ന്യൂദല്‍ഹി: വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയന്ത്രിക്കേണ്ട ബാധ്യതയുണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ അപഹസിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ കേന്ദ്രീകൃത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നുണ പറയാനും നുണ പ്രചരിപ്പിക്കാനുമുള്ള കഴിവ് അവരുടെ നിലനില്‍പ്പിനുള്ള രാഷ്ട്രീയ ഓക്സിജനാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജനതയോട് കള്ളം പറയുന്നതിലും കള്ളം മാത്രം പ്രചരിപ്പിക്കുന്നതിലും രാഹുല്‍ കോണ്‍ഗ്രസിന് സുദീര്‍ഘമായ ഒരു ചരിത്രം തന്നെയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വാക്സിനുകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നത് മുതല്‍ കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധി, ചൈന ഗാല്‍വാന്‍ പിടിച്ചടക്കിയെന്നതടക്കം നിരവധി നുണകളാണ് കോണ്‍ഗ്രസ്സ് പടച്ചുവിട്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലായാലും തുടര്‍ന്നും നുണകളില്ലാതെ കോണ്‍ഗ്രസിന് രാഷ്ട്രീയമില്ലെന്നത് സങ്കടകരമാണെങ്കിലും അതാണ് സത്യം. ഇത് തങ്ങളുടെ വടക്കന്‍ മാര്‍ക്സിസ്റ്റ് സുഹൃത്തുക്കളുമായുള്ള സഹവാസത്തിലൂടെ കോണ്‍ഗ്രസ് പഠിച്ച ഒരു തന്ത്രമാകാം.
വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും ഭീഷണിയാണ്. ചിലരെങ്കിലും തെറ്റായ വിവരങ്ങള്‍ രാജ്യത്തിനെതിരായ ആയുധമായി ഉപയോഗിക്കുന്നുണ്ട്. അവരില്‍ ചിലര്‍ക്ക് കോണ്‍ഗ്രസുമായി ധാരണാപത്രം ഉണ്ട്, ചിലര്‍ കോണ്‍ഗ്രസിന്റെ സുഹൃത്തുക്കള്‍ തന്നെയാണ്.
സംരംഭകനില്‍ നിന്ന് മന്ത്രിയായ മുണ്ടുടുത്ത ഒരാള്‍ തെറ്റായ വിവരങ്ങള്‍ നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് പറയുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിന്റെ പരാമര്‍ശത്തിനാണ് രാജീവ് ചന്ദ്രശേഖര്‍ എക്സ് പ്ലാറ്റ് ഫോമില്‍ മറുപടി നല്‍കിയത്. എന്റെ മുണ്ടിനെ സംബന്ധിച്ചിടത്തോളം, അത് എന്റെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. യുപിഎയുടെ ബ്രാന്‍ഡിങ് മാനേജരായ ജയറാം രമേഷിന് ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് തന്റെ കുറിപ്പ് രാജീവ് ചന്ദ്രശേഖര്‍ അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: