തിരുവനന്തപുരം: കേരളത്തിന്റെ ഷോപ്പിംഗ് മാള്‍ സംസ്കാരത്തിന് തുടക്കം കുറിച്ച, അരനൂറ്റാണ്ടിലേറെ ക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള സ്പെന്‍സേഴ്സ് സൂപ്പര്‍ മാര്‍ക്കറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ കേരളം വിട്ടു. തിരുവനന്തപുരം നഗരത്തിന്റെ ലാന്‍ഡ് മാര്‍ക്ക് ആയി മാറിയ കഥയാണ് സ്പെന്‍സേഴ്സിന് പറയാനുള്ളത്. സ്റ്റാച്യൂവില്‍ ഏജീസ് ഓഫീസിന് എതിര്‍വശത്തായാണ് സ്പെന്‍സേഴ്സ് ബില്‍ഡിംഗ് സ്ഥിതി ചെയ്യുന്നത്. സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് സ്പെന്‍സേഴ്സ് ജംഗ്ഷന് എന്ന പേര് ലഭിച്ചത്. പിന്നീട് കെട്ടിടം സ്പെന്‍സേഴ്സ് മറ്റൊരാള്‍ക്ക് വിറ്റെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടര്‍ന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ സൂപ്പര്‍മാര്‍ക്കറ്റും അവസാനിപ്പിച്ചു.
കേരളത്തിലെ അഞ്ച് ഔട്ട് ലെറ്റുകളും ഒരു ഗോഡൗണും അടച്ച് പൂട്ടി കേരളം വിട്ടു. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഔട്ട് ലെറ്റുകള്‍ പൂട്ടിയതെന്ന് സ്പെന്‍സേഴ്സ് റീട്ടെയിലിലെ ജീവനക്കാര്‍ പറഞ്ഞു. വെള്ളിയാഴ്ച ഷോപ്പ് പൂട്ടുകയാണെന്ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് റീജിയണല്‍ മാനേജരും എച്ച് ആര് മാനേജരും ജീവനക്കാരെ അറിയിച്ചത്. പത്ത് ദിവസത്തിനകം ഷോപ്പുകളിലെ സ്റ്റോക്ക് ഹൈദരാബാദിലേക്ക് മാറ്റണമെന്നും ജീവനക്കാരോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നും ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഹൈദരാബാദ് ഔട്ട് ലെറ്റില്‍ ജോലി ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചതായി ജീവനക്കാര്‍ പറഞ്ഞു. സ്പെന്‍സേഴ്സിന്റെ അഞ്ച് ഔട്ട് ലെറ്റുകളിലും ഒരു ഗോഡൗണിലുമായി എഴുപതോളം ജീവനക്കാര്‍ പ്രത്യക്ഷമായും മുപ്പതോളം ജീവനക്കാര്‍ പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്. ഇതില്‍ അന്‍പത് വയസ്സില്‍ മേല്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു.
ഞങ്ങളെങ്ങനെ ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിന് ഹൈദരാബാദില്‍ പോയി ജോലി ചെയ്യുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. കുട്ടികളുടെ പഠനത്തിനും മറ്റുമുള്ള ചിലവുകളും എങ്ങനെ കണ്ടെത്തുമെന്നത് ജീവനക്കാരെ അലട്ടുന്നു. കേരളത്തിലെ ഷോപ്പുകള്‍ പൂട്ടാന്‍ മാനേജ്മെന്റ് നേരത്തേ തീരുമാനമെടുത്തിരുന്നതായി ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി സ്റ്റോറിലേക്കാവശ്യമായ സാധനങ്ങള്‍ കൃത്യമായി എത്തുന്നില്ല. ഗോഡൗണും റീ പാക്കിംഗ് സെന്ററും പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചു. സാധനങ്ങള്‍ നേരിട്ട് ഹൈദരാബാദില്‍ നിന്നും എത്തിച്ച് തുടങ്ങി. ഹൈദരാബാദില്‍ സുലഭമായി വിറ്റഴിയുന്ന സാധനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ വാങ്ങാന്‍ താല്പര്യം കാട്ടുന്നില്ല എന്നറിയിച്ചിട്ടും മാനേജ്മെന്റ് സാധനങ്ങള്‍ അയച്ചു കൊണ്ടിരുന്നു. മലയാളിയുടെ അഭിരുചിക്കനുസൃതമായ സാധനങ്ങള്‍ ലഭിക്കാതായതോടെ സ്പെന്‍സേഴ്സില്‍ ജനങ്ങള്‍ കയറാതായി. ക്രമേണ ഷോപ്പുകള്‍ നഷ്ടത്തിലായി. മാനേജ്മെന്റിന്റെ ആവശ്യവും അതായിരുന്നു. കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ അവര്‍ക്ക് താല്പര്യമില്ല. അതിന് വേണ്ടിയാണ് അവര്‍ ഷോപ്പുകള്‍ നഷ്ടത്തിലാക്കിയത്.
മാനേജ്മെന്റിന്റെ തീരുമാനത്തില്‍ നൂറോളം ജോലിക്കാരും അവരെ ആശ്രയിച്ച് കഴിയുന്ന അഞ്ഞൂറോളം കുടുംബങ്ങളും ആശങ്കയിലാണ്. കേരളത്തിലെ പ്രമുഖനായിരുന്ന ഒരു സിപിഎം നേതാവിന്റെ മകന് ആ കെട്ടിടം വാങ്ങിയതായി അറിയുന്നു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റും ബാങ്കും ഒഴിപ്പിച്ച് അവിടെ ബാര്‍ ഹോട്ടല്‍ തുടങ്ങാനാണ് പദ്ധതിയെന്നും വിവരമുണ്ട്. അവിടെ പ്രവര്‍ത്തിച്ചിരുന്ന കാനറാ ബാങ്ക് ഒഴിഞ്ഞു. കെട്ടിടം മോടിപിടിപ്പിക്കല്‍ ജോലി നടന്നു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: