ന്യൂദല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച കോണ്‍ഗ്രസ് നേതാവ് സോണിയയ്ക്ക് മറുപടിയുമായി കേന്ദ്ര പാ
ര്ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി. സോണിയക്ക് ഒരുപക്ഷേ കീഴ്വഴക്കങ്ങളെക്കുറിച്ച് ധാരണയുണ്ടാവില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് സമ്മേളനം വിളിച്ചതെന്നും പ്രഹ്ലാദ് ജോഷി തുറന്നടിച്ചു. കീഴ്വഴക്കം അനുസരിച്ചാണ് സഭാ സമ്മേളനം വിളിച്ചുകൂട്ടുന്നത്. നിങ്ങള്‍ ഒരുപക്ഷേ അതു ശ്രദ്ധിക്കുന്നുണ്ടാവില്ല. സമ്മേളനത്തിനുമുമ്പ് രാഷ്ട്രീയപാര്‍ട്ടികളുമായി ഒന്നുംചര്ച്ച ചെയ്യാറില്ല. സമ്മേളനം
ആരംഭിച്ചശേഷം എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും മുമ്പാകെയാണ് വിഷയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നത്. മുന്‍ സര്‍ക്കാരുകള്‍ ചെയ്തിരുന്നതും ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഹ്ലാദ് ജോഷിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് രംഗത്തെത്തി. മുന്‍കാലങ്ങളിലെ എല്ലാ പ്രത്യേക സമ്മേളനത്തിന്റെയും അജണ്ട മുന്‍കൂട്ടി അറിയാമായിരുന്നെന്നും പാര്‍ലമെന്റ് സമ്മേളനങ്ങളെ വളച്ചൊടിക്കുന്നത് മോദി സര്‍ക്കാര്‍ മാത്രമാണെന്നും ജയറാം രമേശ് ആരോപിച്ചു.
എന്നാല്‍ ജയറാം രമേഷ് പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരിച്ചടിച്ചു.
പാര്‍ലമെന്റിനെയും അതിന്റെ നടപടിക്രമങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയേണ്ടത് നിര്‍ണായകമാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. 2017 ജൂണ്‍ 30ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ജിഎസ്ടി പ്രഖ്യാപനത്തിനുവേണ്ടി ചേര്‍ന്ന സമ്മേളനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 85 പ്രകാരമുള്ള സമ്മേളനമായിരുന്നില്ല. ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2019 നവംബര്‍ 26ന് സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 85 പ്രകാരമുള്ള സമ്മേളനമായിരുന്നില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 85 പ്രകാരമുള്ള പാര്‍ലമെന്റിന്റെ സമ്മേളനം കൃത്യമായി നടക്കുമെന്നും അജണ്ട അറിയിക്കുമെന്നും ജോഷി വ്യക്തമാക്കി.
ആഘോഷ പരിപാടികളും ഔപചാരികമായ പാര്‍ലമെന്റ് സമ്മേളനങ്ങളും തമ്മില്‍ വേര്‍തിരിക്കേണ്ടത് പ്രധാനമാണെന്ന് ജോഷി പറഞ്ഞു. നമ്മുടെ ജനാധിപത്യ പ്രക്രിയകളുടെ സമഗ്രത നിലനിര്‍ത്തുന്നതില്‍ കൃത്യമായ വിവരങ്ങള്‍ പ്രധാനമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കുന്നത് ജനാധിപത്യത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാലും, ഇതിനെ എതിര്‍ക്കുന്ന നിര്‍ബന്ധിത വൈരുദ്ധ്യവാദികളുടെ ഒരു ലോബിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നടപടിയെ ജോഷി രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനും വളച്ചൊടിക്കുന്നതിനും പേരുകേട്ടത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ജനങ്ങള്‍ അടിയന്തരാവസ്ഥ അനുഭവിച്ചു. ജനങ്ങളുടെ അവകാശങ്ങള്‍ ഒരു സര്‍ക്കാര്‍ എങ്ങനെ തടസ്സപ്പെടുത്തിയെന്ന് കണ്ടു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗം ചെയ്ത് നിരവധി തവണ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: