അതി സൂക്ഷ്മ ജീവികളായ ബാക്ടീരിയ പടര്‍ത്തുന്ന കണക്കില്ലാ രോഗങ്ങളുടെ കഥ നമുക്കൊക്കെ പരിചിതമാണ്. അവയ്ക്കെതിരെ പ്രയോഗിക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ക്ക് കരുത്തു കുറഞ്ഞുവെന്ന കാര്യവും നമുക്കറിയാം. എന്നാല്‍ പുതിയ വെല്ലുവിളി മറ്റൊരു കൂട്ടം സൂക്ഷ്മ ജീവികളില്‍ നിന്നാണ്ഫംഗസ്. മരുന്നിന്റെ കരുത്തിനെ പപ്പടം പോലെ പൊടിച്ച് ആളുകളുടെ ആരോഗ്യം തകര്‍ത്ത് തരിപ്പണമാക്കുമെന്ന വാശിയിലാണ് ഫംഗസ് വര്‍ഗം. ബാക്ടീരിയകളുടെ വഴി പിന്തുടര്ന്ന് അവയും മരുന്നുകളോട് കലഹിക്കുന്നു. സസ്യലതാദികളെ മാത്രം ആക്രമിച്ചിരുന്ന ഫംഗസുകള്‍ മനുഷ്യനെയും കടന്നാക്രമിച്ചു തുടങ്ങിയിരിക്കുന്നു. സസ്യ ഫംഗസുകള്‍ മനുഷ്യനെ കടന്നാക്രമിച്ച ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നമ്മുടെ നാട്ടില്‍ നിന്നു തന്നെയാണ് കൊല്‍ക്കത്തയില്‍!
ഫംഗസ് കുടുംബത്തില്‍ ഒന്നരലക്ഷത്തിന്റെ പരം അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. അതിന്റെ രണ്ടിരട്ടിയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്ന് മറ്റൊരു കണക്ക്. ഏകകോശം കൊണ്ടോ മൃദുവായ നൂല് തന്തുക്കള്‍കൊണ്ടോ നിര്‍മിക്കപ്പെട്ടവ മുതല്‍ കുമിളും കൂണും യീസ്റ്റുമൊക്കെ ഇക്കൂട്ടത്തില്‍ വരും. ഹരിതകം ഇല്ലാത്തതിനാല്‍ സ്വയം ആഹാരം ഉണ്ടാക്കാന്‍ കഴിവില്ലാത്തവ. പരസഹായംകൊണ്ട് ജീവിക്കുന്നവ. മാവ് പുളിക്കാനും വൈന്‍ നിര്‍മിക്കാനും മുതല്‍ കലോറി കുറഞ്ഞ പ്രോട്ടീന്‍ ധാതുക്കള്‍ ഉണ്ടാക്കാനും ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്താനും വരെ നമ്മെ സഹായിക്കുന്ന. പക്ഷേ ഓര്‍ക്കുക; കാലം മാറുന്നതനുസരിച്ച് ഈ സഹായികള്‍ നമ്മുടെ ശത്രുക്കളാവുന്നു…!
മണ്ണിലും മരത്തിലും ഭക്ഷണത്തിലുമൊക്കെ ഫംഗസ്സിന്റെ സാന്നിദ്ധ്യമുണ്ട്. ആകാശവീഥിയിലും ആഴക്കടലിനടിയിലും അവയുടെ സാന്നിധ്യമുണ്ട്. നല്ലവരും അപകടകാരികളുമുണ്ട്. അവ വളരുന്നതും കരുത്താര്‍ജിക്കുന്നതുമൊക്കെ പ്രകൃതിയിലെ സുന്ദരമായ ശരാശരി ഊഷ്മാവില്‍. മനുഷ്യന് അടക്കമുള്ള സസ്തനികളുടെ ശരീരത്തിലെ ഉയര്‍ന്ന ഊഷ്മാവില്‍ അവയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ട് അവയുടെ ആക്രമണം പ്രധാനമായും തൊലിപ്പുറത്ത് ഒതുങ്ങി. ചൊറിച്ചിലും നീറ്റലും താരനും റിങ് വേമും കാല്‍വിരലുകള്‍ക്കിടയിലെ അണുബാധ (അത്ലറ്റ്സ് ഫൂട്ട്)യുമൊക്കെയായി; കുടലിലെയും വായിലെയും ഗുഹ്യഭാഗങ്ങളിലെയുമൊക്കെ മൃദുചര്‍മങ്ങളും അവയ്ക്ക് പ്രിയതരങ്ങളായി. പക്ഷേ…
കാലം കടന്നുപോകവേ, കാലാവസ്ഥ വഴുതിപ്പോകവേ, മഹാമാരികള്‍ പരന്നൊഴുകവേമനുഷ്യന്റെ പ്രതിരോധശക്തി കുറഞ്ഞു. ആഗോളതാപനം ഫംഗസ്സുകള്‍ക്ക് കൂടുതല്‍ ചൂടിനെ നേരിടാന്‍ കരുത്ത് നല്കി. ചൂടുകൂടിയ ആന്തരാവയവങ്ങളില്‍ ഭയലേശം അശാന്തിയുടെ വിത്തുവിതയ്ക്കാന്‍ അപ്പോള്‍ അവ പഠിച്ചു.
ഇത്തരം രോഗകാരികളായ ഫംഗസു (കുമിള്‍)കള്‍ പ്രതിവര്‍ഷം 300 ദശലക്ഷം ആളുകളെയെങ്കിലും ആക്രമിക്കുന്നുണ്ടെന്നാണ് ആഗോള ആരോഗ്യസംഘടനകളുടെ വിലയിരുത്തല്‍. അത് രണ്ട് ദശലക്ഷം മരണത്തിനുവരെ കാരണമാകുന്നുണ്ടെന്നും. അതുകൊണ്ടാണ് 2022 ഒക്ടോബര്‍ മാസത്തില്‍ ലോകാരോഗ്യ സംഘടന ലോക രാജ്യങ്ങള്‍ക്ക് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്രോഗകാരികളായ ഫംഗസ്സുകള്‍ പൊതുജനാരോഗ്യത്തിന് വന്‍ ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു…
‘ബ്ലാക് ഫംഗസ്’ അഥവാ കറുത്ത കുമിളിന്റെ കടന്നാക്രമണം തന്നെ ഉദാഹരണം. ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍ മൈക്കോസിസ് പടപ്പുറപ്പാട് നടത്തിയത് 2021 ല്‍. ഗുരുതരമായ രോഗം ബാധിച്ച പലര്‍ക്കും കാഴ്ചപോലും നഷ്ടപ്പെട്ടു. കൊവിഡ് രോഗത്തിനുശേഷം രോഗമുക്തി കൈവന്നവര്‍ക്കു നേരെയായിരുന്നു പ്രധാനമായും ഈ കറുമ്പന്റെ ആക്രമണം. കാരണം, കൊവിഡ് ബാധിതരുടെ രോഗപ്രതിരോധ സംവിധാനം തീര്‍ത്തും ദുര്‍ബലമായിരുന്നു. കൊവിഡ് ചികിത്സയില്‍ ഉപയോഗിച്ച ‘ഡെക്സാ മെത്താസോണ്‍’ അടക്കമുള്ള സ്റ്റിറോയിഡുകള്‍ ഡയബറ്റിക് രോഗികളിലെ പഞ്ചസാര നില കുത്തനെ ഉയര്‍ത്തി…
എയിഡ്സ്, ക്ഷയം, പ്രമേഹം, കരള്‍ രോഗം, ഹൃദയരോഗം എന്നിവ ബാധിച്ചവരെയും റേഡിയേഷന്, കീമോ, അവയവമാറ്റ ശസ്ത്രക്രിയ എന്നിവയ്ക്കു വിധേയമായവരെയും രോഗകാരികളായ ഫംഗസ്സുകള്‍ വളഞ്ഞിട്ട് ആക്രമിച്ചു.
ഫംഗസ്സിനെ കീഴ്പ്പെടുത്താനുപയോഗിക്കുന്ന മുഖ്യമരുന്നു വിഭാഗങ്ങളായ അസോള്‍സ്, പോളിനസ്, എക്കിനോ കാന്‍ഡിന്‍സ് എന്നിവയില്‍ ആദ്യ പേരുകാരനായ അസോള്‍സ് മരുന്നുകളുടെ അമിതോപയോഗവും ദുരുപയോഗവും അവയുടെ കരുത്ത് കുറച്ചു. ഫംഗസുകള്‍ക്കെതിരായ പോരാട്ടവീര്യത്തില്‍ വെള്ളം ചേര്‍ത്തു. ആന്റി ഫംഗല്‍ പ്രതിരോധം ലോകത്തെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. നീണ്ടുനില്‍ക്കുന്ന ചികിത്സാകാലം, അനന്തമായ ആശുപത്രിവാസം, താങ്ങാനാവാത്ത ചിലവ് തുടങ്ങിയവ സാധാരണക്കാരനെ തകര്‍ക്കുമെന്ന് അവര്‍ പറയുന്നു. ചില രോഗങ്ങള്‍ക്ക് വേണ്ട മരുന്നുപോലും ഈ നാട്ടില്‍ ലഭ്യമല്ല.
എല്ലാ ആന്റി ഫംഗല്‍ മരുന്നുകളെയും പ്രതിരോധിക്കുന്ന ‘കാന്‍ഡിഡാ ഓറിസ്’ എന്ന ഫംഗസ് നമ്മുടെ രാജ്യത്തും പടര്‍ന്നുതുടങ്ങിയത്രേ. കാന്ഡിഡയുടെ ഒരു ഭീകര വകഭേദത്തെ ജപ്പാനും ദക്ഷിണ കൊറിയയും 2008 ല്‍ വേര്‍തിരിച്ചറിഞ്ഞിരുന്നു. പത്ത്പന്ത്രണ്ട് വര്‍ഷങ്ങള്‍കൊണ്ട് അത് 43 രാജ്യങ്ങളില്‍ എത്തപ്പെട്ടുകഴിഞ്ഞു. അതില്‍ ഒരു രാജ്യം ഇന്ത്യയാണ്. പലപ്പോഴും ക്ഷയരോഗമായി തെറ്റിദ്ധരിക്കപ്പെടുന്ന ‘ആസ്പെര്‍ഗില്ലസ്’ രോഗമുണ്ടാക്കുന്ന കുഴപ്പങ്ങളും ചില്ലറയല്ല.
ലോകമാസകലം ഫംഗസ് രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന എട്ട് പ്രധാന മരുന്നുകള്‍ക്കെതിരെ ഈ തെമ്മാടി ഫംഗസ്സുകള്‍ പ്രതിരോധം തീര്‍ത്തുതുടങ്ങിയതായും ശാസ്ത്രജ്ഞര്‍ പറയുന്നു. ഫ്ലൂക്കണാസോള്‍, ഗ്രിസിയോഫള്‍വിന്‍, അംഫോടെറിസിന്‍, ഫ്ലൂസൈറ്റോസിന്‍, ഇട്രാകൊണസോള്‍, വോരി കൊണസോള്‍, നതാമൈസിന്‍, എക്കിനോ കാന്‍ഡിന്‍സ് തുടങ്ങിയവയാണാ മരുന്നുകള്‍. എങ്കിലും ഫംഗസ് രോഗ നിയന്ത്രണത്തിന് കൂടുതല്‍ തുക ചെലവിടാനോ സൗകര്യമൊരുക്കാനോ ലോകരാജ്യങ്ങള്‍ തത്പരരല്ല. ഫംഗസ് ഗവേഷണത്തിന് രാജ്യത്ത് ആകെയുള്ളത് ഒന്‍പത് ഗവേഷണാലയങ്ങള്‍ മാത്രം. അവയില്‍ ഒന്നുപോലുമില്ല, കേരളത്തില്‍.
മറ്റൊരു ആപത്ത്കൂടി കടന്നുവരുന്നത് നാം അറിയണം. ആദികാലം മുതല്‍ ലതാദികളെ മാത്രം ആക്രമിച്ചിരുന്ന ഫംഗസുകള്‍ മനുഷ്യനെയും കടന്നാക്രമിച്ചു തുടങ്ങിയിരിക്കുന്നു. ആ സംഭവം ലോകത്താദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കല്‍ക്കത്തയില്‍. ജീര്‍ണിച്ച ജൈവവസ്തുക്കളില്‍ പഠനം നടത്തിവന്ന ഒരു ഫംഗസ് രോഗ വിദഗ്ധനെ (മൈക്കോളജിസ്റ്റ്) സില്‍വര്‍ ലീഫ് രോഗത്തിന്റെ ഫംഗസുകള്‍ ആക്രമിച്ച് രോഗബാധിതനാക്കിത്തീര്‍ത്തു. കണ്ടെത്തിയത് സി ടി സ്കാനില്‍ മാത്രം. കാറ്റിലൂടെ പറന്ന് പടരുന്ന ഫംഗസ് ബീജങ്ങള്‍ ചെടികളുടെ അകത്ത് കടന്ന് അവയുടെ ഇലകളെ വെളുപ്പിച്ച് ഇണക്കിക്കളയുന്ന രോഗമാണ് ആ ശാസ്ത്രജ്ഞനെ ആക്രമിച്ചത്. കാലം നല്ലതല്ലെന്നു സാരം. മനുഷ്യന് ഒരുപാട് ശ്രദ്ധിക്കണമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: