അന്‍പത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ അവിശ്വാസം ഉന്നയിക്കാം. അതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്. 543 അംഗ സഭയില്‍ പ്രതിപക്ഷത്തിന് 144 അംഗങ്ങളേയുള്ളൂ. 331 അംഗബലം ഭരണകക്ഷിയായ ബിജെപിക്കും സഖ്യത്തിനുമുണ്ട്. അങ്ങും ഇങ്ങും നില്‍ക്കാത്ത 70 അംഗങ്ങളുമുണ്ട്. അതില്‍ എത്രപേരെ ഒപ്പംകിട്ടുമെന്നുപോലും നോക്കാന്‍ നേരമില്ലാതെ അവിശ്വാസപ്രമേയം വോട്ടിനിടണമെന്നാവശ്യപ്പെടാന് നിന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം തുടരവെ പ്രതിപക്ഷം സഭവിട്ടിറങ്ങി. വടികൊടുത്ത് അടിവാങ്ങുക എന്നുകേട്ടിട്ടില്ലെ. അതുപോലെയായി പ്രതിപക്ഷനിലപാട്. രണ്ടേകാല്‍ മണിക്കൂറോളം പ്രധാനമന്ത്രി സഭയില്‍ ഇട്ടലക്കി. മണിപ്പൂരിനെക്കുറിച്ച് എന്തുപറയണമെന്ന് കേള്‍ക്കാനാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നതത്രേ. പക്ഷേ പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.
മണിപ്പൂരില്‍ സംഘര്‍ഷമുണ്ടാക്കിയതും കൊഴുപ്പിച്ചതും കോണ്‍ഗ്രസാണെന്ന സത്യം നരേന്ദ്രമോദി അക്കമിട്ട് നിരത്തി. ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ സമാധാന നീക്കത്തെ അട്ടിമറിച്ചത് പ്രതിപക്ഷമാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഭാരതമാതാവിനെ മണിപ്പൂരില്‍ വെട്ടിമുറിച്ചു എന്നായിരുന്നു രാഹുലിന്റെ ആരോപണം. ആ വാക്ക് ഉപയോഗിക്കാനാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉണ്ടാക്കിയതെന്ന് തോന്നും. ‘മോദിയെ സഭയില്‍ കൊണ്ടുവരാനാണ് പ്രമേയം തന്നെ’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ചൗധരയുടെ പ്രയോഗം. ഇതില്‍ കയറിപ്പിടിച്ച അമിത്ഷായോടും ചൗധരിക്ക് കലിപ്പായിരുന്നു. ‘മോദിക്ക് ദേഷ്യമില്ലല്ലൊ പിന്നെന്താ നിങ്ങള്‍ക്കെ’ന്നും ചോദ്യം.
ആദ്യ അവിശ്വാസപ്രമേയത്തിന്റെ 60-ാം വാര്‍ഷികത്തിലാണ് 28-ാമത്തെ അവിശ്വാസം. 1963 ആഗസ്ത് 19 നാണ് ആദ്യപ്രമേയം. നെഹ്റുമന്ത്രിസഭക്കെതിരെ ആചാര്യ കൃപലാനിയായിരുന്നു പ്രമേയാവതാരകന്. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം 61 വോട്ടിനെതിരെ 346 വോട്ടോടെ പ്രമേയം തള്ളി. മൊത്തം അവിശ്വാസത്തില്‍ 23 എണ്ണവും കോണ്‍ഗ്രസിനെതിരെയായിരുന്നു. മോദിക്കെതിരെ അഞ്ചുവര്‍ഷം മുന്‍പ് പ്രമേയം കൊണ്ടുവന്നതാണ്. 125 വോട്ടിനെതിരെ 325 വോട്ടോടെ അന്ന് പ്രമേയം തള്ളി. ഇപ്പോള്‍ വോട്ട് എണ്ണാന്‍ നിന്നില്ല. ഇനി 2028 ലും പ്രമേയം കൊണ്ടുവരേണ്ടിവരുമെന്ന് മോദി കളിയാക്കി. ഇത്തവണ പ്രതിപക്ഷത്തിന് ഒരൊറ്റ അജണ്ടയേ ഉണ്ടായുള്ളൂ. അതാകട്ടെ മണിപ്പൂര്‍. മണിപ്പൂരിനെപ്പറ്റി മന്ത്രി ജ്യോതിരാദിത്യസിന്ധ്യ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതിപക്ഷത്തിന്റെ നാക്കടങ്ങി.
‘1993ല്‍ മണിപ്പൂരില്‍ അക്രമമുണ്ടായപ്പോള്‍ പി.വി. നരസിംഹറാവു മൗനത്തിലായിരുന്നു. 2011ല്‍ മണിപ്പൂരില്‍ സംഘര്‍ഷമുണ്ടാവുകയും 100 ദിവസത്തോളം റോഡുകള്‍ നിശ്ചലമാവുകയും ചെയ്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് പാര്‍ലമെന്റില്‍ മൗനത്തിലായിരുന്നു. ഇത് നിങ്ങളുടെ സൗകര്യമനുസരിച്ചുള്ള രാഷ്ട്രീയമല്ലാതെ മറ്റെന്താണ്? ജോതിരാദിത്യ സിന്ധ്യ ആഞ്ഞടിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ അങ്കലാപ്പ്. മുന്‍പ് കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് മിണ്ടാത്തവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരുന്ന് ബഹളം വെയ്ക്കുന്നത്. പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പ്രസ്താവന നടത്തണമെന്ന ആവശ്യത്തിന്റെ പേരില്‍ കഴിഞ്ഞ 17 ദിവസമായി അവര്‍ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയാണ്. സിന്ധ്യ ചൂണ്ടിക്കാട്ടി.
സിന്ധ്യ തൊലിയുരിക്കാന്‍ തുടങ്ങിയതോടെ കള്ളം വെളിച്ചത്താവുന്നു എന്ന് കണ്ട പ്രതിപക്ഷം തന്ത്രപൂര്‍വ്വം ഒന്നടങ്കം സഭയില്‍ നിന്നും വാക്കൗട്ട് നടത്തി. ‘ഈ വാക്കൗട്ടിനര്‍ത്ഥം പ്രതിപക്ഷത്തിന് തന്നെ സ്വന്തം അവിശ്വാസപ്രമേയത്തെക്കുറിച്ച് വിശ്വാസമില്ല എന്നാണ്. പുറത്തേക്കുള്ള വഴി ജനങ്ങള്‍ തന്നെ ഒരിയ്ക്കല്‍ പ്രതിപക്ഷത്തിന് കാണിച്ച് കൊടുത്തതാണ്. ഇപ്പോള്‍ അവര്‍ വീണ്ടും പാര്‍ലമെന്റിനകത്ത് നിന്നും കൂടി പുറത്തേക്ക് പോവുകയാണ്.
‘നമ്മുടെ പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റിന് പുറത്ത് സംസാരിച്ചിരുന്നു. പക്ഷെ പാര്‍ലമെന്റിനകത്ത് ചര്‍ച്ച വേണമെന്ന് അവര്‍ വാശിപിടിക്കുന്നു. ആഭ്യന്തരമന്ത്രി പല തവണ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിരുന്നു. എന്നിട്ടും അവര്‍ 17 ദിവസമായി പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. 20 വര്‍ഷത്തോളമായി ഞാന്‍ പാര്‍ലമെന്റിന്റെ ഭാഗമാണ്. പക്ഷെ ഇന്നുവരെ സഭയില്‍ ഇത്തരമൊരു സ്ഥിതിവിശേഷം കണ്ടണ്ടിട്ടില്ല. പ്രധാനമന്ത്രിയെക്കുറിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടത്തുന്ന വില കുറഞ്ഞ പരാമര്‍ശങ്ങളുടെ പേരില്‍ അവര്‍ പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞില്ലെങ്കിലും ഇത് കാണുന്ന ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ മാപ്പ് പറയണം. പ്രധാനമന്ത്രിയുടെയോ രാഷ്ട്രപതിയുടെയോ പദവിയെക്കുറിച്ച് അവര്‍ ശ്രദ്ധിക്കുന്നില്ല. പ്രതിപക്ഷത്തിന് അവരുടെ പദവിയെക്കുറിച്ച് മാത്രമേ ശ്രദ്ധയുള്ളൂ.
‘വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ എല്ലാക്കാലത്തും ആളിക്കത്തിച്ചിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തന്നെയാണ്. ഇവിടെ അക്രമം ഉണ്ടാക്കാന്‍ അവര്‍ വിദേശ രാഷ്ട്രങ്ങളെ അനുവദിക്കുന്നു. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ വിഘടനവാദികളെ കൊണ്ടുവന്നതും അവര്‍ക്ക് പൗരത്വവും പാര്‍പ്പിടവും നല്കിയതും കോണ്‍ഗ്രസാണ്. സ്വന്തം നേട്ടത്തിനായി കോണ്‍ഗ്രസ് നടത്തിയ പ്രീണന രാഷ്ട്രീയത്തില്‍ നിന്നാണ് വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പ്രശ്നങ്ങളും ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം മണിപ്പൂര്‍ സമാധാനപൂര്‍ണ്ണമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോഴത്തേതിനേക്കാള്‍ സായുധ കലാപങ്ങള്‍ മൂന്ന് മടങ്ങ് കുറവാണിപ്പോള്‍. ജ്യോതിരാദിത്യ സിന്ധ്യ കണക്കുകള്‍ നിരത്തി അവകാശപ്പെട്ടു.
‘യുപിഎയുടെ ഭരണകാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തിരസ്കരിക്കപ്പെട്ട 7 സഹോദരിമാര്‍ എന്നായിരുന്നു അറിയപ്പെട്ടത്. വടക്ക് കിഴക്കന്‍ മേഖലയിലെ ഏഴ് സഹോദരിമാര്‍ (ഏഴ് സംസ്ഥാനങ്ങള്‍) മോദി സര്‍ക്കാരിന് മുന്‍പ് പാടെ അവഗണിക്കപ്പെട്ട നിലയിലായിരുന്നു. പക്ഷെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ സംസ്ഥാനങ്ങളെ തമ്മില്‍ തമ്മിലും പുറത്തെ രാഷ്ട്രങ്ങളുമായും ബന്ധിപ്പിച്ചു.’ ദേശീയപാത, റെയില്‍പാളം, വിമാനമേഖല എന്നിവയെല്ലാം മെച്ചപ്പെടുത്തി. രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും ഇന്ത്യ മുന്നണിയെയും അതിനിശിതമായി മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസാണ് മണിപ്പുര്‍ വിഷയത്തിന്റെ മൂലകാരണമെന്നും ആരോപിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തന്റെ ഹൃദയത്തിന്റെ ഭാഗമാണെന്നു പറഞ്ഞ മോദി ഭാരതമാതാവിനെ ഛിന്നഭിന്നമാക്കിയതാണ് കോണ്‍ഗ്രസിന്റെ ചരിത്രമെന്നു കുറ്റപ്പെടുത്തി.
ലങ്ക ഹനുമാനല്ല, അഹങ്കാരമാണ് കത്തിച്ചതെന്നാണ് ചിലര്‍ പറയുന്നത്. അഹങ്കാരം സംരക്ഷിക്കാനുള്ള മുന്നണിയാണ് ഇപ്പോള്‍ അപ്പുറത്തുള്ളത്. എന്നാല്‍, ജനങ്ങള്‍ രാമനെ പോലെയാണ്. അതുകൊണ്ടാണ് 400 സീറ്റുണ്ടായിരുന്നവര് 40 സീറ്റിലൊതുങ്ങിയതെന്നും മോദി പരിഹസിച്ചു.
സ്നേഹത്തിന്റെ കട തുറക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, അത് നുണയുടെ ബസാറിലെ കൊള്ളയുടെ കടയാണ്. വെറുപ്പ്, പ്രീണനം, കുടുംബാധിപത്യം എന്നിവയുടെ കടയാണത്. അഴിമതി, വിഭാഗീയത, ന്യൂനപക്ഷങ്ങളോടു അതിക്രമം, അസത്യം, സേനയുടെ ആത്മാഭിമാനം എന്നിവയൊക്കെയാണ് അവിടെ വില്‍ക്കുന്നത്. ജനങ്ങളുടെ ദുരിതത്തെക്കുറിച്ചു പറയുന്നവര്‍ 50 വര്‍ഷത്തിലേറെ തങ്ങളുടെ പൂര്‍വികര്‍ ഭരിച്ചതിന്റെ ഫലമാണതെന്ന് ഓര്‍ക്കണം. മണ്ണിലിറങ്ങാതെ വളര്‍ന്നവര്‍ക്കാണ് രാജ്യത്തെ ദാരിദ്ര്യം കണ്ട് അദ്ഭുതം തോന്നുന്നത്.
ദരിദ്രന്റെ മകന് പ്രധാനമന്ത്രി സ്ഥാനത്തു വന്നത് സഹിക്കാത്തതു കൊണ്ടാണ് പുതിയ കടയുമായി ഇറങ്ങിയിരിക്കുന്നതെന്ന് മോദി പരിഹസിച്ചു. 2018 ല്‍ അവിശ്വാസം കൊണ്ടു വന്നപ്പോള്‍ 2023 ലും കൊണ്ടുവരുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് മോദി പറഞ്ഞു. 2028 ലും നിങ്ങള്‍ അവിശ്വാസം കൊണ്ടുവരും. അപ്പോഴെങ്കിലും തയാറെടുത്തു വരണം. അടുത്ത 1000 വര്‍ഷത്തേക്കുള്ള അടിത്തറയാണ് ഇപ്പോള്‍ ഇടുന്നത്. അടുത്ത തവണയും എന്‍ഡിഎ ഭരിക്കും. ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള വിഫലമായ ശ്രമമാണ് ഈ അവിശ്വാസ പ്രമേയം. പ്രതിപക്ഷം എന്തിനെ എതിര്‍ത്താലും എതിര്ക്കപ്പെടുന്നവര്ക്ക് നേട്ടമുണ്ടാകും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താനെന്ന് മോദി പറയുന്നുണ്ടായിരുന്നു. 27 പ്രമേയ ചര്‍ച്ചാ വേളയിലും കാണാത്ത വെറുപ്പിന്റെയും വിദ്വേഷത്തിന്റെ സ്വരമാണ് പ്രതിപക്ഷത്തുനിന്നുകണ്ടത്. അതാകട്ടെ കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടം കണ്ട സ്ഥിതിയാണുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: