തിരുവനന്തപുരം ജില്ലയിലുള്ള വെങ്ങാനൂര്‍ ഗ്രാമത്തില്‍ 1863 ആഗസ്റ്റ് 28 നാണ് മഹാത്മാ അയ്യന്‍കാളി ജനിച്ചത്. കേരളത്തില്‍ അയിത്താചരണത്തിനെതിരെ അതിശക്തമായ പോരാട്ടത്തിന് തുടക്കം കുറിച്ചത് അയ്യങ്കാളിയാണ്. സാര്‍വ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനായി അയ്യന്‍കാളി നടത്തിയ പോരാട്ടം കേരളചരിത്രത്തില്‍ വേറിട്ടൊരധ്യായമാണ്. അധഃസ്ഥിത വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം നടത്തിയ പ്രക്ഷോഭ ഫലമായാണ് 1910 ല്‍ എല്ലാവര്ക്കും വിദ്യാഭ്യാസ പ്രവേശനം അനുവദിച്ച് രാജകീയ വിളംബരം ഉണ്ടായത്. അതിനെതിരെ സവര്‍ണ്ണസമൂഹം സടകുടഞ്ഞെഴുന്നേറ്റു. അധഃസ്ഥിത വിദ്യാര്‍ത്ഥികള്‍ പ്രവേശിച്ച പല സ്കൂളുകളും ചുട്ടുചാമ്പലാക്കി. തിരുവനന്തപുരം ജില്ലയില്‍ കണ്ടലയിലും പത്ത നംതിട്ട ജില്ലയില്‍ പുല്ലാട്ടും അങ്ങനെ അഗ്നിനാളം വിഴുങ്ങിയ സ്കൂളുകളുണ്ടായി. തീ വെച്ച സ്കൂള്‍ എന്ന പേരില്‍ പുല്ലാട് സ്കൂള്‍ പിന്നീട് ചരിത്രത്തില്‍ ഇടം നേടി. പലയിടത്തും സ്കൂളു കള്‍ പൂട്ടിക്കിടന്നു. ഇതിനെതിരെ അയ്യന്‍കാളി പ്രക്ഷോഭവുമായി മുന്നോട്ടുവന്നു. ഞങ്ങളുടെ കുട്ടി കള്‍ക്കെതിരെ സര്‍ക്കാര്‍ സ്കൂളിന്റെ വാതിലുകള്‍ ഓടാമ്പലിട്ട് പൂട്ടിയാല്‍, നിങ്ങളുടെ പാടത്ത് ഞങ്ങള്‍ പണിക്കിറങ്ങില്ലെന്നും അവിടെ നെല്ലിനു പകരം മുട്ടിപ്പുല്ല് കിളിര്‍ക്കുമെന്നും നെഞ്ചുവിരിച്ച് തലയുയര്‍ത്തിപ്പിടിച്ചു നിന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആരും പണിക്കിറങ്ങിയില്ല. ഒട്ടിയ വയറും ഉജ്വല സ്വപ്നങ്ങളുമായി ഒരു വര്‍ഷം നീണ്ടു നിന്ന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായി ഉണ്ടാക്കിയ ഒരുടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ഥകമായി. പ്രഭുക്കള്‍ക്കുമാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്, തങ്ങള്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ട പൊതു നിരത്തിലൂടെ, വെള്ള ബനിയനും ധരിച്ച് തലയില്‍ വട്ടം കെട്ടി, വില്ലുവണ്ടിയില്‍ സഞ്ചരിച്ച് നാളുകളായി തുടര്‍ന്നുപോന്ന ജാതിവ്യവസ്ഥയെ അദ്ദേഹം വെല്ലുവിളിച്ചു.
അയ്യന്‍കാളിയുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് തിരുവിതാംകൂറില്‍ അടിസ്ഥാന വര്‍ഗ്ഗ സഹോദരിമാര്‍ മാറുമറയ്ക്കാന്‍ തുടങ്ങിയത്. കൊല്ലം പെരിനാട്ടിലെ മാടമ്പിമാര്‍ ബലംപ്രയോഗിച്ച് അവരുടെ റവുക്കകള്‍ വലിച്ചു കീറി. മാരകായുധങ്ങള്‍കൊണ്ട് മാറുകീറി വ്രണപ്പെടുത്തി. പ്രതിരോധി ക്കാനും പ്രത്യാക്രമിക്കാനും അവരും തയ്യാറായി. രക്തപങ്കിലമായ കലാപത്തെതുടര്‍ന്ന് നാടും വീടും വിട്ട് ദലിതര്‍ കൊല്ലം പീരങ്കി മൈതാനത്ത് എത്തിച്ചേരാന്‍ അയ്യന്‍കാളി ആഹ്വാനം ചെയ്തു. നോട്ടീസോ മൈക്ക് അനൗണ്‍സ്മെന്റോ ഇല്ലാതെ, കാതോട് കാതോരം കേട്ടറിഞ്ഞ് പതിനായിര ങ്ങള് മൈതാനത്തെത്തി. തുടര്‍ന്ന് നടന്ന സമാധാന സമ്മേളനത്തില്‍ വെച്ച്, അധസ്ഥിത സഹോദരിമാര്‍ കല്ലുമാല ഉപേക്ഷിക്കണമെന്ന് അയ്യന്‍കാളി ആവശ്യപ്പെട്ടു. “അടിമത്തത്തിന്റെ അടയാളം അറുത്തെറിയുവിന്‍” എന്ന അയ്യന്‍കാളിയുടെ ഇടിമുഴക്കം പോലുള്ള വാക്കുകള്‍ കേട്ട സഹോദരിമാര്‍ പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള് എടുത്ത് അവരുടെ കഴുത്തില്‍ അണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത് സ്റ്റേജില്‍ ഇട്ടു. നാലടി ഉയരത്തില്‍ കല്ലുമാല കൂമ്പാരം.
ഇംഗ്ലണ്ടുകാരനായ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ജനറല്‍ ബേഡന്‍, ദിവാന് പി. രാജഗോപാലാചാരിയെ കാണാന്‍ എത്തിയത്, ബ്രിട്ടന്റെ മറ്റൊരു കോളനിയായ സിലോണിലെ തോട്ടങ്ങളില്‍ പണി ചെയ്യുന്നതിന് തിരുവിതാംകൂറില്‍ നിന്ന് പുലയരെ കൊണ്ടുപോകുന്നതിനുവേണ്ട സൗകര്യം ചെയ്തു കൊടുക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്. അയ്യന് കാളിയുടെ സമ്മതമില്ലാതെ അവരാരും തിരുവിതാംകൂര്‍ വിട്ട് പോവുകയില്ലെന്ന ദിവാന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് ജനറല്‍ ബേഡന്‍ അയ്യന്‍കാളിയെ കാണാന്‍ വെങ്ങാനൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
ആഗമനോദ്ദേശം വെളുപ്പെടുത്തിയ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറോട് അയ്യന്‍കാളി ചോദിച്ചു: “സിലോണിലെത്തുവന്നവര്‍ക്ക് വീട്, ആഹാരം, വസ്ത്രം, മരുന്ന്, ന്യായമായ വേതനം, അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നിവ നല്‍കുന്നതിന് എന്തെങ്കിലും പദ്ധതി തയ്യറാക്കിയിട്ടാണോ താങ്കള്‍ വന്നത്. അവരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് താങ്കളുടെ കൈവശമുണ്ടോ?” എന്ന അയ്യന്‍കാളിയുടെ ചോദ്യത്തിന് ഉത്തരം നല്കാനാവാതെ ആ ഉദ്യോഗസ്ഥന് മടങ്ങിപ്പോയി. 1905 ലാണ് അയ്യന്‍കാളി സാധുജനപരിപാലന സംഘം രൂപീകരിച്ചത്. നീതി നിഷേധിക്കപ്പെട്ട മുഴുവന്‍ ജനങ്ങളുടെയും അത്താണിയായിരുന്നു സാധുജനപരിപാലന സംഘം. 1914 മെയിലാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം ചെമ്പുംതറയില്‍ കാളി ചോതിക്കുറുപ്പനെ മുഖ്യ പ്രതാധിപരാക്കി “സാധുജന പരിപാലിനി അയ്യന്‍കാളി തുടങ്ങിയത്. നിരക്ഷരനായിരുന്ന അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ആരും അത്ഭുതപ്പെട്ടുപോകും. എന്നാല്‍ നിരക്ഷരനായല്ല അദ്ദേഹം മരിച്ചത്. സ്വന്തം പരിശ്രമത്തിലൂടെ എഴുതാനും വായിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല, നല്ലൊരു ഗ്രന്ഥശേഖരവും അദ്ദേഹത്തിനുണ്ടായിരുന്നു. സത്യം ഇതായിരിക്കെ, പലരും എഴുതിയും പ്രസംഗിച്ചും അദ്ദേഹത്തെ ഒരു നിതാന്ത നിരക്ഷരനാക്കി മാറ്റിക്കളഞ്ഞു.
1904 ഒക്ടോബര്‍ 22 ന് ദിവാന് വി.പി. മാധവറാവുവിന്റെ അദ്ധ്യക്ഷതയിലാണ് ശ്രീമൂലം പ്രജാസഭയുടെ പ്രഥമയോഗം വി.ജെ.ടി.ഹാളില്‍ ചേര്‍ന്നത്. 32 പേരായിരുന്നു ആദ്യ സാമാജികര്‍. 1911 മുതലാണ് പ്രജാസഭയുടെ റൂള്‍ 4 അനുസരിച്ച് സമുദായ പ്രതിനിധികളെ സാമാജികരാക്കി ഉത്തരവായത്. 1911 ഡിസംബര്‍ 5 നാണ് ശ്രീമൂലം പ്രജാസഭിയിലേക്ക് സാമാജികനായി അയ്യന്‍കാളിയെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തത്. തുടര്‍ന്ന് 1912 മുതല്‍ പ്രജാസഭ അവസാനിച്ച 1932 വരെ 21 വര്‍ഷം അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന ഏകവ്യക്തി.
1936 നവംബര്‍ 12 നാണ് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരത്തില്‍ ഒപ്പിട്ടത്. മഹാരാജാവിനെ നേരിട്ട് കണ്ട് അഭിനന്ദിക്കാനെത്തിയ ഗാന്ധിജി, ഇതിനുപിന്നിലെ അയ്യന്‍കാളിയുടെ പ്രവര്‍ത്തനം മനസ്സിലാക്കി അദ്ദേഹത്തെ വെങ്ങാനൂരില്‍ ചെന്ന് കണ്ടു. 1937 ജനു വരി 14 നായിരുന്നു ആ കൂടിക്കാഴ്ച. ക്ഷണനേരംകൊണ്ട് ആയിരങ്ങള്‍ അവിടെ തടിച്ചുകൂടി. അവരുടെ കണ്ഠനാളങ്ങളില് നിന്നു ഉയര്‍ന്ന “അയ്യന്‍കാളി യജമാനന് കീ ജയ്’ എന്ന മുദ്രാവാക്യം കേട്ട് ഗാന്ധിജി ഹര്‍ഷപുളകിതനായി.
ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവ ദേശായിയുടെ “ദ എപിക് ഓഫ് ട്രാവന്‍കൂര്‍” എന്ന ഗ്രന്ഥത്തില്‍ ഈ ചരിത്ര മുഹൂര്‍ത്തത്തെപ്പറ്റി ഗാന്ധിജി പറഞ്ഞതായി പ്രതിപാദിച്ചു കാണുന്നത്: ”പുലയ രാജാവെന്ന് നിങ്ങള്‍ വിളിക്കുന്ന അയ്യന്‍കാളിയില്‍ അക്ഷീണനായ ഒരു പ്രവര്‍ത്തകനെ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിങ്ങള്‍ സ്ഥിരമായ പുരോഗതി പ്രാപിച്ചുവരുന്നതായി ഞാന്‍ മനസ്സിലാക്കുന്നു.” എന്നാണ്. ഇത് മനസ്സിലാ ക്കാതെയാണ് ഗാന്ധിജി അയ്യന്‍കാളിയെ പുലയരാജാവെന്ന് വിളിച്ചതായി പലരും കള്ളപ്രചാരണം നടത്തിപ്പോരുന്നത്. നിസ്വാര്‍ത്ഥ സേവനം കൊണ്ട് കേരളത്തെ നവീകരിച്ച മഹാത്മാ അയ്യന്‍കാളി 1941 ജൂണ്‍ 18 ന് അന്തരിച്ചു.
(ലേഖകന്‍ കേരളാ ഹിന്ദുമിഷന്റെ ജനറല്‍ സെക്രട്ടറിയാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: