലത്തില്‍ രാജ്യങ്ങള്‍ക്ക് പൊതുവായ ഒരു വേദിയോ ഭാഷയോ ഉണ്ടായിരുന്നില്ല. ഡിജിറ്റല്‍ ആരോഗ്യ രംഗത്ത് ഇത്തരം പരസ്പരബന്ധിതമല്ലാത്ത സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുക എന്നതിനര്‍ത്ഥം ഓരോന്നിനും ചുറ്റും സമാന ഉല്‍പ്പന്നങ്ങളുടെ തനിപ്പകര്‍പ്പുകള്‍ ഉണ്ടെന്നാണ്. ഭാരതത്തിന്റെ ജി 20 അധ്യക്ഷതയ്ക്ക് കീഴില്‍ ഓഗസ്റ്റ് 19ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ആരോഗ്യം എന്ന ആഗോള സംരംഭം ആരംഭിച്ചതിന് ശേഷം ഇതില്‍ മാറ്റം ഉണ്ടാകാന്‍ പോകുന്നു. ഈ സംരംഭത്തിന് ജി20 രാജ്യങ്ങള്‍ നല്കിയ ഏകകണ്ഠമായ പിന്തുണ, രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാനും വിഘടിച്ച ഡിജിറ്റല്‍ ആരോഗ്യമേഖലയില്‍ നിന്ന് സംയോജിത ആഗോള ഡിജിറ്റല്‍ ആരോഗ്യ വ്യവസ്ഥയിലേക്കുള്ള ലോകത്തിന്റെ മാറ്റം ഉറപ്പാക്കുന്നതിനുമുള്ള തെളിവാണ്.
കാലാവസ്ഥാ ബോധം എല്ലാ മേഖലകളിലേക്കും കടന്നുകയറുന്നുണ്ടെങ്കിലും, മനുഷ്യന്റെയും സസ്യ ജന്തുജാലങ്ങളുടെയും ആരോഗ്യം ഉള്‍ക്കൊള്ളുന്ന ഒരു ആരോഗ്യ സംവിധാനത്തില്‍ ഉടനീളം, കാലാവസ്ഥ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ സങ്കീര്‍ണ്ണമായ ബന്ധം ഇതുവരെ പൂര്‍ണ്ണമായി അനാവരണം ചെയ്യപ്പെട്ടിട്ടില്ല. ജി20 ലൂടെ ഈ അദൃശ്യ കണ്ണികള്‍ അനാവരണം ചെയ്യേണ്ടതിന്റെ ആവശ്യകത ഭാരത്തിന്റെ അധ്യക്ഷതയ്ക്ക് കീഴില്‍ ആദ്യമായി അംഗീകരിച്ചു. അതുവഴി നമുക്ക് പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം.
പരമ്പരാഗത വൈദ്യശാസ്ത്രം
സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന സംയോജിത വൈദ്യശാസ്ത്രത്തെ ചുറ്റിപ്പറ്റിയുള്ള വിപ്ലവം ലോകമെമ്പാടും ശക്തമായി നിലകൊള്ളുന്ന ഒരു സമയത്ത്, പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയുടെ പ്രയോജനങ്ങള്‍ മനുഷ്യരാശിക്ക് നല്‍കുകയും ചെയ്യേണ്ടത് ജി 20 പോലുള്ള ആഗോള സംവിധാനത്തിലൂടെ നമ്മുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ വര്‍ഷം, പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ജാംനഗറില്‍ ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ആഗോള കേന്ദ്രം ഉദ്ഘാടനം ചെയ്യുകയും ലോകത്തിന് നമ്മുടെ പുരാതന ആരോഗ്യ ജ്ഞാനത്തിന്റെ വാതിലുകള്‍ തുറന്നു നല്‍കുകയും ചെയ്തു. ആരോഗ്യരംഗത്ത് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗതവും പരസ്പര പൂരകവുമായ നമ്മുടെ വൈദ്യശാസ്ത്രത്തിന്റെ സാധ്യത തിരിച്ചറിഞ്ഞുകൊണ്ട് ജി20ല്‍ ഞങ്ങള്‍ ആ പൈതൃകം മുന്നോട്ട് കൊണ്ടുപോകുകയാണ്. ‘ആരോഗ്യം പരമം ഭാഗ്യം, സ്വാസ്ഥ്യ സര്‍വാര്‍ത്ഥ സാധനം’ എന്ന് കാലാതീതമായ ഒരു ശ്ലോകം പറയുന്നു. അതായത് ‘രോഗങ്ങളില്‍ നിന്നുള്ള മോചനമാണ് ആത്യന്തിക ലാഭം, നല്ല ആരോഗ്യമാണ് മറ്റെല്ലാ സമ്പത്തും നേടുന്നതിനുള്ള അടിസ്ഥാനം’. മഹാമാരിയില്‍ നിന്നുള്ള അനുഭവത്തിന് ശേഷം, പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്ന് ജി20യില്‍ നമ്മള് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: