ബാകു: ഫിഡെ ചെസ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്കാരനായ അര്ജുന് എരിഗെയ്സിയെ അട്ടിമറിച്ച് 18കാരന് പ്രജ്ഞാനന്ദ സെമിയില്‍. ആദ്യ ഗെയിം അര്ജുന് എരിഗെയ്സി ജയിച്ചപ്പോള്‍ രണ്ടാം ഗെയിമില്‍ പ്രജ്ഞാനന്ദ തിരിച്ചടിക്കുകയായിരുന്നു. പിന്നീട് ടൈബ്രേക്കറിലും പ്രജ്ഞാനന്ദ ജയം ഉറപ്പിച്ചതോടെ സെമിയില്‍ കടന്നു. ഈ ടൂര്‍ണ്ണമെന്റില്‍ ജേതാവാകും എന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്ന ഹികാരു നകാമുറയെ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ ക്വാര്‍ട്ടറിലേക്ക് കടന്നത്.
ഇതോടെ ലോകകപ്പ് ചെസില്‍ വിശ്വനാഥന് ആനന്ദിന് ശേഷം സെമി ഫൈനലിലെത്തുന്ന ഇന്ത്യക്കാരനായി പ്രജ്ഞാനന്ദ മാറി. ഇതിന് മുന്‍പ് 2002 ല്‍ ആണ് ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് ഫിഡെ ലോക ചെസില്‍ സെമിയില്‍ കടന്ന ഒടുവിലത്തെ ഇന്ത്യക്കാരന്. നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രജ്ഞാനന്ദ ഇന്ത്യയെ പ്രതിനിധീകരിച്ച് സെമിയില്‍ എത്തുന്നത്. സെമിയില്‍ ശക്തനായ എതിരാളിയുടെ പ്രജ്ഞാനന്ദയെ കാത്തിരിക്കുന്നത്. അമേരിക്കന്‍ ഗ്രാന്മാസ്റ്റര് ഫാബിയാനോ കരുവാന.
ഈ ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമിലാണ് അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സള്‍. ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം ഡി.ഗുകേഷിനെ തോല്പിച്ച് മാഗ്നസ് കാള്സന് സെമിയില്‍ കടന്നു. അസര്‍ബൈജാന്റെ നിജാത് അബസോവിനെ മാഗ്നസ് കാള്സന് സെമിയില്‍ നേരിടും. ഇന്ത്യന്‍ ഗ്രാന്റ്മാസ്റ്റര്‍ വിദിത് ഗുജറാത്തിയെ തോല്പിച്ചാണ് നിജാത് അബസോവ് സെമിയില്‍ കടന്നത്.
സെമിയിലെത്തിയതോടെ 2024ലെ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പ്രജ്ഞാനന്ദ യോഗ്യത നേടി. ഈ ടൂര്‍ണ്ണമെന്റിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. എന്നാല്‍ താന്‍ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ മാഗ്നസ് കാള്സന് പ്രസ്താവിച്ചതോടെ പ്രജ്ഞാനന്ദ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടുകയായിരുന്നു. കാനഡയിലെ ടൊറന്റോയില്‍ 2024 ഏപ്രില്‍ മുതലാണ് കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റ്. ഇതുവരെ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റില്‍ കളിച്ചിട്ടുള്ള ഏക ഇന്ത്യക്കാരന് വിശ്വനാഥന് ആനന്ദ് മാത്രമാണ്. നിലവിലുള്ള ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താന്‍ വേണ്ടി ഫിഡെ(ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്) നടത്തുന്ന ടൂര്‍ണ്ണമെന്റാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റ്. ആകെ എട്ടു കളിക്കാരാണ് ഇതില്‍ മത്സരിക്കുക. കഴിഞ്ഞ ലോകകപ്പ് മത്സരത്തില്‍ റണ്ണര്‍ അപ്പായ ഇയാന്‍ നെപ്പോമ്നിയാച്ചി കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ മത്സരിക്കാന്‍ യോഗത്യ നേടി. ഇപ്പോള്‍ ഫിഡെ ലോകകപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ ഫാബിയോനോ കരുവാന, പ്രജ്ഞാനന്ദ, നിജാത് അബസോവ് എന്നിവരും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റിന് യോഗ്യത നേടിക്കഴിഞ്ഞു. 2024 ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 15 വരെയാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റ് നടക്കും. ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ചൈനീസ് താരം ഡിങ് ലിറനുമായി കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റിലെ ജേതാവ് ലോക ചെസ് കിരീടത്തിനായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: