സിദ്ധപുരുഷന്മാരുടെ ശരീരം സൂക്ഷ്മമായതുകൊണ്ട് അവര്‍ക്ക് ആകാശഗമനത്തിനുള്ള സിദ്ധി ഉണ്ട്. അവര്‍ക്ക് ഇഷ്ടാനുസരണം ഏതെങ്കിലും ഒരു പ്രദേശത്തോ സ്ഥലത്തോ ഉടന്‍ എത്തിച്ചേരാന്‍ സാധിക്കും. പക്ഷെ ശലഭങ്ങളെപോലെ പറന്നു നടക്കുന്നില്ല. ഏതെങ്കിലും അനുയോജ്യമായ സ്ഥാനം അല്ലെങ്കില്‍ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നു. അവിടെ അവര്‍ ശക്തിസഞ്ചയത്തിനുവേണ്ടി തപസ്സുചെയ്യുന്നു. അത് സ്ഥൂലശരീരധാരികളുടെ വിധിവിധാനത്തില് നിന്ന് എല്ലാം കൊണ്ടും ഭിന്നമായിരിക്കും. സൂക്ഷ്മശരീരത്തില്‍ തന്മാത്രകള് ചേര്‍ന്നിരിക്കുന്നു. ശബ്ദം, രൂപം, രസം, ഗന്ധം, സ്പര്‍ശം എന്നിവയില്‍ സൂക്ഷ്മശരീരത്തിനും ആസക്തി ഉണ്ടായിരിക്കും. ഈ ആഗ്രഹങ്ങള്‍ കാലക്രമേണ ബന്ധനങ്ങളില്‍ ബന്ധിക്കുന്നു. വിശാലതയെ സങ്കുചിതമാക്കുന്നു. അതുകൊണ്ട് എപ്രകാരമാണോ സ്ഥൂലശരീരത്തില്‍ വാസന തൃഷ്ണയുടെ, ലോഭമോഹത്തിന്റെ ബന്ധനങ്ങള്‍ ഖണ്ഡിക്കുന്നത് അതുപോലെ സൂക്ഷ്മശരീരത്തിലുള്ള വികാരങ്ങളെയും മാറ്റിയെടുക്കേണ്ടതായിട്ടുണ്ട്. ഇവ ഉയര്ന്നതലത്തിലേക്കെത്തുവാന് വ്യക്തിത്വത്തെ അനുവദിക്കുകയില്ല. അതുപോലെ സൂക്ഷ്മശരീരധാരികളെ തന്മാത്രകളുടെ ബന്ധനം വരിഞ്ഞു മുറുക്കുന്നു. ഉയര്‍ന്ന ആത്മീയസ്ഥിതിയിലേക്കു മുന്നേറുവാന്‍ അനുവദിക്കുന്നില്ല. ഏകാഗ്രതയെ ചഞ്ചലതയിലേക്കു മാറ്റുന്നു. ഇങ്ങനെയുള്ള അവസ്ഥയില്‍ അവര്‍ക്കു ദേവാത്മാവിന്റെ സ്ഥിതിയിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കുകയില്ല. അതുകൊണ്ട് അപൂര്‍ണ്ണതകളെ പൂര്‍ണ്ണതിയിലേക്ക് വികസിപ്പിക്കുവാന്‍ അവര്‍ക്ക് തപസ്സിനെ ആശ്രയിക്കേണ്ടിവരുന്നു. അതുകൊണ്ട് അവര്‍ക്കും സാധനചെയ്യുവാന് ഉപയുക്തമായ സ്ഥാനം തെരഞ്ഞെടുക്കേണ്ടിവരുന്നു.
സ്ഥാനം തെരഞ്ഞെടുക്കുന്നതില്‍ അവര്‍ക്കു രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതില്‍ ഒന്ന് കോലാഹലമില്ലാത്ത സ്ഥലമായിരിക്കണം. പ്രകൃതിയുടെ സ്വാഭാവികമായ ഏകാന്തതക്ക് ഒരു കാരണവശാലും തടസ്സം വരാത്തതും ആയിരിക്കണം. രണ്ടാമതായിട്ട് സൂക്ഷ്മശരീരത്തിന് സ്ഥൂലരൂപം കൊടുക്കേണ്ടി വരുമ്പോള്‍ അവര്‍ക്ക് ആവശ്യത്തിനുള്ള ചൂടും ഭക്ഷണവും ലഭ്യമാക്കണം. ഇതിന് ഗുഹകള്‍ ഉപയോഗപ്രദമാണ്. അവ പര്‍വതങ്ങള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്നു. അവയില്‍ പലതിലും സൂക്ഷ്മശരീരധാരികള് മാത്രമല്ല, സ്ഥൂലശരീരധാരികളായ പ്രാണികള്‍ക്കു ശീതകാലത്തു നിദ്രാവസ്ഥയില്‍ കഴിഞ്ഞു കൂടുവാന്‍ സാധിക്കുന്നു. കല്ലുകളില്‍ ചിലതിനെ പരസ്പരം ഉരുക്കുകയോ കൂട്ടിയടിക്കുകയോ ചെയ്യുമ്പോള്‍ അഗ്നി പ്രകടമാക്കാന്‍ സാധിക്കുന്നു. ഗുഹകളില്‍ പായലും പുല്ലും ചേര്‍ന്നുള്ള ഒരു സസ്യവര്‍ഗ്ഗവും കാണപ്പെടുന്നു. അതിനെ ഭക്ഷണം പോലെ ഉപയോഗിക്കാവുന്നതാണ്. ഗുഹകളില്‍ തണുപ്പ് അധികം ഇല്ലാത്തതുകൊണ്ട് വസ്ത്രങ്ങള്‍ ഇല്ലാതെയും കഴിയാവുന്നതാണ്. അല്ലെങ്കില്‍ ആ കാര്യം ഭോജപത്രം പോലെയുള്ള വൃക്ഷത്തിന്റെ മൃദുലമായ മരവുരികൊണ്ടും സാധിക്കാവുന്നതാണ്. തന്റെ സഹപ്രവര്‍ത്തകരുമായി ഇടപെടേണ്ടിവരുമ്പോള്‍ അതിനു ആവശ്യമായ സ്ഥൂലത സ്വീകരിക്കേണ്ടിവരുന്നതിനാലാണ് അവര്‍ക്ക് ഇങ്ങനെയുള്ള സൗകര്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. പ്രത്യക്ഷശരീരം ധരിക്കുമ്പോള്‍ അതിന്റെ നിര്‍വ്വഹണത്തിനുള്ള സാമഗ്രികള്‍ ലഭിക്കണമല്ലോ. സ്ഥൂലശരീരത്തില്‍ ഏതൊരു സ്ഥലത്താണോ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നത് അവിടെ സൂക്ഷ്മസ്ഥിതിയില്‍ നിലകൊള്ളുക കൂടുതല്‍ സുഗമമായിരിക്കണം.
കുറെക്കാലം മുമ്പ് ദേവാത്മാ ഹിമാലയത്തിലെ ഗതാഗതമുള്ള സ്ഥലങ്ങളുടെ സമീപമുള്ള ഗുഹകളില്‍ ഇങ്ങനെയുള്ള ആത്മാക്കള്‍ താമസിച്ചിരുന്നു. അപ്പോള്‍ യാത്രക്കാരുടെ തിരക്ക് ഉണ്ടായിരുന്നില്ല. വഴികള്‍ പ്രാകൃതവും അഗമ്യവും ആയിരുന്നു. അതുകൊണ്ട് ദുസ്സാഹസികളായ ആത്മബലശാലികള് മാത്രമെ അപായം നിറഞ്ഞ യാത്രക്ക് ഒരുമ്പെട്ടിരുന്നുള്ളൂ. പക്ഷെ ഇപ്പോള്‍ ഒട്ടും തന്നെ അങ്ങനെയല്ല. താമസസ്ഥലങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. വഴികള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. വാഹനങ്ങള്‍ ഓടുന്നുണ്ട്. യാത്രക്കാരുടെ സംഖ്യ ഓരോ വര്‍ഷവും പലമടങ്ങ് കൂടികൊണ്ടിരിക്കുന്നുണ്ട്. ഈ വക കാരണങ്ങള്‍ കൊണ്ട് കോലാഹലം വര്‍ദ്ധിക്കുന്നുണ്ട്. കൂടാതെ സാധാരണതലത്തിലുള്ള ആളുകളുടെ ചിന്തയും സ്വഭാവവും ആ സ്ഥലത്ത് പ്രഭാവം ചെലുത്തുന്നുണ്ട്. സാധനാനിരതരായിരിക്കുന്ന സിദ്ധപുരുഷന്മാര്‍ക്ക് അവിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു. അതിന്റെ ഫലമായി അവര്‍ ഈ സ്ഥലങ്ങള്‍ വിട്ട് നിബിഡമായ വനങ്ങളില്‍ ഉയര്‍ന്ന പര്‍വ്വതങ്ങളിലേക്ക് ജനസമൂഹം മൂലം ഉണ്ടാകുന്ന അസൗകര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി പോകുന്നു. അവര്‍ അവിടെ ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ അന്വേഷകര്‍ക്കു കഷ്ടപ്പാടുകള്‍ സഹിച്ചു ദുര്ഗ്ഗമസ്ഥലങ്ങളില് എത്തേണ്ടിവരും. ഈ കാരണം കൊണ്ട് ഇപ്പോള്‍ എളുപ്പത്തില്‍ എത്തിച്ചേര്‍ന്ന് സിദ്ധപുരുഷന്മാരുമായി സമ്പര്‍ക്കം സ്ഥാപിക്കാനുള്ള സ്ഥലദൈര്‍ഘ്യം വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. അന്വേഷികളായ ആളുകളും ജീവശക്തിപരമായും തിതീക്ഷപരമായും വളരെ ദുര്‍ബലരായിട്ടുണ്ട്. ഭൗതികലാഭത്തിന് സിദ്ധപുരുഷന്മാരുമായുള്ള സമ്പര്‍ക്കം കാര്യമായ പ്രയോജനം ഒന്നും ചെയ്യുന്നില്ല. ആത്മീയ ഉയര്ച്ചക്കുള്ള അഭിലാഷം ഇപ്പോള്‍ വളരെ ചുരുക്കം ചിലരില്‍ മാത്രമെ കാണുന്നുള്ളു. ഈ വഴിക്ക് അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആധാരം തന്നെ ഒന്ന് മറ്റൊന്നിന് വിപരീതമായതുകൊണ്ട്, ദര്‍ശനത്തിനും ഉപദേശത്തിനും വേണ്ടി സാമാന്യസാധകരും സിദ്ധപുരുഷന്മാരും തമ്മില്‍ ബന്ധപ്പെടുവാനുള്ള പ്രയത്നം നടക്കുന്നില്ല. സിദ്ധപുരുഷന്മാര്‍ പുണ്യപ്രയോജനങ്ങള്ക്കായി യോഗ്യരായ ഉന്നത തലത്തിലുള്ള ആത്മാക്കളെ ആണ് അന്വേഷിക്കുന്നത്. വെറുതെ കൗതുകം കാണുവാന്‍ താല്പര്യമുള്ള ആളുകള്‍ക്കു വേണ്ടതു വെറുതെ ദര്‍ശനം നമനം എന്നിവകൊണ്ട് സമ്പത്ത്, സമൃദ്ധി, യുവത്വം, യശസ്സ്, അധികാരം, വിജയം എന്നിങ്ങനെയുള്ള ഭൗതികമായ സാഫല്യങ്ങള്‍ ആണ്. തമ്മിലുള്ള ദൂരം വര്‍ദ്ധിച്ചുകഴിഞ്ഞു. ഈ കാരണം കൊണ്ടുതന്നെയാണ് പുരാതനകാലത്ത് സാധകരും സിദ്ധന്മാരും തമ്മിലുണ്ടായിരുന്ന സംയോഗം ഇപ്പോള്‍ അസംഭവ്യമായിരിക്കുന്നത്. ആത്മസ്തുതിയാല് പ്രേരിതരായി പൊങ്ങച്ചം പറഞ്ഞ് മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തുവാനും സ്വന്തം കീര്‍ത്തി വര്‍ദ്ധിപ്പിക്കുവാനും ശ്രമിക്കുന്നു. കപടന്മാരാണ് സിദ്ധദര്ശനവും അനുഗ്രഹവും തങ്ങള്‍ക്കു ലഭിച്ചുവെന്ന കിംവദന്തികള്‍ മെനഞ്ഞു കള്ളകഥകള്‍ വിളമ്പി മനസ്സിനെ സന്തോഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: