കൊല്‍ക്കത്ത: സനാതന ധര്‍മ്മത്തെ ബഹുമാനിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സ്വത്വമെന്നും അവര്‍ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയുടെ മകന് ഉദയ് നിധി സ്റ്റാലിന്റെ പരാമര്‍ശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് അപലപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷയുടെ പ്രതികരണം.
” ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം നിര്‍ഭാഗ്യകരമാണ്. ഇത് ഐ എന്‍ ഡി ഐ എ സഖ്യവുമായി ബന്ധപ്പെട്ടതല്ല. ഉദയനിധിയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു. അദ്ദേഹം അഭിപ്രായം മാറ്റണം,- ”മമത വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
”ഞാന്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കുന്നു. ഋഗ്വേദം നമുക്കറിയാം, അഥര്‍വ്വവേദം അതില്‍ നിന്നാണ് ഉത്ഭവിച്ചത്. ഒരുപാട് വൈദികര്‍ക്ക് എന്റെ സര്‍ക്കാര്‍ പെന്ഷന് നല്‍കുന്നുണ്ട്- ”മമത കൂട്ടിച്ചേര്‍ത്തു.
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമര്‍ശം വന്‍ രാഷ്ട്രീയ ചേരിതിരിവിന് കാരണമായിരിക്കുകയാണ്. പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ ഐ എന്‍ ഡി ഐ എ ഹിന്ദുമതത്തെ അപമാനിച്ചെന്ന് ബി ജെ പി ആരോപിച്ചു.
ഐ എന്‍ ഡി എക്കെതിരെ ബിജെപി ആക്രമണം രൂക്ഷമായതോടെ, തങ്ങള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുളള നിലപാടിലാണ് കോണ്‍ഗ്രസ്.ഐ എന്‍ ഡി എ സഖ്യത്തിലെ അംഗങ്ങള്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: