തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍. തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യസമ്പത്ത്, നാളികേരം, കയര്‍, കൈത്തറി, കശുവണ്ടി വ്യവസായങ്ങളും കാര്‍ഷികമേഖലകളും തകര്‍ന്നു കൊണ്ടിരിക്കുന്നു. രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ യാതൊരു സാമ്പത്തിക ചുറ്റുപാടുമില്ലാതെയിരുന്ന നേതാക്കളുടെ ഇപ്പോഴത്തെ ആസ്തി എത്രയാണ്. കാര്‍ഷിക, വ്യവസായ മേഖലകള്‍ തകരുമ്പോള്‍ നേതാക്കള്‍ മാത്രം വളരുന്നു. കേരളത്തിന്റെ ഈ ദുരവസ്ഥ പരിഹരിക്കപ്പെടണം. തൊഴിലിടങ്ങള്‍ തൊഴിലാളി സൗഹൃദമാക്കുകയും സ്വതന്ത്രമായി തൊഴിലെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് കേരളത്തില്‍ കാലഘട്ടത്തിന്റെ ആവശ്യമായി മാറി. കേരളത്തിന് ഒരു ശരിയായ മാതൃക ഉണ്ടായിരുന്നുവെന്ന കാര്യം നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്നവര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അടുത്ത കാലത്തായി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ജനാധിപത്യപരമല്ലാത്ത വേട്ടയാടലിനും മാധ്യമ സ്വാതന്ത്യത്തിനെതിരെ നടക്കുന്ന വേട്ടയാടലിനും എതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കരാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ അനുവദിക്കുക, കേബിള്‍ ടിവി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ജനാധിപത്യപരമല്ലാത്ത വേട്ടയാടല്‍ അവസാനിപ്പിക്കുക, ലൈനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ഏഷ്യാനെറ്റ് മാനേജ്‌മെന്റ് തൊഴിലാളി സൗഹൃദമാക്കുക എന്നീ പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശന്‍ അധ്യക്ഷനായിരുന്നു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്, ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിച്ചു
ഏഷ്യാനെറ്റ് ഓഫീസര്‍മാരുടെ പുതിയ സംഘടന ബിഎംഎസിന്റെ നേതൃത്വത്തില്‍ രൂപീകൃതമായി. ഏഷ്യാനെറ്റ് ഓഫീസേഴ്‌സ് വെല്‍ഫെയര്‍ സംഘ് പുതിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു.
ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റായി ബി. ശിവജി സുദര്‍ശന്‍, ജനറല്‍ സെക്രട്ടറിയായി കെ.എം. ദീപക് എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വര്‍ക്കിങ് പ്രസിഡന്റ്: അഭിലാഷ് ചന്ദ്രമോഹന്‍. വൈസ് പ്രസിഡന്റുമാര്‍: സുബാഷ് എസ്. ഉദയകുമാര്‍ സി., പ്രദീപ് കുമാര്‍, ഷാന്റി കെ.എഫ്., സനില്‍ കുമാര്‍. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി: ജിജിമോന്‍ ആര്‍. സെക്രട്ടറിമാര്‍: സാജുദീന്‍. കെ.എ, ഉല്ലാസ് കെ. നായര്‍, രാകേഷ് .വി.ആര്‍., സജയ് പി., രാമകൃഷ്ണന്‍ വി., ട്രഷറര്‍: യദു കൃഷ്ണന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: