ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചങ്ങനാശ്ശേരി കേന്ദ്രമാക്കി കോട്ടയം ജില്ലയുടെ പ്രചാരകനായി നിയുക്തനായ കാലഘട്ടത്തെ ഓര്‍ക്കാന്‍ കാവാലം ശശികുമാറിന്റെ ധര്‍മായണം വായിച്ചപ്പോള്‍ ഈയിടെ അവസരമുണ്ടായി. അക്കാലത്ത് പെരുന്ന ഹിന്ദു കോളേജിനു മുന്‍വശത്ത് എംസി റോഡിന്റെ മറുതീരത്ത് നീണ്ടുകിടന്ന എന്‍എസ്എസ് ബില്‍ഡിങ്ങിന്റെ മുകള്‍നിലയിലെ ഒരു മുറിയാണ് കാര്യാലയമായി ഉപയോഗിച്ചുവന്നത്. മുന്‍ഗാമിമാരായിരുന്ന എ.വി. ഭാസ്കര്‍ജിയും പി.കെ. ചന്ദ്രശേഖര്‍ജിയും സൃഷ്ടിച്ചിരുന്ന സംഘപാരമ്പര്യത്തെ പിന്തുടരുന്നതിനാണ് എനിക്കു ഭാസ്കര്‍റാവുവില്‍നിന്നു ലഭിച്ച ഉപദേശം. ഉച്ചസമയത്തും ഒഴിവുസമയത്തും വിദ്യാര്‍ഥി സ്വയംസേവകര്‍ സുഹൃത്തുക്കളുമായി അവിടെ വരുമായിരുന്നു. അതു പുതിയ സ്ഥലങ്ങളിലെ വിദ്യാര്‍ഥികളെ സംഘവുമായടുപ്പിക്കുന്നതിനും, ശാഖകള്‍ വര്‍ധിക്കുന്നതിനും സൗകര്യപ്രദമായി. അത്തരം ഒരു സ്ഥലമാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട വാലടി. വാലടിക്കാര്ക്ക് ഹൈസ്കൂളില്‍ പഠിക്കാനും പെരുന്നയില്‍ വരണമായിരുന്നു. അടുത്ത കരയായ കുമരങ്കരിയില്‍ സ്കൂളുണ്ടെങ്കിലും സ്ഥലപരിമിതി ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് അവധിയായതിനാല്‍ അവിടത്തെ കുട്ടികള്‍ എന്നെ വാലടിക്കു കൊണ്ടുപോകാന്‍ ഉത്സാഹിച്ച് കാര്യാലയത്തിലെത്തി.
അവിസ്മരണീയമായിരുന്നു ആ യാത്ര. അവരോടൊപ്പം മൂന്നു കി.മീ നടന്ന് വാഴപ്പിള്ളിയിലെത്തി. അവിടത്തെ കടവത്തു തോണി വന്നപ്പോള്‍ അവരോടൊപ്പം അതില്‍ കയറിയാണ് പോയത്. വിശാലമായ പാടം, നോക്കെത്താവുന്നത്ര അകലെവരെ ഒരേ ദൃശ്യം നല്കി. അര മണിക്കൂര്‍കൊണ്ട് കുമരങ്കരിയിലെത്തി. അവിടെയിറങ്ങി ഒറ്റത്തെങ്ങു തടിപ്പാലം കടന്നാല്‍ വാലടിയായി. ആ പാലം കടക്കുമ്പോള്‍ ബാലന്‍സ് നിലനിര്‍ത്താന്‍ ഒരു വടം അക്കരെയിക്കരെ ഉറപ്പിച്ചിരുന്നു. തലയില്‍ ചുമടുമായി കയര്‍ പിടിക്കാതെതന്നെ അനായാസം പാലം കടന്നുവരുന്ന കര്‍ഷകസ്ത്രീകളെ കണ്ട് വിസ്മയംകൊണ്ടു. ഒറ്റതടിപ്പാലം പുതുമയല്ലെങ്കിലും ആഴമുള്ള പുഴ താഴെയുള്ളതിനാല്‍ ഭയന്നുപോയി; പക്ഷേ കടന്നു.
വാലടിക്കര കലാ സാംസ്കാരിക രംഗത്ത് ഏറെ പ്രശസ്തമാണ്. കാവാലം നാരായണപ്പണിക്കരുടെ ‘അവനവന് കടമ്പ’ എന്ന നാടകത്തിന്റെ പശ്ചാത്തലം വാലടിക്കാവിലെ ഉത്സവമാണല്ലോ. അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും പ്രശസ്തരായ നിരവധിപേരുടെ മൂലസ്ഥാനം വാലടിയാണ്. അവരിലൊരാള്‍ സുരേഷ്ഗോപിതന്നെ. വാലടിക്കാവില്‍ പോയി മടങ്ങും വഴി മന്നം ജയന്തി ദിനത്തില്‍, പെരുന്നയിലെ മന്നം സമാധിസ്ഥലത്ത് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന് പ്രവേശനമനുവദിക്കാതെ മടക്കിയയച്ച സംഭവം അക്കാലത്തു വലിയ മാധ്യമശ്രദ്ധയെ ആകര്‍ഷിച്ചിരുന്നു.
കുട്ടനാട്ടിലെ തോണിയാത്ര അനുഭവിപ്പിക്കാന്‍ സ്വയംസേവകര്‍ എന്നെയുമിരുത്തി ദ്വീപിനു ചുറ്റും പോയി. അല്പം മാത്രം അകലെക്കണ്ട ഒരു ബ്രഹ്മാണ്ഡന്‍ വീടാണ് പ്രസിദ്ധമായ ചാലയില്‍ കുടുംബത്തിന്റെ മൂലസ്ഥാനമെന്നു അവര്‍ പറഞ്ഞു. സര്‍ദാര്‍ കെ.എം. പണിക്കരുടെയും ദീനദയാല്‍ജിക്ക് ആതിഥേയനായിരുന്ന കേരളത്തിലെ ജനസംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന ഡോ. കെ.പി. പണിക്കരുടെയും, മലയാളത്തിലെ കവിതാമേഖലയില്‍ ആധുനികതയ്ക്കു സ്ഥാനം നേടിയ അയ്യപ്പപ്പണിക്കര്‍ സാറിന്റെയും, തുല്യതയില്ലാത്ത കാവാലം നാരായണപ്പണിക്കരുടെയും മൂലകുടുംബമാണ് കണ്ടത് എന്നറിഞ്ഞപ്പോള്‍ വിസ്മയം തോന്നി. ഇവരില്‍ പണിക്കര്‍ സാറിന്റെ വിദ്യാര്‍ഥിയായി ഇന്റര്‍മീഡിയറ്റിലും ഡിഗ്രിക്കും പഠിക്കാന്‍ അവസരമുണ്ടായി. തപസ്യയുടെ ആദ്യകാലങ്ങളിലെ ശിബിരങ്ങളിലും മറ്റും നാരായണപ്പണിക്കരെ പരിചയപ്പെടാന്‍ സാധിച്ചു.
തിരുവനന്തപുരത്ത് നടന്ന ഒരു തപസ്യ ശിബിരത്തില്‍, ഒരു പരസ്പര കൂട്ടായ്മയില്‍ അതിഥികളായി കാവാലവും വേണു നാഗവള്ളിയും കൊടിയേറ്റം ഗോപിയുമാണ് പങ്കെടുത്തത്. ചലച്ചിത്രരംഗത്തെ സംസ്കാര സാന്നിധ്യമായിരുന്നു അവിടത്തെ സംവദന വിഷയം എന്നോര്‍ക്കുന്നു. പരിചയപ്പെടുന്നതിനിടയില്‍ ‘കാവാലംകാരന്‍ ശശികുമാര്‍ അവിടെയുണ്ടല്ലോ’ എന്ന് പണിക്കര്‍ പറഞ്ഞു. അന്നു ശശികുമാര്‍ ദല്ഹിയിലാണെന്നു ഞാനും പറഞ്ഞു.
കവിത മാത്രമല്ല ഏതു സാഹിത്യ വിഭാഗത്തിലും ശശികുമാര്‍ കൃതഹസ്തനാണ് എന്നു അദ്ദേഹത്തിന്റെ രചനകള്‍ നമ്മെ ബോധ്യപ്പെടുത്തും. വാചകങ്ങളിലെ കസര്‍ത്തിനെക്കാള്‍ ആശയങ്ങളുടെ സൂക്ഷ്മതയും തീവ്രതയും ഓരോ രചനയിലും അനുഭവിപ്പിക്കുന്നുണ്ടാവും. ഞാന്‍ ലേഖനങ്ങളും മറ്റും എഴുതാന്‍ മാധവജി പ്രോത്സാഹിപ്പിച്ചിരുന്നു. മൂര്‍ച്ചയുള്ള വാക്കുകളല്ല മൃദുവായ വാക്കുകളിലൂടെ മൂര്‍ച്ചയുള്ള ആശയങ്ങളാണ് എഴുത്തില്‍ പ്രയോഗിക്കേണ്ടതെന്നദ്ദേഹം പറഞ്ഞു. ശശികുമാറിന്റെ ലേഖനങ്ങളില്‍ അതു യഥാര്ത്ഥമായിട്ടുണ്ട്. ജന്മഭൂമിയിലെ പല എഴുത്തുകാരുടെയും മേന്മ ആ രംഗത്താണ് എന്നത് ആരും സമ്മതിക്കും.
ശശികുമാര്‍ രചിച്ച ചില പുസ്തകങ്ങള്‍ ഈയിടെ കൊടുത്തയയ്ക്കുകയുണ്ടായി. അതു വായിച്ചപ്പോഴാണ് ഈ ലേഖനം എഴുതാന്‍ ഇരുന്നത്. രാമായണം ധര്‍മായണം തന്നെയാണല്ലോ. രാമായണമെന്നല്ല നമ്മുടെ ഗ്രന്ഥങ്ങളൊക്കെ അങ്ങിനെതന്നെ. ഇന്ന് ചിങ്ങം ഒന്നാം തീയതിയാണ് ഇതെഴുതുന്നത്. ഇന്നലെ രാത്രി അധ്യാത്മരാമായണം വായിച്ചുതീര്‍ത്തു.
കുട്ടനാട്ടിന് സഹജമാണ് സാഹിത്യവാസനയെന്നു തോന്നുന്നു. ഒരിക്കല്‍ ശശികുമാറിന്റെ കാവാലത്തെ വീട്ടില്‍ പോയിരുന്നു, അദ്ദേഹത്തിന്റെ വിവാഹത്തലേന്ന്. തൊടുപുഴയില്‍നിന്ന് ബസ്സിന് ചങ്ങനാശ്ശേരിക്ക്, അവിടെനിന്ന് ആലപ്പുഴ ബസ്സില്‍ കാവാലത്തേക്ക്. അതൊരു യാത്രതന്നെയായിരുന്നു. വെയിലത്ത് ഏതാണ്ട് ഒരു നാഴിക നടന്ന്, കടവു കടന്ന് പുഴയോരത്തൂടെ നടന്നുവേണമായിരുന്നു വീട്ടിലെത്തുവാന്‍. വൈകുന്നേരംവരെ അവിടെയിരുന്നു വീട്ടവിശേഷങ്ങള് സംസാരിച്ചു. പ്രതിശ്രുതവധു ചങ്ങനാശ്ശേരി വാഴപ്പിള്ളിക്കാരിയാണ്. അപ്പോള്‍ ഞാനറിയുന്ന കുടുംബമാവുമെന്നു വിചാരിച്ചു. അവര്‍ അധ്യാപനവൃത്തിയിലായിരുന്നു. ഇന്നുമങ്ങിനെതന്നെ.
ധര്മായണത്തിന് ചിത്രങ്ങള്‍ വരച്ച ഒ.ബി. നാസറിനെക്കുറിച്ച് രണ്ട് വാക്ക്. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജന്മഭൂമിയില് ചിത്രകാരനായി ചേര്‍ന്ന നാസര്‍, പത്രം കടന്നുവന്ന കനല്‍വഴികള്‍ കടന്ന കലാകാരനാണ്. പത്രത്തിന്റെ മേക്കപ്പ് മുതലുള്ള സാങ്കേതികവിദ്യകളിലൊക്കെ പരിചയം ജന്മഭൂമിയില്‍നിന്ന് നേടി. ചിത്രകലാ വിദ്യാലയക്കാര്‍ ജന്മഭൂമിക്കു പറ്റുമെന്നു പറഞ്ഞയച്ച ആളാണ്. ഇടയ്ക്കു മനോരമയിലും, മുംബൈയിലും ജോലി ചെയ്തിരുന്നു. വീണ്ടും ജന്മഭൂമിയിലെത്തിയതായി കാണുന്നതു സന്തോഷപ്രദമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: