ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ലഘുലേഖകള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ‘ഭാരത്- ദി മദര്‍ ഓഫ് ഡെമോക്രസി’, ‘ഇലക്ഷന്‍സ് ഇന്‍ ഇന്ത്യ’ എന്നീ പേരുകളില്‍ രണ്ട് ലഘുലേഖകളാണ് പുറത്തിറക്കിയത്.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യും. ലഘുലേഖകളുടെ ഇ-പതിപ്പ് ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
6000 ബിസി മുതലുള്ള രാജ്യത്തിന്റെ ചരിത്രം ഈ ലഘുലേഖകളില്‍ വിശദീകരിക്കുന്നു. ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം എന്നിവയെപ്പറ്റിയും ഛത്രപതി ശിവാജി ഉള്‍പ്പെടെയുള്ള ചക്രവര്‍ത്തിമാരെക്കുറിച്ചും പൊതുതെരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെക്കുറിച്ചും ലഘുലേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഭാരത് – ദി മദര്‍ ഓഫ് ഡെമോക്രസി (ഭാരതം – ജനാധിപത്യത്തിന്റെ മാതാവ്) എന്ന ലഘുലേഖയ്ക്ക് 26 പേജുകളുണ്ട്. പുരാതന കാലം മുതല്‍ ഇന്നുവരെയുള്ള ഭാരതത്തിന്റെ ജനാധിപത്യ ധാര്‍മ്മികത, മതങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉദാഹരണങ്ങളിലൂടെ വിശദമാക്കുന്നു.
ഭാരതത്തില്‍, അതായത് ഇന്ത്യയില്‍, ഭരണത്തില്‍ ആളുകളുടെ സമ്മതം ഉണ്ടായിരിക്കുക എന്നത് രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്റെ തുടക്കം മുതല്‍ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ ധാര്‍മ്മികതയനുസരിച്ച് ജനാധിപത്യത്തില്‍ ഐക്യം, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഒന്നിലധികം ചിന്തകള്‍ മുന്നോട്ട് കൊണ്ടുപോകാനുളള സ്വാതന്ത്ര്യം, സ്വീകാര്യത, സമത്വം, ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഭരണം തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം പൗരന്മാരെ മാന്യമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നു എന്ന് ലഘുലേഖയില്‍ പറയുന്നു.
ആത്മവിശ്വാസം, സ്വാതന്ത്ര്യം, വിമോചനം എന്നിവയുടെ പ്രതീകമായി, സിന്ധു -സരസ്വതി നദീതട സംസ്കാരത്തില്‍ നിന്നുള്ള നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ 5,000 വര്‍ഷം പഴക്കമുള്ള വെങ്കല പ്രതിമയുടെ ചിത്രം ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഋക് വേദത്തില്‍ നിന്നുള്ള ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ ലഘുലേഖയില്‍ രാമായണത്തിലെയും മഹാഭാരതത്തിലേയും ജനാധിപത്യ തത്ത്വങ്ങളെപറ്റിയും പ്രതിപാദിക്കുന്നുണ്ട്.
മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടെയും അംഗീകാരം വാങ്ങിയാണ് ദശരഥന് ശ്രീരാമനെ രാജാവായി തെരഞ്ഞെടുത്തതെന്ന് ലഘുലേഖ പറയുന്നു. മഹാഭാരതത്തില്‍ മരണശയ്യയിലായ ഭീഷ്മര്‍ യുധിഷ്ഠിരന് സദ്ഭരണത്തിന്റെ ധര്‍മ്മസിദ്ധാന്തങ്ങള്‍ പറഞ്ഞു കൊടുത്തതായി ലഘുലേഖയിലുണ്ട്. ഇത് ജനങ്ങളുടെ സമൃദ്ധിയും സന്തോഷവും സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.
അശോകന്, ചന്ദ്രഗുപ്ത മൗര്യന്, കൃഷ്ണദേവരായര്‍, ഛത്രപതി ശിവാജി എന്നിവരുള്‍പ്പെടെ നിരവധി രാജാക്കന്മാരുടെ ഭരണകാലം, അര്‍ത്ഥശാസ്ത്രവും അതിന്റെ പ്രയോഗങ്ങളും തുടങ്ങിയവും ലഘുലേഖ ചര്‍ച്ച ചെയ്യുന്നു. തുടര്‍ന്ന് ഭരണഘടനയെക്കുറിച്ചും അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പറയുന്നു. നമ്മുടെ ചരിത്രത്തില്‍ നിന്നുളള മുന്‍കാല ജനാധിപത്യ മാതൃകകള്‍ നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ഭരണഘടന ഒരു ആധുനിക, ജനാധിപത്യ റിപ്പബ്ലിക്കിന്റെ രൂപരേഖ നല്‍കുന്നുവെന്നും വ്യക്തമാക്കുന്നു.
‘ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍’ എന്ന ലഘുലേഖയില്‍ 15 പേജുകളാണുള്ളത്. 1952ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 2019 വരെ നടന്ന പൊതുതെരഞ്ഞെടുപ്പുകളുടെ ചരിത്രം വിശദമാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം, വോട്ടര്‍മാരുടെ എണ്ണം, സ്ത്രീകളുടെ പങ്കാളിത്തം, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് രൂപീകരണം തുടങ്ങി ഓരോ തെരഞ്ഞെടുപ്പുകളിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: