തിരുവനന്തപുരം: ഒരു മാസം കൊണ്ട് കാന്‍വാസില്‍ ഗണപതിയുടെ അതിമനോഹരമായ 10000 രേഖാചിത്രങ്ങള്‍ തീര്‍ത്ത് ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ആര്‍ട്ടിസ്റ്റ് മണിലാല്‍ ശബരിമല. 20×5 അടി ക്യാന്‍വാസില്‍ മൈക്രോ പേന ഉപയോഗിച്ച് മണിലാല്‍ പൂര്‍ത്തിയാക്കിയ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ഗണപതി ചിത്രങ്ങളാണ് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറ(യുആര്‍എഫ്)ത്തിന്റെ അംഗീകാരത്തിന് അര്‍ഹമായത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ലോക റെക്കോര്‍ഡ് അംഗീകാര ചടങ്ങില്‍ യുആര്‍എഫ് പ്രതിനിധികള്‍ പങ്കെടുത്തു.
ഈ വര്‍ഷം ജൂണ്‍ 27 മുതല്‍ ജൂലൈ 25 വരെ എല്ലാ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെയെടുത്താണ് തന്റെ സ്വപ്നസൃഷ്ടി പൂര്‍ത്തിയാക്കിയത്. 2008 ല്‍ ഗണപതിയുടെ 4500 അക്രിലിക് പെയിന്റിംഗുകള്‍ ഒരു മാസത്തില്‍ പൂര്‍ത്തിയാക്കി മണിലാല്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.
ബോട്ടണിയില്‍ ബിരുദവും ബിഎഡും നേടിയ മണിലാല്‍ 1999 വരെ ഭൂട്ടാനില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. പത്തനംതിട്ട റാന്നി പെരുനാട് സ്വദേശിയാണ് അറുപതുകാരനായ മണിലാല്‍. ചിത്രരചനയില്‍ ആശയാധിഷ്ഠിത സൃഷ്ടികളിലാണ് മണിലാല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിഘ്നങ്ങള്‍ തീര്‍ക്കുന്ന ദൈവസങ്കല്പ്പമെന്ന നിലയില്‍ ഗണപതിയെയാണ് ആദ്യം വരച്ചത്.
വിഘ്നങ്ങളകറ്റി മനസ്സിന് ഊര്ജ്ജമേറ്റുന്ന ശക്തിയെന്ന വിശ്വാസമാണ് ഗണപതിയുടെ വിവിധ രൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുഴുകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മണിലാല്‍ പറഞ്ഞു. ഗണേശ സങ്കല്‍പ്പത്തിന്റെ മന:ശാസ്ത്രപരവും ദാര്‍ശനികവുമായ പുനര്‍വായനയിലൂടെ ഒരു പുതിയ രീതി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗണേശ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളിലൂടെയാണ് കലാകാരനെന്ന നിലയിലുള്ള ആത്മവിശ്വാസം മണിലാല്‍ നേടിയത്. ഹൈദരാബാദിലെ സൃഷ്ടി ആര്‍ട്ട് ഗാലറിയിലാണ് ആദ്യ പ്രദര്‍ശനം നടന്നത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് വര്‍ഷം ന്യൂഡല്‍ഹിയിലെ അശോക് ഹോട്ടലില്‍ എക്സിബിഷന് നടത്തി. ഈ പ്രദര്‍ശനങ്ങളിലൂടെ മണിലാലിന്റെ സൃഷ്ടികള്‍ ജനശ്രദ്ധ നേടി. ഗണപതി എന്ന സങ്കല്‍പ്പത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനും സൃഷ്ടിയിലേര്പ്പെടാനും ഇത് അദ്ദേഹത്തെ സഹായിച്ചു. നൂതന ആശയങ്ങളുമായി ചേര്‍ത്ത് പരമ്പരാഗത സങ്കല്പ്പങ്ങളില് നിന്നു മാറി പ്രതീകാത്മക സൃഷ്ടികളിലേക്ക് മണിലാല്‍ എത്തി. വിദേശ കലാകാരന്മാര്, ഗവേഷകര്‍, ലോകമെമ്പാടുമുള്ള പ്രഗത്ഭ പ്രൊഫസര്‍മാര്‍ എന്നിവരുമായുള്ള ക്രിയാത്മക ബന്ധം കെട്ടിപ്പടുക്കാനായതിലൂടെ മണിലാലിന്റെ സൃഷ്ടികള്‍ക്ക് സാര്‍വത്രിക സ്വീകാര്യത ലഭിച്ചു.
മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സും (ബിഎഫ്എ), മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സും (എംഎഫ്എ) ഹെദരാബാദില്‍ നിന്ന് മള്‍ട്ടിമീഡിയയില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കിയ മണിലാല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഹിപ്നോതെറാപ്പിയില്‍ ഡിപ്ലോമയും നേടി.
ഇന്ത്യയിലും വിദേശത്തുമുള്ള കലാകാരന്മാരുടെ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാന്‍ സഹായിക്കുന്ന അനോഖി ആര്‍ട്ട് ഫൗണ്ടേഷന് എന്ന ഓപ്പണ്‍ ഗാലറി മണിലാല്‍ ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ ഭാര്യ ഡോ. റാണി എസ്.ഡിയും മകള്‍ കാഞ്ചനയും മണിലാലിന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: