ഭാരത സംസ്‌കൃതിയെ പൗരാണിക കാലം മുതല്‍ എല്ലാ ചാതുര്യത്തോടെയും നിലനിര്‍ത്തി പ്രാദേശികമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ഭൂമികയാണ് കുട്ടനാടിന്റേത്. കൃഷി ജീവിതചര്യയാക്കി പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന മനുഷ്യരുടെ ജന്മഭൂമിയുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ നാട് പങ്കുവയ്‌ക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി കുട്ടനാടിന്റെ ഈ ജൈവവൈവിധ്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ജൈവവൈവിധ്യത്തോടൊപ്പം നൂറ്റാണ്ടുകളായി രൂപപ്പെട്ട സംസ്‌കാരവും വിസ്മൃതിയിലാണ്ടു പോവുന്നു. പാശ്ചാത്യ- അറേബ്യന്‍ സംസ്‌കാരത്തിന്റെ വളര്‍ച്ച ഈ നാടിനെ ഇന്നൊരു ഉപഭോഗ വസ്തുവായി മാറ്റിയിരിക്കുന്നു. അതിനാല്‍ കുട്ടനാടിന്റെ വീണ്ടെടുക്കല്‍ സാംസ്‌കാരിക അധിനിവേശത്തിനെതിരായുള്ള ഒരു ചെറുത്തു നില്‍പ്പും പോരാട്ടവും കൂടിയാണ്.
നാടിന്റെ സ്വന്തം കൃഷി രീതികള്‍
കുട്ടനാടിനെ മനോഹരമാക്കുന്നത് പുഞ്ചപ്പാടങ്ങളുടെ തനിപ്പച്ചപ്പാണല്ലോ. നെല്ല് ഉല്‍പ്പാദനത്തില്‍ കുട്ടനാടിന്റെ പോലെ തനത് ശൈലി പിന്തുടരുന്ന ഭൂവിഭാഗങ്ങള്‍ വിരളമാണ്. പാരമ്പരാഗത മാര്‍ഗ്ഗമുപയോഗിച്ച് കൃഷിയും ജലപരിപാലനവും ശാസ്ത്രീയമായി നടത്തിയിരുന്ന മറ്റൊരു സ്ഥലം ലോകത്തുണ്ടോയെന്നു പോലും സംശയമാണ്. കുട്ടനാടന്‍ കൃഷിക്ക് അതിന്റെതായ താളമുണ്ട്. പണ്ടു കാലത്ത് കൃഷി ആരംഭിക്കുന്നതിനു മുന്നോടിയായി ചക്രം ചവിട്ടി ജലം പാടത്തുനിന്ന് ആറ്റിലേക്കോ തോട്ടിലേക്കോ ഒഴുക്കി വിടുമായിരുന്നു.
മകരമാസത്തിനു മുന്‍പു വിതച്ചില്ലെങ്കില്‍ കൃഷിപ്പിഴ സംഭവിക്കുക സാധാരണമായിരുന്നത്രേ. ഇതിനെ മകരക്കാല്‍ എന്നാണ് വിളിച്ചിരുന്നത്. മീനം-മേടമായാല്‍ ഉപ്പുവെള്ളം കയറും.
അതിനാല്‍ വളരെ ജാഗ്രതയോടെ യഥാസമയം കൃഷിയിറക്കിയിരുന്നു. വെള്ളം വറ്റിക്കഴിഞ്ഞാല്‍ പായലെടുപ്പും ഇടവരമ്പ് വാരലും നടത്തും. പിന്നീട് നിലം ഒരുക്കി വിതയ്‌ക്കും. വിതകഴിഞ്ഞ് മൂന്നാം ദിവസം വെള്ളം നിശ്ശേഷം വറ്റിക്കും. അപ്പോള്‍ മുള കിളിര്‍ത്തുപൊങ്ങിയിരിക്കും. പക്ഷികളെ അകറ്റാന്‍, വെടിയും പടക്കങ്ങളും ഉപയോഗിക്കും. കാറ്റാടി പരുവം ആകുമ്പോള്‍ പുഴുക്കളുടെ ശല്യം ആരംഭിക്കും. കീടനാശിനികളും രാസവളങ്ങളും ഇല്ലാത്ത കാലം ആയിരുന്നതിനാല്‍ ഓലയുടെ അഗ്രം മാത്രം കാണുന്ന വിധത്തില്‍ വെള്ളം കയറ്റി നിര്‍ത്തിയാണ് പുഴുക്കളെ നിയന്ത്രിച്ചിരുന്നത്. പുഴുക്കള്‍ നെല്ലോലയുടെ അഗ്രത്ത് വന്നിരിക്കും. ഈ സമയത്ത് കര്‍ഷകര്‍ ചൂലുമായി ഇറങ്ങി നിരന്നുനിന്ന് അടിച്ച് ഒരുവശത്തുകൂടി നശിപ്പിക്കും. പുഴുക്കൊട്ടകള്‍ ഉപയോഗിച്ചും പുഴുക്കളെ നശിപ്പിക്കുമായിരുന്നു.
ചാണകവും ചാരവും മാത്രമായിരുന്നു വളം. വളം ഇടീല്‍ കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ക്കുശേഷം പറിച്ചുനടീല്‍ നടക്കും. നടിച്ചിലും വെള്ളം വറ്റിക്കലും കഴിഞ്ഞ് വീണ്ടും വളം ഇടുന്നു. പിന്നീട് കൊയ്‌ത്തിനു മുന്‍പ് കളകള്‍ ഉണ്ടായാല്‍ പറിച്ചുമാറ്റും. കൊയ്‌ത്തുകാലം കുട്ടനാട്ടില്‍ ഉത്സവാഘോഷമാണ്. ഒരുകാലത്ത് കുട്ടനാട്ടിലെ കൃഷിവേലകള്‍ക്കെല്ലാം അതതു വേലയുടെ സ്വഭാവത്തിനിണങ്ങുന്ന പാട്ടുകള്‍ ഉണ്ടായിരുന്നു. ചക്രപ്പാട്ട്, നടിച്ചിപ്പാട്ട്, ഉഴവ് പാട്ട്, പൊലിയളവ് പാട്ട്, കൊയ്‌ത്തുപാട്ട് എന്നിവ കൃഷിത്തൊഴിലാളികള്‍ സ്വയംഉണ്ടാക്കി. അവരുടെ കലാവാസ്ഥയ്‌ക്കനുസരിച്ച് മത്സരിച്ചു പാടുന്നവയായിരുന്നു. ശീതങ്കന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍, കോല്‍ക്കളി എന്നിങ്ങനെ കുട്ടനാട്ടിലെ കലകള്‍ ഒട്ടനവധിയാണ്.
ഇവിടെയായിരുന്നു ഖാണ്ഡവ വനം
ഭാരതത്തിന്റെ ഐതിഹ്യങ്ങളുമായി ഈ മണ്ണിന് അഭേദ്യമായ ബന്ധമുണ്ടെന്നും, അതിന്റെ ഭാഗമാണ് തങ്ങളെന്നും വിശ്വസിച്ചിരുന്ന ഒരു ചരിത്രം കുട്ടനാടിനുണ്ട്. മഹാഭാരതത്തിലെ ആദിപര്‍വത്തിലെ ഖാണ്ഡവ വനദഹനത്തോട് കുട്ടനാടിന്റെ ബന്ധം സൂചിപ്പിക്കുന്നതാണ് അതിലൊന്ന്. അജീര്‍ണ്ണം ബാധിച്ച അഗ്‌നിദേവന് ശമനത്തിനായി ധാരാളം ഔഷധങ്ങള്‍ നിറഞ്ഞ ഖാണ്ഡവവനം ഭക്ഷിക്കുവാന്‍ ബ്രഹ്മാവ് നിര്‍ദ്ദേശിച്ചു. അഗ്‌നി ഖാണ്ഡവ വനത്തെ ഭക്ഷിച്ചുതുടങ്ങിയപ്പോള്‍ വനത്തില്‍ വസിച്ചിരുന്ന തക്ഷകന്റെ അപേക്ഷയനുസരിച്ച് സുഹൃത്തായ ദേവേന്ദ്രന്‍ ശക്തമായ മഴ പെയ്യിച്ച് തീയണച്ചു. പിന്നീട് അഗ്‌നി കൃഷ്ണാര്‍ജുനന്മാരെ സമീപിക്കുകയും അര്‍ജുനന് ഗാണ്ഡീവം എന്ന വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും, ശ്രീകൃഷ്ണന് ചക്രായുധവും സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും അഗ്‌നി വനം ഭക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രന്‍ മഴ പെയ്യിക്കാന്‍ ഒരുങ്ങിയെങ്കിലും അര്‍ജ്ജുനന്‍ ശരകൂടം തീര്‍ത്ത് അഗ്‌നിയെ സഹായിച്ചു. ഇങ്ങനെ എരിഞ്ഞടങ്ങിയ ചുട്ടനാട് പിന്നീട് കുട്ടനാടെന്ന് അറിയപ്പെട്ടു.
തോട്ടപ്പള്ളിക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്നും അടുത്ത കാലം വരെ കുഴിച്ചെടുത്തിരുന്ന കരിഞ്ഞുകാണപ്പെട്ട മരത്തടികളും, കരിനിലം എന്നറിയപ്പെടുന്ന നെല്‍പ്പാടങ്ങളിലെ കരിയുടെ അംശം കൂടുതലായുള്ള മണ്ണും ഈ വിശ്വാസങ്ങള്‍ക്ക് അടിത്തറ നല്‍കി. തായങ്കരി, രാമങ്കരി, കൈനകരി, മാമ്പുഴക്കരി, ചങ്ങങ്കരി, കുമരങ്കരി തുടങ്ങിയ കരി ചേര്‍ത്തുള്ള നിരവധി സ്ഥലങ്ങള്‍ കുട്ടനാട്ടിലുണ്ട്. ഈ ഐതിഹ്യവുമായി ചേര്‍ന്നതാണ് കുട്ടനാടിന്റെ ഭാഗമായ മണ്ണാറാശ്ശാല നാഗരാജ ക്ഷേത്രത്തിന്റെ ചരിത്രവും. ഖാണ്ഡവവനം ദഹിച്ചപ്പോള്‍ ഘോരാഗ്നിയില്‍ നിന്ന് രക്ഷപ്പെട്ട് പാമ്പുകള്‍ കൂട്ടത്തോടെ അഭയം തേടിയ മണ്ണാറശാല (മണ്ണ്+ആറിയ) ഭൂമിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
സ്ത്രീ മുഖ്യ പുരോഹിതയായുള്ള നാഗരാജ ക്ഷേത്രത്തിലെ വലിയ മരങ്ങളും ചൂരല്‍ക്കാടുകളും കാവുകളും സര്‍പ്പ പ്രതിഷ്ഠയും സര്‍പ്പാരാധനയും ഇവിടുത്തെ പ്രത്യേകതയാണ്.
ചേര രാജാവായ ചേരന്‍ ചെങ്കുട്ടവന്റെ തലസ്ഥാനങ്ങളിലൊന്നായിരുന്നു ഇന്നത്തെ കുട്ടനാടെന്ന് കരുതപ്പെടുന്നു. അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം മുതലായ കൃതികളിലെ വര്‍ണനകളില്‍ ചേരരാജാക്കന്മാരുടെ പേരുകള്‍ പലതും കുട്ടനാടിനോട് അവര്‍ക്കുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. പല്‍യാനൈച്ചെല്‍, കെഴുകുട്ടുവന്‍, വേല്‍കെഴുകുട്ടുവന്‍, ചേരന്‍ ചെങ്കുട്ടുവന്‍ എന്നീ പേരുകള്‍ ഉദാഹരണങ്ങളാണ്. സംഘകാലത്തെ പഴയ കുട്ടനാട് എന്ന വിസ്തൃതമായ സങ്കല്‍പ്പം നാടുവാഴിത്ത കാലത്തോടെ ഇല്ലാതെയായി. തെക്കുംകൂര്‍, വടക്കുംകൂര്‍, കായംകുളം, ചെമ്പകശ്ശേരി എന്നിങ്ങനെ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടത് കുട്ടനാടാണ്. ഇതില്‍ വടക്കുംകൂറിന്റെ അധീനതയില്‍ ഇരുന്ന പ്രദേശമാണ് ഇന്നത്തെ കുട്ടനാട്. ചേര രാജാക്കന്മാരിലൂടെ ബുദ്ധമതത്തിന്റെ സ്വാധീനം കുട്ടനാട്ടില്‍ വ്യാപിച്ചു. ഒരു കാലത്ത് പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങള്‍ സ്ഥിതിചെയ്തിരുന്ന നാട് എന്ന നിലയിലാണ് കുട്ടനാട് എന്ന പേരു വന്നതെന്നും വിശ്വസിക്കപ്പെടുന്നു. ബുദ്ധന്റെ പ്രാദേശികനാമമായിരുന്നത്രേ കുട്ടന്‍. ആലപ്പുഴ ജില്ലയിലെ കരുമാടികുട്ടന്‍ പ്രതിമ ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഇത് ജൈന തീര്‍ത്ഥങ്കരനാണെന്ന വാദവും ഉണ്ട്.
ജലമേളകളുടെ ഹൈന്ദവത
കുട്ടനാടിന്റെ പ്രധാന മുഖമുദ്രകളിലൊന്ന് വള്ളംകളിയാണ്. ഇന്ന് ഒരു മത്സര ഇനമായി ചുരുങ്ങിയെങ്കിലും വള്ളംകളികള്‍ ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാന കലയായാണ് രൂപപ്പെട്ടതും വികാസം പ്രാപിച്ചതും.
ഇടവം മുതല്‍ ചിങ്ങം വരെ മഴക്കാലത്തു നടക്കുന്ന ജലമേളകളില്‍ ആദ്യത്തേത് ചമ്പക്കുളം മൂലം വള്ളംകളിയാണ്. കുറുച്ചി കരിംകുളം ക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി വിഗ്രഹം അമ്പലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വള്ളക്കാര്‍ ചമ്പക്കുളത്ത് വിശ്രമിച്ചപ്പോള്‍ അമ്പലപ്പുഴ രാജാവും പരിവാരങ്ങളും അവിടെയെത്തി വിഗ്രഹം ആഘോഷപൂര്‍വ്വം കളിയോടങ്ങളില്‍ കൊണ്ടുപോയി. ഇത് നടന്നത് മിഥുന മാസത്തിലെ മൂലം നാളിലായതിനാല്‍ ഒരു ആചാര അനുഷ്ഠാനമായാണ് എല്ലാ വര്‍ഷവും വള്ളംകളി നടത്തുന്നത്. മറ്റൊന്ന്, ആറന്മുള ഉതൃട്ടാതി ജലമേളയാണ്.
മങ്ങാട്ട് ഭട്ടതിരിയുടെ ഇല്ലത്തെത്തി ഓണസദ്യ കഴിച്ചു എന്ന വിശ്വാസത്തില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. അതിന്റെ ഭാഗമായി എല്ലാവര്‍ഷവും ഓണത്തിന് ഒരു പങ്ക് പാര്‍ത്ഥസാരഥിക്ക് വള്ളത്തില്‍ അയയ്‌ക്കുന്ന പതിവ് അദ്ദേഹം ആരംഭിച്ചു. എന്നാല്‍ വഴിയില്‍ വച്ച് കൊള്ളക്കാര്‍ തടഞ്ഞതിന്റെ ഫലമായി തൊട്ടാവള്ളി ആശാന്മാരും സംഘവും വള്ളത്തിന് അകമ്പടി സേവിച്ചു. ഇതിന്റെ ഓര്‍മയ്‌ക്കയാണ് ആറന്മുള ഉത്രട്ടാതി ജലമേള എല്ലാ വര്‍ഷവും നടത്തുന്നത്. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹ ലബ്ധിയുമായി ബന്ധപ്പെട്ടുണ്ടായതാണ് പായിപ്പാട് വള്ളം കളി. കായംകുളം ഗോവിന്ദ മുട്ടം കായലില്‍ കണ്ടല്ലൂര്‍ ഭാഗത്തുനിന്നും കിട്ടിയ ഹരിപ്പാട് പെരുംതൃക്കോവിലിലെ വേലായുധ വിഗ്രഹം വഞ്ചിമാര്‍ഗ്ഗം തൃക്കുന്നപ്പുഴ തോട്ടപ്പള്ളി തോടുകളിലൂടെ പായിപ്പാട് ആറ്റിലെത്തിക്കുകയും, അതുവഴി നെല്‍പ്പൂരക്കടവിലേക്ക് എത്തിച്ച്, ക്ഷേത്രത്തിലേക്ക് ആനയിച്ചതിന്റെ ഓര്‍മയ്‌ക്കയാണ് പായിപ്പാട് വള്ളംകളി നടത്തുന്നത്. മീനച്ചിലാറ്റില്‍ നടക്കുന്ന ഊരുചുറ്റും വള്ളം കളിയും അനുഷ്ഠാനത്തിന്റെ ഭാഗമായാണ് തുടങ്ങിയത്.
വള്ളംകളിക്കായി ചുണ്ടന്‍വള്ളം നിര്‍മ്മിക്കുന്നത് മുതല്‍ അത് നീരണിയുന്നതു വരെയുള്ള കാര്യങ്ങള്‍ ഒരു ഉത്സവമായാണ് കുട്ടനാട്ടുകാര്‍ കൊണ്ടാടിയിരുന്നത്. വള്ളം തുഴയുമ്പോഴും ഞാര്‍ നടുമ്പോഴും ആലപിക്കുവാന്‍ ഒരു ഗാനസാഹിത്യം തന്നെ പമ്പയുടെ തീരത്തെ ഈ മണ്ണില്‍ ഉദയം കൊണ്ടു. വള്ള സദ്യയ്‌ക്കും, വരനെ വിവാഹ വേദിയില്‍ ആനയിക്കുന്നതു മുതല്‍ അതിഥികളെ സ്വീകരിക്കുന്നതിനും ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തിനും, വള്ളപ്പാട്ട് പാടുന്നത് ഇവിടുത്തെ മനുഷ്യരുടെ ജീവിതത്തില്‍ നാടിന്റെ സംസ്‌കാരം എത്രത്തോളം സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണ്. നിലവില്‍ പ്രസിദ്ധിയാര്‍ജിച്ച നെഹ്‌റുട്രോഫി വള്ളംകളി 1952 ല്‍ മാത്രമാണ് തുടങ്ങുന്നത്. എന്നാല്‍ ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍ വള്ളവും, അമ്പലപ്പുഴ ദേവനാരായണന്റെ കീര്‍ത്തിയോലുന്ന ചുണ്ടന്‍ വള്ളവും ഈ സംസ്‌കാരത്തില്‍ ഉടലെടുത്തതാണ്.
കലാരൂപങ്ങളും ക്ഷേത്രങ്ങളും
മുടിയാട്ടം, കാളകെട്ട്, ഓണക്കാലത്തെ കടുവ കളി, നെയ്‌ത്ത് വിദ്യ, ഓണം തുള്ളല്‍, അമ്മാനയാട്ടം, നോക്കു വിദ്യ അല്ലെങ്കില്‍ മൂക്ക് വിദ്യ, ഗരുഡന്‍ തൂക്കം തുടങ്ങിയ പ്രദേശികമായ ധാരാളം ചെറു കലാരൂപങ്ങളും അനുഷ്ഠാനങ്ങളും കുട്ടനാട്ടില്‍ ദൃശ്യമായിരുന്നു. ആലപ്പുഴയിലെ നീലംപേരൂര്‍ ഭഗവതി ക്ഷേത്രത്തിലെ പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പടയണി ഇതിനൊരുദാഹരണമാണ്. മനുഷ്യരുടെ പ്രതിമകളും മനുഷ്യേതര പ്രതിമകളും നിര്‍മ്മിച്ചുകൊണ്ട് പ്രകടനങ്ങള്‍ നടത്തുന്ന ഒരേ ഒരു പടയണി നീലംപേരൂരാണ്. അമ്പലപ്പുഴ ക്ഷേത്രത്തിലും കുട്ടനാട്ടിലെ മറ്റ് ചെറുക്ഷേത്രങ്ങളിലും നടത്തിവരുന്ന വേലകളിയും, ഓടനാട് (കായംകുളം) രാജപരമ്പരയുടെ കുലദൈവമായ എരുവയില്‍ തേവരുടെ ‘തിരുമുന്‍പില്‍ വേലയും’ ഈ മണ്ണിന്റെ സംഭാവനയാണ്. കേശാദിപാദം കഥചൊല്ലിയുള്ള പറകൊട്ടി പാട്ടും പാണന്‍ പാട്ടുമെല്ലാം കുട്ടനാടിന്റെ മണ്ണില്‍ മുഴങ്ങി ക്കേട്ടിരുന്നു. കൃഷിയും അനുബന്ധ സാംസ്‌കാരിക ജീവിതത്തിലും കുട്ടനാട്ടിലെ ക്ഷേത്രങ്ങള്‍ മുഖ്യ പങ്ക് വഹിച്ചു. എല്ലാ ജാതിയില്‍പ്പെട്ടവരും ഹൈന്ദവ ദേവതകളെ ആരാധിച്ചിരുന്നു. പമ്പാനദിയുടെയും മണിമലയാറിന്റെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന മങ്കൊമ്പ് ഭഗവതി ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, ചെട്ടികുളങ്ങര ദേവി ക്ഷേത്രം ഉള്‍പ്പടെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങള്‍ കുട്ടനാടന്‍ സംസ്‌കാരത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്നു.
ഓണത്തിന്റെ ഐതിഹ്യങ്ങളിലെല്ലാം നിറഞ്ഞ ഓണാട്ടുകരയും ഈ നാടിന്റെ ഭാഗമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടുകളിലൊന്നായാണ് ഓണാട്ടുകര അറിയപ്പെടുന്നത്. കേരളത്തെ മുഴുവനും ഓണമൂട്ടുവാന്‍ തക്കവിധത്തിലുള്ള സമൃദ്ധി ഇവിടെയുണ്ടായിരുന്നുവത്രേ. ഓടനാടാണ് പിന്നീട് ഓണാട്ടുകര എന്നായി മാറിയത്. ഓടനാട് എന്നാല്‍ വള്ളങ്ങളുടെ നാട് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഓണാട്ടുകരയുടെ വിശ്വാസങ്ങളില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിനുള്ള പങ്ക് എത്ര പറഞ്ഞാലും തീരുന്നതല്ല. ഓണാട്ടുകരയുടെ പരദേവതയായാണ് ചെട്ടികുളങ്ങര ദേവിയെ കരുതുന്നത്.
പ്രഭാതത്തില്‍ മഹാ സരസ്വതിയായും, ഉച്ചയ്‌ക്ക് മഹാലക്ഷ്മിയായും വൈകുന്നേരം ശ്രീദുര്‍ഗയായും മൂന്ന് ഭാവങ്ങളിലാണ് ഇവിടെ ദേവിയെ പൂജിക്കുന്നത്. ചെറുതെങ്കിലും ഓണാട്ടുകരയുടെ ചരിത്രം എഴുതപ്പെട്ടിരിക്കുന്ന ഇടങ്ങളിലൊന്നാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം. ശിവന്‍ ബ്രഹ്മാവിന്റെ തല അറുത്ത സ്ഥലം എന്ന വിശ്വാസത്തില്‍ നിന്നുമാണ് ഇവിടം കണ്ടിയൂര്‍ ആയത്.
അച്ചന്‍ കോവിലാറിന്റെ തീരത്തുള്ള ഈ ക്ഷേത്രത്തിന് ദേവദാസികള്‍ ഭരണം നടത്തിയിരുന്ന ക്ഷേത്രം എന്ന അപൂര്‍വ്വ വിശേഷവുമുണ്ട്. കാളകെട്ടും വേലകളിയുമെല്ലാം ആഘോഷപൂര്‍വ്വം കാണുവാന്‍ പറ്റിയ ഇടം കൂടിയാണിത്. ഓണം കഴിഞ്ഞ് 28-ാം നാള്‍ നടത്തുന്ന ഇവിടുത്തെ ഓണ മഹോത്സവം വളരെ പ്രസിദ്ധമാണ്. നിരവധി ചെറുതും വലുതുമായ കെട്ടുകാഴ്ചകള്‍ ക്ഷേത്ര പ്രദേശത്തെ ഉത്സവങ്ങളില്‍ സര്‍വ്വ സാധാരണമാണ്. കുട്ടനാട്ടിലെ കൃഷിയിലും ആചാരങ്ങളിലും കലകളിലുമെല്ലാം ഹൈന്ദവ സ്വാധീനം ദൃശ്യമാണ്. എന്നും ഭാരതത്തിന്റെ ദേശീയ സംസ്‌കാരത്തോട് ചേര്‍ന്നുനിന്ന പാരമ്പര്യം കുട്ടനാടിനുണ്ട്.
വീണ്ടെടുക്കേണ്ട പൈതൃകം
കുട്ടനാട്ടിലെ ഒരു പ്രധാന വിഭാഗം ഇന്നത്തെ ദളിത് സമൂഹമായിരുന്നു. അവരായിരുന്നു കൃഷി അടക്കമുള്ള പ്രവര്‍ത്തങ്ങളില്‍ നിരന്തരം വ്യാപൃതരായിരുന്നത്. പറയന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍ തുടങ്ങിയ സംവാദ കലാരൂപങ്ങള്‍ കുട്ടനാട്ടിലെ ദളിത് സമൂഹത്തിന്റെ പ്രധാന സംഭാവനയാണ്.
അമ്പലപ്പുഴയിലായിരിക്കുമ്പോള്‍ ഓട്ടം തുള്ളല്‍ രൂപപ്പെടുത്തുവാന്‍ കുഞ്ചന്‍ നമ്പ്യാരെ സഹായിച്ചത് ശീതങ്കന്‍ തുള്ളലും പറയന്‍ തുള്ളലുമാണ്. അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത് ശീതങ്കന്‍ തുള്ളലായിരുന്നല്ലോ. ഹൈന്ദവ മൂല്യങ്ങള്‍ക്ക് വളരെ ആഴത്തില്‍ വേരോട്ടമുള്ള കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ നഷ്ടപ്പെട്ടുപോയ പൈതൃകത്തെ വീണ്ടെടുക്കുവാനും, നിലവില്‍ ഉള്ളവയെ സംരക്ഷിക്കാനും സാധിക്കുകയുള്ളൂ.
ശീതങ്കന്‍ തുള്ളല്‍ വ്യാപകമായി ഉപയോഗിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുട്ടനാട്ടില്‍ ആഴ്ന്നിറങ്ങി. കര്‍ഷകര്‍ പാര്‍ട്ടിയുടെ സഖാക്കളായി മാറി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ദശകങ്ങളായി ഇടപെടലുകള്‍ നടത്തിയിട്ടും കുട്ടനാടിന്റെ ഭൂപരമായ നഷ്ടങ്ങള്‍ വീണ്ടെടുക്കുവാനോ സാംസ്‌കാരികത്തനിമ നിലനിര്‍ത്തുവാനോ സാധിച്ചില്ല. കുട്ടനാടിന് മാത്രമായ സവിശേഷതകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വികസനത്തിന്റെ പേരിലും ദശകങ്ങളായി കുട്ടനാടിന്റെ മണ്ണിനേയും പ്രകൃതിയെയും വിഭവങ്ങളെയും ഇല്ലാതാക്കുന്ന സമീപനമുണ്ടായി. ജൈവ വൈവിധ്യത്തോടൊപ്പം ഇല്ലാതാവുന്ന ഒന്നാണ് പ്രകൃതിയോട് ഇഴ ചേര്‍ന്ന് നിലകൊള്ളുന്ന കുട്ടനാടിന്റെ സാംസ്‌കാരിക പാരമ്പര്യവും. പ്രകൃതിയും ഹൈന്ദവ ജീവിത രീതിയും തമ്മിലുള്ള ബന്ധത്തിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണ് കുട്ടനാട്.
അവിടെ കൃഷിയെയും പ്രകൃതി വിഭവങ്ങളെയും ലാഭത്തിനായി ചൂഷണം ചെയ്തിരുന്നില്ല. നൂറ്റാണ്ടുകള്‍കൊണ്ട് രൂപപ്പെട്ട കുട്ടനാടന്‍ കാര്‍ഷിക സംസ്‌കാരത്തില്‍ കൃഷി ഒരു കൂട്ടായ പ്രവര്‍ത്തനമായിരുന്നു, ജീവിതമായിരുന്നു.
(ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: