ഗുരുവായൂര്‍: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 5 മുതല്‍ 12 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന് അമ്മമാര്‍ പങ്കെടുത്ത നാരായണീയ പാരായണവും, പൂജിച്ച തുളസിവിത്ത് ഏറ്റുവാങ്ങല്‍ ചടങ്ങും നടന്നു. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാങ്കോട് രാമകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങ്, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് ഉദ്ഘാടനം ചെയ്തു. പ്രബുദ്ധകേരളം മാസിക എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
എസ്. അജിത്കുമാര്‍, ആര്. നാരായണപിള്ള, പി.എസ്. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. സോപാന സംഗീത കലാകാരി വേദ വിനയകുമാറിന് ദേവസ്വം ചെയര്മാന് പുരസ്കാരം നല്കി. പൂജിച്ച തുളസീ വിത്ത് സ്വാമി നന്ദാന്മജാനന്ദയില് നിന്നും അഡ്വ. മങ്കോട് രാമകൃഷ്ണന് ഏറ്റുവാങ്ങി. 10,008 ഭക്തര്‍ 41 ദിവസം നാരായണ മന്ത്രം ജപിച്ച് വളര്‍ത്തിയ തുളസി നാരായണീയ മഹോത്സവത്തില്‍ വച്ച് തുളസീ വിവാഹോത്സവം നടത്തുന്ന ചടങ്ങുകള്‍ക്ക് വേണ്ടിയാണ് പൂജിച്ച തുളസി വിത്ത്. ചടങ്ങുകള്‍ക്ക് എം.ബി. വിജയകുമാര്‍, ഐ.ബി. ശശി, ടി.യു. മനോജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: