പാലക്കാട്: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഇതര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമാവുന്നു. പഴയ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ ബസ് സ്റ്റാന്റ് നിര്‍മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് 6നാണ് പുതിയ ബസ് ടെര്‍മിനലിന്റെ നിര്‍മാണത്തിന് തറക്കല്ലിട്ടത്. സ്റ്റാന്റിനകത്തേക്ക് വരുന്ന ബസുകളുടെ എണ്ണം കുറഞ്ഞതോടെ ഇവിടം മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പതിവായി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരുടെയും വാഹനങ്ങളാണ് സ്റ്റാന്റിനകത്ത് നിര്‍ത്തുന്നത്.
കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവയാണ് ഇവിടം കൈയടക്കിയിട്ടുള്ളത്. സ്റ്റാന്റിനകത്ത് ഇതര വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന് പ്രവേശ കവാടത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാധകമല്ല ഇവിടെ. സ്റ്റാന്റിനകത്തെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെയുണ്ടായിരുന്ന മണ്ണാര്‍ക്കാട്, കോഴിക്കോട്, ചെര്‍പ്പുളശ്ശേരി, നിലമ്പൂര്‍, ശ്രീകൃഷ്ണപുരം ബസുകളെല്ലാം മാസങ്ങളായി സ്റ്റേഡിയം സ്റ്റാന്റില്‍ നിന്നുമാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ കമ്പ – വള്ളിക്കോട്, കുത്തനൂര്‍ ഭാഗത്തേക്കുള്ള വിരലിലെണ്ണാവുന്ന ബസുകള്‍ മാത്രമാണ് മുനിസിപ്പല്‍ സ്റ്റാന്റിലുള്ളത്.
ഏഴുമണി കഴിഞ്ഞാല്‍ പിന്നെ സ്റ്റാന്റിനകം വിജനമാണ്. സ്റ്റാന്റിനകത്തെ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്. സ്റ്റാന്റിന്റെ തെക്കുവശത്തും വടക്കുവശത്തുമാണ് ചെറിയ വാഹനങ്ങള്‍ നിരനിരയായി പാര്‍ക്ക് ചെയ്യുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു മൂലം ബസുകള്‍ പിന്നോട്ടെടുക്കുമ്പോള്‍ അപകടസാധ്യത ഏറെയാണ്. വാഹനങ്ങള്‍ നിര്‍ത്തുന്നതു സംബന്ധിച്ച് പലപ്പോഴും വാക്കുതര്‍ക്കവും ഉണ്ടാകാറുണ്ട്.
പുതിയ ടെര്‍മിനല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് കച്ചവടക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: