തിരുവനന്തപുരം: മഞ്ഞ പട്ടുടുത്ത മയില്‍പ്പീലി ചൂടിയ നൂറു കണക്കിന് ഉണ്ണികണ്ണന്മാര് കൈകളില്‍ ഓടക്കുഴലുമായി വീഥികളില്‍ പിച്ചവെച്ചു. ശ്രീകൃഷ്ണ നാമജപങ്ങളുടെ അകമ്പടിയോടെ ഭജനസംഘങ്ങള്‍, പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര ഒരിക്കല്‍ കൂടി അന്തനന്തപുരിയെ അമ്പാടിയാക്കി. ഭക്തിയും വിശ്വാസവും കാഴ്ചയും സംഘടനാ ശക്തിയും എല്ലാത്തിന്റേരയും നേര്‍ക്കാഴ്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നതായിരുന്നു ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം.
ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ നഗരം കൃഷ്ണമയമായി. അരയില്‍ കിങ്ങിണി കെട്ടിയ ബാല്യങ്ങള്‍ നഗരത്തിലേക്ക് ഒഴുകി. രാധാ ഗോപികാമാര്‍, കുചേലന്മാര്, വിവിധ ദേവ സങ്കല്പങ്ങള് തുടങ്ങിയ വേഷം ധരിച്ച ബാലികാബാലന്മാരും നഗരത്തിന്റെ സൗന്ദര്യമായി.
വിവിധ സ്ഥലലങ്ങളിലെ ബാലഗോകുലങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ മ്യൂസിയം, മസ്ക്കറ്റ് ഹോട്ടല്‍, എല്‍എംഎസ്, ബേക്കറി, ജനറല്‍ ആശുപത്രി തുടങ്ങി നഗരത്തിലെ പത്തു കേന്ദ്രങ്ങളില്‍ ഒത്തു കൂടി ഉപശോഭായാത്രയായി പാളയത്തേക്ക്. ചെറു ശോഭായാത്രകള്‍ പാളയം ഗണപതി ക്ഷേത്രത്തിനുമുന്നില്‍ സംഗമിച്ചു.
സംഗമ ശോഭായാത്ര ഡോ. ബി. ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്കി. കൃഷ്ണ സങ്കല്പത്തിന്റെയും ജീവിത ദര്‍ശനത്തിന്റെയും ധാര്‍മ്മിക മൂല്യ ഭാവങ്ങളെ ആധുനിക ജീവിതത്തില്‍ ആവിഷ്കരിക്കാനുള്ള സര്‍ഗ്ഗാത്മക ഇടപെടലാണ് ബാലഗോകുലം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അമ്പാടിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും ജീവന രസമായി ഒഴുകിയ കാളിന്ദിയെ വിഷലിപ്തമാക്കി നശിപ്പിക്കാന്‍ ശ്രമിച്ച കാളിയനെപ്പോലെ വര്‍ത്തമാനകാലത്തും അധികാരത്തിന്റെയും, പണാധിപത്യത്തിന്റെയും പിന്‍ബലത്തില്‍ മാരക മയക്കുമരുന്നു ലോബികള്‍ ജീവിതത്തിന്റെ പുതുനാമ്പുകളില്‍ നിഷ്കളങ്കബാല്യത്തില്‍ സര്‍വ്വനാശത്തിന്റെ വിഷംതളിക്കുകയാണ്.
ഈ പ്രതി സന്ധിയില്‍ കൃഷ്ണാവബോധത്തിന്റെ ധാര്‍മിക മൂല്യങ്ങളാല്‍ അതിജീവനത്തിന്റെ അമൃത് കുട്ടികളിലേയ്ക്ക്പകര്‍ന്നു നല്കാന് കഴിയേണ്ടതുണ്ട്. സജികുമാര്‍ പറഞ്ഞു. നര്‍ത്തകി ഗായത്രി സുബ്രഹ്മണ്യം പങ്കെടുത്തു.
മഹാശോഭായാത്ര എംജി റോഡ് വഴി അനന്തപത്മനാഭ സന്നിധിയിലൂടെ മഹാ ആരതിയോടെ പഴവങ്ങാടി ഗണപതി സന്നിധിയില്‍ സമാപിച്ചു.. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് വക അവല്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി വിതരണം ചെയ്തു.
സ്വാഗതസംഘം ഭാരവാഹികളായ ചെങ്കല്‍ രാജശേഖരന് നായര്‍, കെ ജയകുമാര്‍, എം ഗോപാല്‍, പ്രൊഫ ടി എസ് രാജന്, സി എം ഹേമചന്ദ്രന്, കെ സുനില്‍, എസ് രാജീവ്, കെ എസ് ഷാജി, പി സുധാകരന്, കെ രാജശേഖരന്, എം മഹേശ്വരന്, കെ കെ ഹരിഹരന്, പി. രാജശേഖരന്, അപര്‍ണ്ണ ആര് പി, അഡ്വ അഞ്ജന, സുരേഷ്, റ്റി നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: