കറാച്ചി (പാകിസ്ഥാന്): ആരാധനാസ്വാതന്ത്ര്യം അവകാശപ്പെട്ട് പാകിസ്ഥാനില്‍ ഹിന്ദുപ്രക്ഷോഭം. പാകിസ്ഥാനിലെ നരോവാള്‍ ജില്ലയിലാണ് ഹിന്ദുസംഘടനകള്‍ നിരത്തിലിറങ്ങിയത്. നാരോവാളില്‍ ആകെയുള്ള രണ്ട് ക്ഷേത്രങ്ങളും അടച്ചുപൂട്ടി ക്ഷേത്രഭരണത്തിനായുള്ള ട്രസ്റ്റ് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരായാണ് പ്രക്ഷോഭം.
ആകെ 1253 ഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന നാരോവാളില്‍ വലിയതോതിലുള്ള ന്യൂനപക്ഷ പീഡനമാണ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്രാരാധന തടയുക മാത്രമല്ല, മരണം, വിവാഹം തുടങ്ങിയ അവസരങ്ങളില്‍ വിശ്വാസപരമായ ആചാരങ്ങള്‍ നടത്തുന്നതിനും പാകിസ്ഥാനിലെ പ്രാദേശിക ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം ഹോളി, ദീപാവലി, രക്ഷാബന്ധന് തുടങ്ങിയ
ഉത്സവങ്ങള്ക്കുപോലും നാരോവാളിലെ ഹിന്ദുക്കള്‍ക്ക് സിയാല്‍കോട്ടിലോ, ലാഹോറിലോ, റാവല്‍പിണ്ടിയിലോ പോകേണ്ട അവസ്ഥയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം, ബലാത്സംഗം തുടങ്ങിയ ക്രൂരതകള്‍ക്കും നാരോവാളിലെ ഹിന്ദുസമൂഹം ഇരകളാകുന്നുണ്ടെന്നും ഇതിനെതിരെ പാക് ഭരണകൂടം നടപടികളെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പാക് ഭരണകൂടത്തിനെതിരെ നാരോവാളില്‍ കഴിഞ്ഞ ഒരാഴ്ചയായി ഹിന്ദുസമൂഹം നടത്തുന്ന വിമോചന പ്രക്ഷോഭം ഇപ്പോള്‍ മറ്റ് ജില്ലകളിലും ചലനം സൃഷ്ടിച്ചു തുടങ്ങി.
വിശ്വാസത്തിലൂന്നി ജീവിക്കാനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കറാച്ചിയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സംരക്ഷണ മാര്‍ച്ച് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. അസഹിഷ്ണുത അവസാനിപ്പിക്കണം, നിര്‍ബന്ധിത മതംമാറ്റം തടയണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും രാജ്യത്തുടനീളം പതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: