തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം തകര്‍ന്നു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തോട് വിമുഖത. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാം ക്ലാസ്സുകളില്‍ 10,164 കുട്ടികള്‍ കുറഞ്ഞു. 5052 കുട്ടികള്‍ അണ്‍എയ്ഡഡ് സ്കൂളുകളില്‍ വര്‍ധിച്ചു.
പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ആകെ കുറഞ്ഞത് 10,164 കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 1,05,468 വിദ്യാര്‍ത്ഥികളായിരുന്നെങ്കില്‍ ഇത്തവണ 99,566 ആയി കുറഞ്ഞു. എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ 1,62,834 കുട്ടികളുണ്ടായിരുന്നത് ഇത്തവണ 1,58,583 ആയി. അതേസമയം, അണ്‍എയ്ഡഡ് സ്കൂളുകളില്‍ 5052 കുട്ടികള്‍ കൂടി. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ 34,866 കുട്ടികള്‍ പ്രവേശനം നേടിയത് ഇത്തവണ 39,918 ആയി ഉയര്‍ന്നു. 2021-22ല്‍ 3,48,741 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. എന്നാല്‍ അതിന് ശേഷം രണ്ട് അധ്യയന വര്‍ഷങ്ങളിലായി അരലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസില്‍ മാത്രം കുറഞ്ഞത്.
രണ്ടാം ക്ലാസ്സുകളിലും അണ് എയ്ഡഡ് മേഖലയില്‍ കുട്ടികള്‍ കൂടി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ രണ്ടാം ക്ലാസിലും കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോള്‍ അണ് എയ്ഡഡില്‍ വര്‍ധനയുണ്ടായി. അണ് എയ്ഡഡ് സ്കൂളുകളില്‍ രണ്ടാം ക്ലാസില്‍ 2606 കുട്ടികള്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഒന്നില്‍ 34,866 കുട്ടികളുണ്ടായിരുന്നത് ഇത്തവണ രണ്ടാം ക്ലാസില്‍ 37,472 ആണ് അണ് എയ്ഡഡില്‍ എത്തിയത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഈ വര്‍ഷം രണ്ടാം ക്ലാസിലെത്തിയതില് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1177 കുട്ടികള്‍ കുറവാണ്. എയ്ഡഡില്‍ കഴിഞ്ഞ വര്‍ഷം ഒന്നില്‍ 1,62,834 പേരുണ്ടായിരുന്നത് ഇത്തവണ രണ്ടിലേക്ക് എത്തിയത് 1,63,878 പേരാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ്, അണ് എയ്ഡഡ് മേഖലകളില്‍ ഒന്ന് മുതല്‍ പത്ത് വരെ പ്രവേശനം നേടിയത് മൊത്തം 38,33,399 കുട്ടികളായിരുന്നു. ഇത്തവണയത് 86,752 കുട്ടികള്‍ കുറഞ്ഞ് 37,46,647 ആയി.
2016 ല്‍ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും മറ്റ് ക്ലാസ്സുകളിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി എത്തുന്ന കുട്ടികളുടെയും എണ്ണം കൂടിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടികള്‍ അണ് എയ്ഡഡ് മേഖലയിലേക്ക് ഒഴുകിത്തുടങ്ങി. ഇത് സംസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ ഗുണനിലവാരത്തില്‍ സംശയം ഉയര്‍ത്തുന്നതാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.
ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം പുസ്തകമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം പുസ്തകമായി തയാറാക്കി ഓണത്തിന് ശേഷം കുട്ടികളുടെ കൈകളിലെത്തിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
ഒഴിവാക്കിയ വിഷയങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കണമെന്ന തീരുമാനമുണ്ടായി. ഇവ ഉള്‍ക്കൊള്ളിച്ച് പുതിയ പാഠപുസ്തകം തയാറാക്കി. ഓണാവധി കഴിഞ്ഞാല്‍ ഇത് കുട്ടികളുടെ കൈയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇത് പരീക്ഷയിലും ഉള്‍പ്പെടുത്തും. എങ്കിലേ കുട്ടികള്‍ പഠിക്കൂ. സാധാരണ പാഠപുസ്തകത്തിന്റെ ഭാഗമായി തന്നെ മാറുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: