കേരളത്തിന്റെ ആദ്യ പ്രാന്തസംഘചാലകന്‍ മാനനീയ എന്‍.ഗോവിന്ദ മേനോന്റെ ജന്മദിനത്തിന് കോട്ടയത്തെ മുതിര്‍ന്ന സംഘപ്രവര്‍ത്തകര്‍ നടത്തിവരുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 23-ാം തീയതി എനിക്കവസരമുണ്ടായി. അവിടെ പങ്കെടുക്കേണ്ടിയിരുന്നതു തന്റെ പ്രചാരകജീവിതത്തിലെ പുഷ്‌കലമായ ആദ്യവര്‍ഷങ്ങള്‍ കോട്ടയം ജില്ലയില്‍ ചെലവഴിച്ച്, ഇന്ന് അഖിലഭാരതീയ തലത്തില്‍ മുതിര്‍ന്ന പ്രചാരകനായി പ്രവര്‍ത്തിക്കുന്ന എസ്. സേതുമാധവനായിരുന്നു. ഈ മാസാദ്യത്തില്‍ ഒരു ദിവസം നെയ്യാറ്റിന്‍കരയിലെ ആസ്പത്രിയില്‍ കഴിഞ്ഞിരുന്ന പി.പി. മുകുന്ദനെ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരത്തെ കാര്യാലയത്തില്‍ പോയപ്പോള്‍ സേതുവിനെ കാണാന്‍ സാധിച്ചില്ല. അടുത്ത ദിവസം അദ്ദേഹം എന്നെ വിളിക്കുകയും 23-ാം തീയതി കോട്ടയത്തു നടക്കുന്ന ഗോവിന്ദമേനോന്‍ അനുസ്മരണത്തില്‍ പങ്കെടുക്കണമെന്ന് താല്‍പ്പര്യപ്പെടുകയുമായിരുന്നു. അങ്ങനെയാണ് കോട്ടയം പരിപാടിയില്‍ പങ്കെടുക്കാനിടയായത്.
അരനൂറ്റാണ്ട് മുന്‍പ് കോട്ടയം ജില്ലാ പ്രചാരകനായി മൂന്നുവര്‍ഷം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. കോട്ടയം ജില്ല പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ 60 ശതമാനത്തോളം വിസ്തൃതിയുള്ളതായിരുന്നു. ഇന്നത് വളരെ ചെറിയ ഭൂഭാഗം മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. മോനോന്‍ സാര്‍ കോട്ടയത്തെ ഉയര്‍ന്ന സ്ഥാനത്താണ് താമസിച്ചുവന്നത്. പഴയ ജില്ലാക്കോടതിക്കടുത്താണ് വീട്. അദ്ദേഹം അവിടത്തെ പ്രമുഖ അഭിഭാഷകനായിരുന്നു. ഹൈന്ദവ ജനവിഭാഗത്തിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കാന്‍ സദാസന്നദ്ധന്‍. ആധ്യാത്മിക പ്രവര്‍ത്തകര്‍ക്ക് ഏതു സമയവും അകത്തുകയറാന്‍ തക്കവിധം വീടിന്റെ ഗേറ്റ് ഒരിക്കലും പൂട്ടിയിരുന്നില്ല. വീട്ടില്‍ വരുന്ന സംന്യാസിമാര്‍ക്കു താമസിക്കാന്‍ ഒരു മുറി ഒഴിച്ചിട്ടിരുന്നു. എന്‍എസ്എസിന്റെ നായകസഭയില്‍ അംഗമായിരുന്നു.
ഹൈന്ദവതാല്‍പ്പര്യത്തിനായി ധീരമായ നിലപാട് അദ്ദേഹം എക്കാലവും എടുത്തുപോന്നു. 1968 ല്‍ തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണത്തിനുവേണ്ടി നടന്നുവന്ന പ്രക്ഷോഭത്തില്‍ എന്‍എസ്എസ് അധ്യക്ഷന്‍ ആയിരുന്ന മന്നത്തു പത്മനാഭന്‍ പങ്കെടുക്കാന്‍ തീരുമാനമെടുത്തു. അത് എന്‍എസ്എസ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായി. അധ്യക്ഷസ്ഥാനം ആരെയെങ്കിലും ഏല്‍പ്പിച്ചുവേണം പ്രത്യക്ഷ പ്രക്ഷോഭത്തില്‍ ചേരാന്‍. മുതിര്‍ന്ന പ്രവര്‍ത്തകരാരും സര്‍.സി.പി.യെ ഭയന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഗോവിന്ദ മേനോന്‍ ധൈര്യപൂര്‍വം അതിനു തയ്യാറായി എന്നു മാത്രമല്ല സംഭവബഹുലമായ ഏതാനും വര്‍ഷങ്ങള്‍ ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്തു. പ്രസിദ്ധമായ മൂത്തകുന്നം പ്രസംഗത്തെ തുടര്‍ന്ന് രാജദ്രോഹ കുറ്റം ചുമത്തി സര്‍ സി.പി. മന്നത്തിനെ തടവിലാക്കി. രാജഭരണം അവസാനിച്ച്, ഐതിഹാസികമായ ഹിന്ദുമഹാമണ്ഡല രൂപീകരണവും നിര്‍ഭാഗ്യകരമായ അതിന്റെ തകര്‍ച്ചയും കേരളത്തിലെ ഓരോ ഹിന്ദുവും സാധനാപാഠമായി കരുതേണ്ടതാണ്. മേനോന്‍ സാറിന്റെ അധ്യക്ഷതയിലാണ് എന്‍എസ്എസ് ഹിന്ദു മണ്ഡലത്തില്‍ വിലയിക്കാനുള്ള തീരുമാനമെടുത്തത്. മഹാമണ്ഡലത്തിന്റെ കൊല്ലം കണ്‍വെന്‍ഷനില്‍ സന്നദ്ധഭടന്മാരായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്വയംസേവകര്‍ പ്രവര്‍ത്തിച്ചു. മാധവജി, ഭാസ്‌കര്‍റാവു മുതലായ പ്രചാരകന്മാര്‍ ഹിന്ദു മഹാമണ്ഡലത്തിന്റെ പ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് സംഘാദര്‍ശത്തില്‍ അവരെ ആകൃഷ്ടരാക്കി. അതാണ് മേനോന്‍ സാറിന്റെ സംഘത്തോടടുപ്പിച്ച പ്രധാന ഘടകം. മഹാമണ്ഡലത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി വന്ന എന്‍.ഐ. നാരായണന്‍ പിന്നീട് സംഘത്തിന്റെയും വിദ്യാഭാരതിയുടെയും ദേശീയതലത്തില്‍ പ്രശസ്ത പ്രവര്‍ത്തകനായി.
മേനോന്‍ സാറും മന്നത്തുപത്മനാഭനും പങ്കെടുത്ത ആലപ്പുഴയിലെ ഒരു യോഗം കലക്കാന്‍ കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചു. സ്വയംസേവകരുടെ ജാഗ്രതമൂലം അവര്‍ക്കു പിന്മാറേണ്ടിവന്നു. പരിക്കുകളോടെ മാത്രം.
പിന്നീട് കേരളത്തിലെ പ്രമുഖ നേതാവായി വളര്‍ന്ന പി.ടി.ചാക്കോ നിയമബിരുദം നേടി കോട്ടയത്തെത്തി. സര്‍ സി.പി.യെ ഭയന്നു മുതിര്‍ന്ന ക്രൈസ്തവ വക്കീലന്മാരും അദ്ദേഹത്തെ ജൂനിയര്‍ ആയി എടുക്കാന്‍ തയാറായില്ല. നിസ്സഹായനായ പി.ടി. ചാക്കോയെ മേനോന്‍ സാര്‍ വിളിച്ചുവരുത്തി തന്റെ ജൂനിയറായി സന്നദെടുക്കാന്‍ സഹായിച്ചു.
ഹിന്ദുസമാജത്തെ ബാധിക്കുന്ന എന്തു പ്രശ്‌നമുണ്ടായാലും അതില്‍ അദ്ദേഹമിടപെടുമായിരുന്നു. അതിനുദാഹരണമായി അസംഖ്യം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഭരണങ്ങാനത്തെ വാഴ്‌ത്തപ്പെട്ട സിസ്റ്റര്‍ അല്‍ഫോന്‍സയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലം ഒരു നമ്പൂതിരി ഇല്ലം വകയായിരുന്നു. അവിടെ ശേഷിച്ച ഒരു ബാലന്‍, അച്ഛന്റെ മരണത്തെ തുടര്‍ന്നു കുട്ടനാട്ടിലെവിടെയോ ഉള്ള അമ്മാത്താണ് വളര്‍ന്നത്. കല്ലേലി എന്ന ഭരണങ്ങാനത്തെ ഇല്ലം തകര്‍ന്നു വീണ് സ്ഥലം അനാഥമായി കിടന്നു. അവിടെ ക്രമേണ അല്‍ഫോന്‍സയുടെ ഓര്‍മസ്ഥലം ഉയര്‍ന്നുവന്നു. പത്മനാഭന്‍ എന്ന നമ്പൂതിരി ബാലന്‍ പ്രായപൂര്‍ത്തിയായപ്പോള്‍, തന്റെ സ്വന്തം ഇല്ലവും സ്ഥലവും അന്യാധീനമായതും, അവിടെ വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്നതുമറിഞ്ഞു. കോട്ടയത്തെ മേനോന്‍ സാറിനെ കണ്ട് സഹായമഭ്യര്‍ത്ഥിച്ചു. അദ്ദേഹം രേഖകള്‍ പരിശോധിച്ച് കോടതി നടപടികളാരംഭിച്ചു. നമ്പൂതിരിയുടെ ഭാഗം ശരിയാണെന്നു കണ്ട് സ്ഥലം വിട്ടുകൊടുക്കാന്‍ വിധിയുണ്ടായി. 1950-60 കാലത്തെ പത്രങ്ങളില്‍ ഇതുസംബന്ധമായ വാര്‍ത്തകള്‍ നിറഞ്ഞുനിന്നു. ക്രിസ്ത്യന്‍ നേതാക്കള്‍ കഠിനമായി പ്രയത്‌നിച്ചു നമ്പൂതിരിയെ പ്രലോഭിപ്പിച്ച്, നല്ല തുക നമ്പൂതിരിക്ക് നല്‍കി, അവകാശങ്ങള്‍ രേഖാമൂലം വാങ്ങുകയായിരുന്നു. അദ്ദേഹം പല സംരംഭങ്ങളുമായി മലബാറില്‍ വണ്ടൂര്‍ എന്ന സ്ഥലത്തേക്കു മാറി.
കടപ്പാട്ടൂര്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്തിനടുത്താണ് പാലാ കത്തീഡ്രല്‍. പുഴയോരത്ത് മുമ്പ് കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ചു കൃഷി സ്ഥലമൊരുക്കിയ ജോലിക്കാരാണ്, ഒരു വൃക്ഷത്തിനടുത്ത് വേരുപടലത്താല്‍ ചുറ്റപ്പെട്ട അപൂര്‍വ വിഗ്രഹം കണ്ടെത്തിയത്. സമീപവാസികളായ ഹിന്ദുക്കളും ക്രിസ്ത്യാനികളുമായി, സ്ഥലത്തിന്റെയും വിഗ്രഹത്തിന്റെയും പേരില്‍ സംഘര്‍ഷാവസ്ഥയുണ്ടായപ്പോള്‍, അവിടെ മേനോന്‍ സാറിന്റെ ഉപദേശവും നേതൃത്വവുമാണ് സ്ഥിതിഗതികളെ നിയന്ത്രിച്ചത്. ആയിരക്കണക്കിനാളുകള്‍ അവിടെ നാമജപവും ഭജനയുമായി അഹോരാത്രം ജാഗൃത കാട്ടി. അവിടെനിന്നു തന്നെ സ്ഥലം വാങ്ങാനും ക്ഷേത്രം നിര്‍മിക്കാനുമുള്ള ധനം ഉണ്ടായി. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും നിലയ്‌ക്കാത്ത ജനപ്രവാഹമായി. സ്ഥലം രജിസ്റ്റര്‍ ചെയ്തു അവിടത്തെ കരയോഗത്തിന്റെ പേരിലായിരുന്നു. ജാതിമതഭേദമെന്യേ അവിടെ ആരാധനയ്‌ക്കെത്താമെന്ന് മേനോന്‍ സാര്‍ അഭിപ്രായപ്പെട്ടു. കല്‍ക്കത്തയിലെ ദക്ഷിണേശ്വര ക്ഷേത്ര മാതൃകയില്‍ തുറന്നതും, ഭക്തര്‍ക്കു നേരിട്ട് ആരാധിക്കാവുന്നതുമായ വിധത്തിലായിരുന്നു മേനോന്‍ സാറിന്റെ അഭിപ്രായമനുസരിച്ചു നിര്‍മിച്ച ആദ്യ ക്ഷേത്രം പുതുക്കിപ്പണിതപ്പോള്‍ അത് അടച്ചുപൂട്ടിയവിധത്തിലായി.
1960 കളില്‍ ഉണ്ടായ മാതൃമല ക്ഷേത്രം വീണ്ടെടുക്കുന്ന സമരം, കോട്ടയം താലൂക്കിനെയാകെ പിടിച്ചുകുലുക്കിയ സംഭവമായി. അന്നവിടെ പ്രചാരകനായിരുന്ന ജി. അപ്പുക്കുട്ടനും മുതിര്‍ന്ന സംഘപ്രവര്‍ത്തകന്‍ ഗോവിന്ദപ്പിള്ളയും മുന്നില്‍നിന്നു മാതൃജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങിയ സമരത്തിന്റെ വിജയത്തിലേക്കു നയിക്കാന്‍ മേനോന്‍ സാറിന്റെ ഉപദേശമാണ് സഹായിച്ചത്.
മോനോന്‍ സാറിന് കോട്ടയത്ത് നേടാന്‍ കഴിഞ്ഞ ആദരവിന് സാക്ഷിയാകാന്‍ എനിക്ക് സ്വകാര്യാനുഭവവുമുണ്ട്. 1964 ല്‍ അവിടെ പ്രചാരകനായി എത്തിയപ്പോള്‍ കോട്ടയം പബ്ലിക് ലൈബ്രറിയില്‍ അംഗമാകാന്‍ മോഹമുണ്ടായി. അവിടെ ചെന്നു അന്വേഷിച്ചപ്പോള്‍ ലൈബ്രറിയുടെ ചുമതല വഹിക്കുന്നയാള്‍, അതിനായി പൂരിപ്പിക്കേണ്ട ഫോറം തന്നു. പൂരിപ്പിച്ചുകൊടുത്തപ്പോള്‍ അവിടത്തെ ഒരു എ ക്ലാസ് അംഗത്തിന്റെ മേലൊപ്പുമായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. എന്നു മറുപടി കിട്ടി. കോട്ടയത്തു തീരെ അപരിചിതനായ ഞാന്‍ സംഘത്തിന്റെ ജില്ലാ പ്രചാരകനാണെന്ന് ഫോറത്തില്‍ കാണിച്ച വിവരം പറഞ്ഞപ്പോള്‍ അതുപോരാ എന്നായി. എന്‍. ഗോവിന്ദ മേനോന്‍ സാര്‍ മതിയോ എന്നന്വേഷിച്ചപ്പോള്‍ അദ്ദേഹം ശാന്തനായി. ”മേനോന്‍ സാര്‍ ലൈബ്രറി സ്ഥാപകരില്‍പ്പെടുന്നു, അദ്ദേഹം ഇവിടെ വരുമ്പോള്‍ ഞാന്‍ തന്നെ ഒപ്പിടീപ്പിക്കാം” എന്നു പറഞ്ഞു. പുസ്തകം എടുക്കാന്‍ അനുവദിച്ചു.
സംഘത്തിന്റെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍പ്പെടുന്ന ആളായിരുന്നു ഭയ്യാജി ദാണി. ശ്രീഗുരുജിയെ സംഘത്തില്‍ കൊണ്ടുവന്നതും അദ്ദേഹമായിരുന്നുവത്രേ. അദ്ദേഹം സര്‍കാര്യവാഹ് ആയിരുന്ന കാലത്ത് 1965 ലാണെന്നാണോര്‍മ, കേരളപര്യടനം നടത്തി. ചങ്ങനാശ്ശേരിയിലെ സാംഘിക് പെരുന്ന ഹിന്ദു കോളജ് ആഡിറ്റോറിയത്തിലായിരുന്നു. നൂറില്‍ താഴെ സ്വയംസേവകരെയുണ്ടായിരുന്നുള്ളൂ. രാത്രിയില്‍ പെരുന്നയിലെ വി. മാധവന്‍ നായര്‍ സാറിന്റെ വീട്ടിലാണ് താമസം. ഞാനും ഹരിയേട്ടനും കൂടി ഉണ്ടായിരുന്നു. പിറ്റേന്നു രാവിലെ ബോട്ടില്‍ ആലപ്പുഴക്കു പോകണം. രാവിലെ മേനോന്‍സാറുമായി കോട്ടയത്തെ പ്രചരാകന്‍ മാധവനുണ്ണി അവിടെയെത്തണമെന്നായിരുന്നു വ്യവസ്ഥ. ബോട്ടുയാത്ര വളരെ പ്രശാന്തമായിരുന്നു. ഭയ്യാജിയും മേനോന്‍ സാറും ഉയര്‍ന്ന ക്ലാസിലാണിരുന്നത്. തിരയടങ്ങിയ കനാലുകളില്‍ നിന്നു കായലിലേക്കു പ്രവേശിച്ച സമയത്തു ഭയ്യാജി സിഗററ്റ് പാക്കറ്റ് തുറന്നു ഒരെണ്ണം ”ഡുയു വിഷ് ടു ഹാവ് എ പഫ് മി. മേനന്‍” എന്ന് അന്വേഷിച്ചു അദ്ദേഹത്തിനു കൊടുത്തു. ലൈറ്റര്‍ കത്തിച്ച് ഭയ്യാജി തന്നെ തീയും പിടിപ്പിച്ചു. അവരുടെ സംസാരം ഉയര്‍ന്നതലത്തിലായിരുന്നു. അതില്‍ ‘ചിത്തിര’, ‘മാര്‍ത്താണ്ഡം’ മുതലായ കായല്‍ കൃഷിയുടെ ചരിത്രവും മറ്റും മേനോന്‍ സാര്‍ പറഞ്ഞുകൊടുത്തു.
ഭയ്യാജി സര്‍കാര്യവാഹ് ആയി നിര്‍ണയിക്കപ്പെട്ടപ്പോള്‍ ”ലിങ്ക് എന്ന ഇംഗ്ലീഷ് മാസിക വിഷവും വിദ്വേഷവും നിറഞ്ഞ ഒരു ലേഖനം എഴുതിയതോര്‍ക്കുന്നു. ”ന്യൂ ജനറല്‍ സെക്രട്ടറി. സിഗരറ്റ്‌സ് ആന്‍ഡ് മീറ്റ്” എന്നായിരുന്നു അതിന്റെ ഉപശീര്‍ഷകം. ഏതു പരിസ്ഥിതിയെയും വിജയകരമായി നേരിടാന്‍ പോന്ന പ്രത്യുത്പന്നമതിത്വത്തിന്റെ തികവ്. മേനോന്‍ സാറില്‍ കാണാന്‍ കഴിഞ്ഞുവെന്നതാണ് സുപ്രധാനം. കേരളത്തിലെ ഹിന്ദുത്വത്തിന്റെ നെടുങ്കോട്ട തന്നെയായിരുന്നു ഗോവിന്ദ മേനോന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: