റോം: ഇറ്റലി ദേശീയ ഫുട്ബോള്‍ ടീം പരിശീലകന് റോബര്‍ട്ടോ മാന്‍സിനി രാജിവച്ചു. ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്(എഫ് ഐ ജി സി) ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. 2021 യൂറോകപ്പ് കിരീടവും ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച യുവേഫ നേഷന്‍സ് ലീഗില്‍ മൂന്നാം സ്ഥാനവും ഇറ്റലിക്ക് നേടിക്കൊടുത്ത ശേഷമാണ് പടിയിറക്കം.
2018ല്‍ ആരംഭിച്ച അസൂറികളുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ഏട് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2023 നേഷന്‍സ് ലീഗ് ഓടെ അവസാനിച്ചിരിക്കുന്നു- എന്ന് എഫ്ഐജിസി പ്രസ്താവനയില്‍ വിവരിച്ചു.
1958ന് ശേഷം ആദ്യമായി ഇറ്റലിക്ക് യോഗ്യത നേടാന്‍ കഴിയാതെ പോയ ഫിഫ ലോകകപ്പ് പതിപ്പായിരുന്നു 2018ലേത്. തുടര്‍ന്ന് വന്‍ തകര്‍ച്ചയിലായ ടീമിന്റെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ദൗത്യം എഫ്ഐജിസി മാന്‍സിനിയെ ഏല്‍പ്പിക്കുകയായിരുന്നു.
മാന്‍സിനിയുടെ ടീമായി ഇറങ്ങിയ അസൂറികള്‍ 2021 ജൂലൈയില്‍ വെംബ്ലി സ്റ്റേഡിയത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് യൂറോ കപ്പ് നേടി. ഇറ്റലിയുടെ രണ്ടാം യൂറോ കിരീടനേട്ടമായിരുന്നു അത്. ടൂര്‍ണമെന്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച ഇറ്റലി ലോക ഫുട്ബോള്‍ പ്രേമികളെയാകെ ത്രസിപ്പിച്ചാണ് കപ്പടിച്ചത്.
പക്ഷെ പിന്നീട് ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് കടന്നപ്പോള്‍ ടീം വീണ്ടും തകര്‍ച്ചയിലായി. 2022 മെയില്‍ നടന്ന യോഗ്യതാ മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍ പരാജയപ്പെട്ട് തുടര്‍ച്ചയായി രണ്ടാം വട്ടവും ഇറ്റലി ലോകകപ്പിനില്ലെന്ന സ്ഥിതിയായി. അന്ന് മാന്‍സിനിയെ പുറത്താക്കണമെന്ന് എഫ്ഐജിസിയില് നിന്നടക്കം സമ്മര്‍ദ്ദമുയര്‍ന്നെങ്കിലും സംഘടനാ പ്രസിഡന്റ് തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഒരുവര്‍ഷത്തിനിപ്പുറം യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍ ടീമിനെ എത്തിച്ച് മൂന്നാം സ്ഥാനം നേടിക്കൊടുത്തു.
പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായിരുന്ന കാലത്ത് ടീമിന് പ്രഥമ ലീഗ് ടൈറ്റില്‍ നേടിക്കൊടുത്ത മാനേജരാണ് റോബര്‍ട്ടോ മാന്‍സിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: