ചെന്നൈ: അസര്ബൈജാന് നഗരമായ ബക്കുവിലെ ഫിഡെ ചെസ് ലോകകപ്പ് പോരാട്ടത്തിന് ശേഷം ഇന്ത്യന്‍ ചെസ് താരം രമേഷ് പ്രജ്ഞാനന്ദ ആദ്യമായി നാട്ടില്‍ തിരിച്ചെത്തി. ചെന്നൈ വിമാനത്താവളത്തിലാണ് താരം വന്നിറങ്ങിയത്. താരത്തിന്റെ വരവറിഞ്ഞ് ഉത്സവത്തിനുമപ്പുറം നില്ക്കുന്ന ആഘോഷ മേളഘോഷങ്ങളൊരുക്കിയാണ് തമിഴ്നാട് കായിക വികസന അതോറിറ്റി കാത്തിരുന്നത്.
വിമാനത്താവളത്തിന്റെ അറൈവില്‍ ഹാള്‍ മുതല്‍ ഉത്സവലഹരിയിലായിരുന്നു. സംഗീതവും വാദ്യമേളങ്ങളും സിനിമാപാട്ടും പ്രൊഫഷണലുകള്‍ അണിനിരന്ന നാടന്‍ നൃത്തങ്ങള്‍ എന്നിവയെല്ലാം കൊണ്ട് ഗംഭീരമായ സ്വീകരണത്തോടെയാണ് പ്രജ്ഞാനന്ദയെ വരവേറ്റത്.
ഈ ക്രമീകരണങ്ങള്‍ക്കപ്പുറം ജനക്കൂട്ടത്തിന്റെ വലിയൊരു സാന്നിധ്യമുണ്ടായിരുന്നു. പിന്നെ പ്രജ്ഞാനന്ദ പഠിച്ച വെലമ്മാള് വിദ്യാലയ സ്കൂളിലെ വിദ്യാര്‍ത്ഥികളും അനുബന്ധ പ്രവര്‍ത്തകരും ഒപ്പം സര്‍ക്കാരിന്റെ ഔദ്യോഗിക തലത്തിലുള്ളവരുടെ നിര വേറെയുമുണ്ടായിരുന്നു.
ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങിയതോടെ താരത്തെ കാണാനും അഭിവാദ്യം ചെയ്യാനും സെല്‍ഫോണില്‍ പടമെടുക്കാനും എത്തിയവരുടെ നീര കൂടിക്കൂടി വന്നു. റോസാ പൂ ഇതളുകള്‍ വാരി വിതറി താരത്തിന് വരവേല്‍പ്പ് നല്കി അടുത്തെത്താന്‍ കഴിഞ്ഞവര്‍ പലരും പൂച്ചെണ്ടുകള്‍ നല്‍കിയും ഷോളുകള്‍ അണിയിച്ചും സ്വീകരണത്തിന്റെ ഭാഗമായി.
അതിഗംഭീര സ്വീകരണമേറ്റുവാങ്ങിക്കൊണ്ട് പ്രജ്ഞാനന്ദ പറഞ്ഞു- ഒത്തിരി ആളുകള്‍ ഇവിടെയെത്തിയതില്‍ വലിയ മഹനീയത തോന്നുന്നു, ഇത് ചെസ്സിന് ഏറെ ഗുണകരമാകും.
തുടര്‍ന്ന് കൂട്ടമായെത്തിയ ആളുകളെയെല്ലാം ദേശീയ പതാക കൈയില്‍ പിടിച്ചു വീശിക്കാട്ടിക്കൊണ്ട് കാറിനകത്തേക്ക് കയറി. 18കാരനായ പ്രജ്ഞാനന്ദ ഒരാഴ്ച മുമ്പാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സണുമായി ഏറ്റുമുട്ടിയത്. ടൈബ്രേക്കര്‍ വരെ നീണ്ട മത്സരത്തിനൊടുവില്‍ പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തായെങ്കിലും വിരോചിതമായാണ് ബക്കുവില്‍ നിന്നും മടങ്ങിയെത്തിയത്. 2005ല്‍ ഫിഡെ ലോകകപ്പ് ചെസ് എന്ന് നാമകരണം ചെയ്ത് പുതിയ രൂപത്തിലാക്കിയ ശേഷം ആദ്യമായി ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ഇന്ത്യന്‍ താരമാണ് പ്രജ്ഞാനന്ദ. സെമിയില്‍ ഫാബിയോ കരുവാന എന്ന മികച്ച താരത്തെ പരാജയപ്പെടുത്തിയാണ് മുന്നേറിയത്. ഇതിന് മുമ്പുള്ള റൗണ്ടുകളിലും ടോപ്പ് റാങ്കിലുള്ളവരെ പ്രജ്ഞാനന്ദ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: