ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം അറിയിച്ചു. ജന്മാഷ്ടമി ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനത്തിന് അവസരം ലഭ്യമാക്കാന്‍ സാധ്യമായ നടപടികള്‍ ദേവസ്വം ഭരണസമിതി സ്വീകരിച്ചിട്ടുണ്ട്. ഈ ദിവസം വി.ഐ.പി., സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സീനിയര്‍ സിറ്റിസണ്‍, പ്രാദേശികം എന്നിവര്‍ക്കുള്ള ദര്‍ശന സമയം രാവിലെ നാലിന് തുടങ്ങി അഞ്ചുമണിയ്ക്ക് അവസാനിപ്പിയ്ക്കും. ബാക്കി നേരം പൊതു വരിസംവിധാനം മാത്രമാകും. ക്ഷേത്ര ദര്‍ശനത്തിനുള്ള ക്യൂ, നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനില്‍ക്കാന്‍ സൗകര്യം ഒരുക്കും. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ ദര്‍ശനവും അന്നേ ദിവസം ഉണ്ടാകില്ല.
അഷ്ടമിരോഹിണി നാളില്‍ നിര്‍മ്മാല്യ ദര്‍ശനത്തിനുള്ള ക്യൂ നേരെ ക്ഷേത്രത്തിലേക്ക് വിടും. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ദര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍, ശയന പ്രദക്ഷിണം, ചുറ്റമ്പല പ്രദക്ഷിണം എന്നിവ അനുവദിയ്ക്കില്ല. അഷ്ടമിരോഹിണി ദിനത്തില്‍ രാവിലെയുള്ള വിശേഷാല്‍ കാഴ്ചശീവേലിക്കും, രാത്രി വിളക്ക് എഴുന്നെള്ളിപ്പിനും തിരുവല്ല രാധാകൃഷ്ണനും സംഘവും മേളം ഒരുക്കും.
ഉച്ചയ്ക്ക് പഞ്ചവാദ്യത്തിന് തിമിലയില്‍ കരിയന്നൂര്‍ നാരായണന് നമ്പൂതിരിയും, സംഘവും, മദ്ദളത്തില്‍ കലാമണ്ഡലം നടരാജ വാരിയരും, സംഘവും ഇടയ്ക്കയില്‍ കടവല്ലൂര്‍ മോഹന മാരാരും സംഘവും, കൊമ്പില്‍ മച്ചാട് രാമചന്ദ്രനും സംഘവും, ഇലത്താളത്തില്‍ പാഞ്ഞാള്‍ വേലുക്കുട്ടിയും സംഘവും അണിനിരക്കും. സന്ധ്യയ്ക്ക് മഞ്ചേരി ഹരിദാസും, സംഘവും ഒരുക്കുന്ന സന്ധ്യാതായമ്പകയും നടക്കും.
അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകളുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 6.63 ലക്ഷം രൂപയാണ് അപ്പം എസ്റ്റിമേറ്റ് തുക. ഒരു രശീതിന് 32 രൂപയാണ് നിരക്ക്. ഒരാള്‍ക്ക് പരമാവധി 480 യുടെ അപ്പം ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും, വിതരണവും. ചെക്കോ, ഡിമാന്റ് ഡ്രാഫ്റ്റോ സ്വീകരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: