ന്യൂഡൽഹി: ജി20 ഉച്ചകോടി നടക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷാ വലയത്തിൽ രാജ്യതലസ്ഥാനം. ഉച്ചകോടിയോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സൽ നടപടി ക്രമങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച നഗരം കർശന നിയന്ത്രണങ്ങളിലായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കര മുതൽ ആകാശം വരെ നീളുന്ന സുരക്ഷാ ക്രമീകരണമാണ് സജ്ജമാക്കിയിരിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമാകാൻ തലസ്ഥാനത്തെത്തുന്ന രാഷ്ട്രത്തലവന്മാരുടെ സുരക്ഷയ്ക്കായി ഡൽഹി പോലീസ് മുതൽ എസ്പിജി വരെ ഇവിടെ സജ്ജമായി കഴിഞ്ഞു.
അതേസമയം ജി20 രാഷ്ട്രത്തലവന്മാർക്കും ഇവരെ അനുഗമിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആവശ്യമായ ഹോട്ടലുകൾ ഉൾപ്പെടെ ഒരുങ്ങി കഴിഞ്ഞു. 30-ലധികം ഹോട്ടലുകളാണ് ഇവിടെ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഉച്ചകോടിയ്ക്ക് മുന്നോടിയായി നഗരത്തിലെ എല്ലാ മേഖലകളും തന്നെ ശക്തമായ നിരീക്ഷണത്തിലാണ്.
1,30,000 ഉദ്യോഗസ്ഥരെയാണ് സുരക്ഷയുടെ ഭാഗമായി ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഇതിൽ 80,000 പോലീസുകാർ ഡൽഹിയിൽ തന്നെയുള്ളവരാണ്. ഇതിനൊപ്പം സൈന്യത്തെയും കേന്ദ്ര സേനയേയും കൂടിയാണ് വിന്യസിച്ചിരിക്കുന്നത്. ഉച്ചകോടിയോടനുബന്ധിച്ച് ഈ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ശക്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾക്ക് മാത്രമാണ് അനുമതി ലഭിക്കുക. ഇതിനോടകം തന്നെ നഗരത്തിൽ ആന്റി ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകളുടെ എയർ പട്രോളിംഗും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: