ന്യൂദല്‍ഹി : ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളരെക്കാലമായി ശക്തമാണെന്നും സംഘര്‍ഷങ്ങളുടെയും പോരാട്ടങ്ങളുടെയും ആഘാതം ലോകം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ മാസം 9 മുതല്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി, ഭൗമ-രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, വിശ്വസനീയമായ ആഗോള സ്ഥാപനങ്ങളുടെ ആവശ്യകത, സാമ്പത്തികമായി നിരുത്തരവാദപരമായ നയങ്ങളില്‍ നിന്നുള്ള അപകടങ്ങള്‍ എന്നിവ സംബന്ധിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യത്ത് എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം,എല്ലാവരുടെയും പരിശ്രമം എന്ന സമീപനമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മോദി പറഞ്ഞു.രാജ്യത്തെ ഒരുമിപ്പിക്കുന്നതിലും പുരോഗതി നേടുന്നതിനും വളര്‍ച്ചയുടെ ഫലങ്ങള്‍ എല്ലായിടത്തും എത്തിക്കുന്നതിനും ഇത് ഫലവത്തായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി 20 ഉച്ചകോടിക്കായുള്ള ഇന്ത്യയുടെ സന്ദേശം ‘വസുധൈവ കുടുംബകം എന്നാണ്. ഇത് ജി 20യിലെ ഇന്ത്യയുടെ അധ്യക്ഷ പദവിക്ക് അനുയോജ്യമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഗ്രഹം മുഴുവന്‍ ഒരു കുടുംബം പോലെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏതൊരു കുടുംബത്തിലും ഓരോ അംഗത്തിന്റെയും ഭാവി മറ്റെല്ലാ അംഗങ്ങളുടെയും ഭാവിയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. അതിനാല്‍, നാം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ആരെയും പിന്നിലാക്കാതെ ഞങ്ങള്‍ ഒരുമിച്ച് മുന്നേറുന്നു. ജി 20 ന് ഇന്ത്യ അജണ്ട അവതരിപ്പിച്ചപ്പോള്‍ അത് സാര്‍വത്രികമായി സ്വാഗതം ചെയ്യപ്പെട്ടു. കാരണം ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നതിന് ഇന്ത്യ സജീവവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കുമെന്ന് എല്ലാവര്ക്കും അറിയാമായിരുന്നുവെന്ന് മോദി എടുത്തുപറഞ്ഞു. ജി 20 അധ്യക്ഷ പദവി വഹിക്കെ രാജ്യങ്ങളെ അവരുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ജൈവ ഇന്ധന സഖ്യം ആവിഷ്കരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രകൃതി സൗഹൃദമായി ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് രാജ്യങ്ങളെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: