സിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുകള്‍ ജനജീവിതത്തെ ബാധിച്ചു. സിംലയിലെ സമ്മര്‍ ഹില്‍, കൃഷ്ണ നഗര്‍, ഫാഗ്ലി എന്നിവിടങ്ങളിലെ മണ്ണിടിച്ചില്‍ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് ഇന്ന് അവധി നല്‍കിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന തുടര്‍ച്ചയായ മഴയ്ക്ക് ശമനമായത് ജനങ്ങള്‍ക്ക് ആശ്വാസമായി. എങ്കിലും പലയിടത്തും ഉരുള്‍പൊട്ടല്‍ തുടരുന്നുണ്ട്. ഇന്നലെ സിംലയിലെ കൃഷ്ണനഗറിലുണ്ടായ മണ്ണിടിച്ചിലില്‍ കാര്യമായ നഷ്ടം സംഭവിച്ചു. ഇതുവരെ രണ്ട് മൃതദേഹങ്ങളാണ് അവിടെ നിന്ന് കണ്ടെടുത്തത്. മറ്റുള്ളവര്‍ കുടുങ്ങിക്കിടക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. അതിനിടെ, മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു കൃഷ്ണനഗറിലെ സംഭവസ്ഥലം സന്ദര്‍ശിച്ചു, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്കി. ഷിംലയിലെ സമ്മര്‍ഹില്ലിലെ ശിവ് ബരാദി ക്ഷേത്ര പരിസരത്ത് നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തതോടെ ആകെ എണ്ണം 13 ആയി.
കാന്‍ഗ്ര ജില്ലയില്‍ ഇന്‍ഡോറയിലും ഫത്തേപൂരിലും കുടുങ്ങിയവരെ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇരു പ്രദേശങ്ങളില്‍ നിന്നും ഇതുവരെ 766 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി, ജലവിതരണം തുടങ്ങിയ അവശ്യസര്‍വീസുകള്‍ തടസപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടാകുന്നതിനാല്‍ ഗതാഗതക്കുരുക്കില്‍ ജനങ്ങളും ബുദ്ധിമുട്ടുകയാണ്. നിലവില്‍ സംസ്ഥാനത്ത് 698 റോഡുകളിലും 4 ദേശീയ പാതകളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.ആകെ 61 പേരാണ് മഴക്കെടുതികളില്‍ ഹിമാചലില്‍ മരണമടഞ്ഞത്.
അതേസമയം, ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ രണ്ട് ദിവസം മുമ്പ് പെയ്ത കനത്ത മഴയെ തുടര്‍ന്ന് മദ്മഹേശ്വരില് റാഷി-ഗൗണ്ടര്‍ പാലം തകര്‍ന്നു. ഒറ്റപ്പെട്ട തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ വിന്യസിച്ചു. ഒറ്റപ്പെട്ട ആളുകളെ വിമാനമാര്‍ഗം എത്തിക്കുന്നതിനായി നാനുവില് താത്കാലികവും ബദല്‍ ഹെലിപാഡും സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: