മനഃസംശുദ്ധീകരണത്തിനായി വിവിധ തരം ഉപാസനകള്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഉപാസ്യ ദേവതകളെ അവരവരുടെ (സാധകരുടെ) അഭിരുചിക്കനുസൃതമായി തിരഞ്ഞെടുക്കാം. ഒരാള്‍ക്ക് ഗണപതിയാണ് ഉപാസ്യ ദേവതയെന്നിരിക്കട്ടെ, ഉപാസകന് ആ സരൂപ-സഗുണ ദേവതയില്‍ സര്‍വ്വേശ്വരത്വം കല്പ്പിക്കുന്നു. വേദ വാക്യമായ ‘ഏകം സദ് വിപ്രാഃ ബഹുധാ വദന്തി’ എന്ന സത്യമാണ് ഈ സങ്കല്പത്തിന്റെ ആധാരം. എന്നു വച്ചാല്‍ ഉപാസകര്‍ അനവധി, ഉപാസ്യ ദേവതകളും അനവധി. എന്നാല്‍ എല്ലാ ദേവതകളിലും ഉപാസകന് സങ്കല്പിക്കുന്നത് ഏക സത്യമായ, അരൂപിയായ, നിര്‍ഗുണനായ, നിരാകാരനായ പരമാത്മ സ്വരൂപത്തെയാണ്. അരൂപനും സര്വ്വവ്യാപിയുമായിട്ടുള്ള ഈശ്വരന് രൂപകല്പ്ന ചെയ്യുന്നത് ഉപാസകനെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. കാരണം അരൂപനായ ഒരു ഈശ്വരനെ ഒരു മനസ്സിനും സങ്കല്പിക്കുവാനോ ചിന്തനത്തിന് വിധേയനാക്കാനോ സാധ്യമല്ല. മനസ്സിന്റെ സ്വഭാവം അങ്ങനെയാണ്. ആകാരമില്ലാത്തതിനെ പറ്റി എങ്ങനെ മനസ്സില്‍ ചിന്തിക്കും? അതുകൊണ്ടാണ് ബുദ്ധിശാലികളും സൂക്ഷ്മ നിരീക്ഷണ പടുക്കളുമായ ഋഷീശ്വരന്മാര് ഇത്തരത്തിലുള്ള ഉപാസനാസംവിധാനത്തിന് രൂപം കൊടുത്തത്.
ലക്ഷ്യം ഒന്നാണ്: നാനാത്വത്തില്‍ ഏകത്വത്തെ ദര്‍ശിക്കുക, പലതില്‍ ഒന്നിനെ കാണുക. ആ ഒന്നിനെ ആത്മ സ്വരൂപമായി ദര്‍ശിക്കുക, അനുഭവിക്കുക. ഈ അത്യുദാത്തവും അത്യുല്ക്കൃഷ്ടവുമായ ജീവിത ലക്ഷ്യ പ്രാപ്തിക്ക് വേണ്ടി സാധകന് അര്‍ത്ഥ സമ്പുഷ്ടമായ ഒരു രൂപത്തെ, പ്രതീകത്തെ,ദേവതാ സങ്കല്പത്തെ അവലംബിക്കുന്നു. ഈ പരിപ്രേക്ഷ്യത്തിലാണ് ഗണപതി ഉള്‍പ്പടെയുള്ള എല്ലാ ദേവതാ സങ്കല്പത്തേയും കാണേണ്ടത്. ഗണപതി ദേവതാ സങ്കല്പം തന്നെയെടുക്കുക. ആനയുടെ തല, അതിന്റെ വലിപ്പം ദ്യോതിപ്പിക്കുന്നത് ആദ്ധ്യാത്മിക സാധകനുണ്ടാകേണ്ട ഒരു സവിശേഷ ഗുണമാണ്: അവന് വിചാര ശീലനായിരിക്കണം, വികാരപരനായിരിക്കരുത്. വിചാരം കൊണ്ടാണ് നിശ്ചയ ദാര്‍ഢ്യം കൈവരുക. വികാരതരളിതമായ ഒരു ചിത്തം ഒരിക്കലും ഒന്നിലും ഉറച്ച് നില്‍ക്കില്ല; സദാ ചഞ്ചലമായിരിക്കും. വികാരത്തിന് കടിഞ്ഞാണ്‍ ഇടേണ്ടത് വിചാരമാണ്. ‘തലയുള്ളവന്’ എന്ന് പറഞ്ഞാല്‍ തന്നെ ബുദ്ധിമാന് എന്നാണല്ലോ മനസ്സിലാക്കുന്നത്. തലയുടെ വലിപ്പം പ്രകാശിപ്പിക്കുന്നത് ഈ സത്യമാണ്. ഇനി വലിയ ചെവികള്‍: ഒരു സാധകന് അല്ലെങ്കില്‍ ഒരു സത്യാന്വേഷി എപ്പോഴും ശ്രവണ തല്‍പ്പരനായിരിക്കണം. നാം മിക്കവരും പറയാന്‍ കൂടുതല്‍ തല്പരരും കേള്‍ക്കാന്‍ വിമുഖരുമാണല്ലോ! സാധകന് മറിച്ചാകണം. ശ്രവണ മനന നിദിദ്ധ്യാസനങ്ങളാണ് സാധകനുള്ള ജ്ഞാന സാധനകള്‍. അതുകൊണ്ട് ഗുരുശ്രേഷ്ഠന്മാരില്‍നിന്നും ശാസ്ത്രശ്രവണം നടത്തി പിന്നീട് അതിന്മേല് മനനവും നിദിദ്ധ്യാസനവും യഥാക്രമം, യഥോചിതം നടക്കുമ്പോഴാണ് ആത്മജ്ഞാന പ്രാപ്തിയുണ്ടാവുക. ഇനി തുമ്പിക്കൈ: ആനയുടെ തുമ്പിക്കൈക്കൊരു സവിശേഷതയുണ്ട്. ഒരു വന്മരത്തെ പിഴുതെടുക്കാനും അതുപോലെതന്നെ അത്യന്തം ചെറുതായ ഒരു മൊട്ടുസൂചിയെ പെറുക്കിയെടുക്കാനുമുള്ള അസാധാരണ സാമര്‍ത്ഥ്യം (നൈപുണി) അതിനുണ്ട്. ഒരു സാധകനുവേണ്ട ഗുണവും ഇതുതന്നെ. ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങളെയും വെല്ലുവിളികളെയും പ്രതിസന്ധികളെയും അനായാസേന നേരിടാനുള്ള ശേഷി സാധകനുണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ പതറാതെ, തളരാതെ, തകരാതെ സധൈര്യം എല്ലാ തടസ്സങ്ങളെയും നേരിട്ട്, അതിജീവിച്ച് മുന്നോട്ടു പോയി ലക്ഷ്യം നേടാന്‍ സാധിക്കൂ.
വലിയ വയര്‍ ദ്യോതിപ്പിക്കുന്നത് എല്ലാവിധ അനുഭവങ്ങളെയും എല്ലാവിധ വ്യക്തികളെയും ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്കതയാണ്. ഗണേശന്റെ വാഹനം മൂഷികനാണ്, എലി. ഇന്ദ്രിയങ്ങളിലൂടെയാണ് മനസ്സ് സഞ്ചരിക്കുന്നത് വിവിധ വിഷയങ്ങളിലേക്ക്. ബുദ്ധിയാല്‍ നിയന്ത്രിതമായ മനസ്സ്, ഇന്ദ്രിയങ്ങളെ അടക്കിനിര്‍ത്തിയിരിക്കുന്നു. പ്രലോഭിപ്പിക്കുന്ന പലഹാരങ്ങളുടെ സമീപത്ത് അടങ്ങിയിരിക്കുന്ന എലി സൂചിപ്പിക്കുന്നത് നിയന്ത്രിതങ്ങളായ ഇന്ദ്രിയങ്ങളെയാണ്. സാധകന്റെതും ഈ വിധം നിയന്ത്രിത ഇന്ദ്രിയങ്ങളായിരിക്കണം. എങ്കില്‍ മാത്രമേ വിപരീത ദിശകളിലേക്ക്, വിവിധ വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന ഇന്ദ്രിയങ്ങള്‍ക്ക് സാധകന് വശംവദനാകാതിരിക്കയുള്ളു. നിയന്ത്രണമില്ലെങ്കില്‍, ഒരു ധാന്യക്കലവറയില്‍ എലി വരുത്തിവയ്ക്കുന്ന വിനകള്‍ ചിന്തനീയം!
വേറൊന്ന് ഗണേശന് 2 ഭാര്യമാരുണ്ട്: ബുദ്ധിയും സിദ്ധിയും അറിവും നൈപുണിയും. ഇവയും ഒരു സാധകന് ആദ്ധ്യാത്മിക-ഭൗതികജീവിതത്തില്‍ വേണ്ട അവശ്യ ഘടകങ്ങളാണ്. ബൗദ്ധികമായ അറിവു മാത്രം പോരാ, ആ അറിവ് ഭൗതികമാകട്ടെ, ആദ്ധ്യാത്മികമാകട്ടെ, കേവലം ബൗദ്ധികതലത്തില്‍ മാത്രം പരിമിതപ്പെടുത്തിയാല്‍ കാര്യമായ പ്രയോജനമുണ്ടാവില്ല. അതിനെ പ്രായോഗികതലത്തില്‍ പരുവപ്പെടുത്തിയെങ്കില്‍ മാത്രമേ സാധകന് പൂര്‍ണ്ണ വ്യക്തിത്വത്തിലേക്ക് ഉയരുകയുള്ളു. ഈ തത്വമാണ് ബുദ്ധി-സിദ്ധികള്‍ക്ക് ഭാര്യാകല്പന നല്കി നമ്മുടെ ഋഷീശ്വരന്മാര് ഗണേശഭഗവാനെ രൂപകല്പനചെയ്തിരിക്കുന്നത്.
ഈവിധം വിവിധ ദേവതകളുടെ സങ്കല്പങ്ങള് നിഗൂഢാര്ത്ഥവാഹകങ്ങളും സാര്ത്ഥകങ്ങളുമാണ്. ഇതൊന്നും മനസ്സിലാക്കാതെ, വെറും മിത്തെന്ന് വിടുവായത്തങ്ങള്‍ വിളിച്ചുപറഞ്ഞാല്‍ അത് വിവരക്കേടല്ലാതെ മറ്റെന്താണ്?ചുരുക്കത്തില്‍ ഒരു സാധകന് അനുകരണീയമായ സങ്കേതങ്ങളെല്ലാം ചമച്ചാണ് ഈ ഗണേശ രൂപകല്പന. ഇതേപോലെതന്നെയാണ് മറ്റെല്ലാ ദേവതമാരും. ഈശ്വരന് ഒന്നാണ്, അവിടുന്ന് അരൂപിയാണ്, നിര്‍ഗുണനാണ്, സര്‍വ്വവ്യാപിയാണ്, സര്വശക്തിമാനാണ്. ആ അരൂപിയുടെ ഒരു ‘മുഖം’ ആണ് ഓരോ ദേവതയും. ഇഷ്ടദേവതാസങ്കല്പത്തില്, ഓരോ ദേവതയിലും സര്‍വേശ്വരനെയാണ് ഉപാസകന് കാണുന്നത്. ഇതരദേവതമാരെയും തന്റെ ഇഷ്ടദേവതയില്‍ കാണാന്‍ വികസിത ചിത്തനായ ഒരു ഉപാസകന് സാധിക്കുന്നു. അവിടെ വൈരുദ്ധ്യമോ ആശയക്കുഴപ്പങ്ങളോ ഒന്നുമില്ല. ഇവിടേയാണ് ‘ഏകം സത്, വിപ്രാഃ ബഹുധാ വദന്തി’ എന്നതിന്റെ സാക്ഷാല്‍ക്കാരം. ദേവതമാര്‍ പലര്, ഈശ്വരന് ഒന്നുമാത്രം. ദേവതാസങ്കല്പത്തിന്റെ താത്വിക രഹസ്യം മനസ്സിലാകാത്തവരാണ് ഇതിനെ വിമര്‍ശിച്ച് പുലമ്പുന്നത്.
ചുരുക്കത്തില്‍, ചിലര്‍ ഹൈന്ദവ ദേവീദേവന്മാരെ സ്ഥൂലദൃഷ്ടികൊണ്ട് വീക്ഷിച്ച്, വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞ് മതനിന്ദനം ചെയ്യുമ്പോള്‍ അവര്‍ക്ക് ചുട്ട മറുപടികൊടുക്കുന്നത് വൈകാരികമായി മാത്രമല്ല, വൈചാരികമായുമായിരിക്കണം. കാരണം, ശാസ്ത്രീയത, യുക്തിയുക്തത- ഇത് സനാതന ധര്‍മ സങ്കല്പങ്ങളുടെയും സിദ്ധാന്തങ്ങളുടെയും മുഖമുദ്രയാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: