കൊച്ചി: കരുവന്നൂര്‍ ബാങ്കില്‍ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ ബെനാമിയെന്നു കരുതുന്ന സതീഷ്കുമാര്‍, ഇടനിലക്കാരന് പി.പി.കിരണ്‍ എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.
്. ഇരുവര്‍ക്കും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും സതീഷ് കുമാര്‍ പ്രധാന പ്രതിയാണെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. കിരണ്‍ കുമാര്‍ പല പേരുകളിലായി 14 കോടി രൂപയാണ് തട്ടിയെടുത്തത്. കിരണ്‍ തട്ടിയെടുത്ത ലോണ്‍ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നതെന്നും ഇഡി കണ്ടെത്തി. തുടര്‍ച്ചയായി 3 ദിവസം ചോദ്യംചെയ്ത ശേഷമാണു ഇന്നലെ രാത്രി 10 മണിയോടെ സതീഷ്കുമാര്‍, കിരണ്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
കേസില്‍ മുന്‍മന്ത്രി എ.സി.മൊയ്തീന് എംഎല്‍എ ഇന്നലെയും ഹാജരായില്ല.മൊയ്തീന് എതിരെ നിയമനടപടി ശക്തമാക്കാന്‍ ഇ.ഡി. നിയമോപദേശം തേടി. 14നു ഹാജരാകാം എന്നാണു മൊയ്തീന് അറിയിച്ചതെങ്കിലും കുടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഇ.ഡി. മൊയ്തീന് നിയമസഭാ കമ്മറ്റിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തി. ഇ.ഡി നോട്ടീസ് നല്കി ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീന് ഹാജരാകാതെ വിട്ടു നില്‍ക്കുന്നത്.
മൊയ്തീനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന സിപിഎം ജില്ലാ നേതാവായ സി.കെ.ചന്ദ്രന്, ബിജു കരിം എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തു. 300 കോടി രൂപയുടെ വായ്പത്തട്ടിപ്പില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതോടെയാണ് ഇ.ഡിയും സമാന്തര അന്വേഷണം തുടങ്ങിയത്.നിക്ഷേപകര്‍ അറിയാതെ അവരുടെ പേരില്‍ കോടികളുടെ ബെനാമി വായ്പ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന ആരോപണത്തിനു പുറമേ വന്‍തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന രഹസ്യവിവരം കൂടി ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി. പരിശോധനകളും തെളിവു ശേഖരണവും ഊര്‍ജിതമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: