ക്വാലാലംപുര്‍: ലോക ബാഡ്മിന്റണ്‍ സംഘടന(ബിഡബ്യുഎഫ്) ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മത്സരനിര്ണയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 21 മുതല്‍ 27 വരെ കോപന്ഹേഗനിലാണ് പോരാട്ടം.
16 ഇന്ത്യന്‍ താരങ്ങളാണ് ടൂര്‍ണമെന്റില്‍ പോരടിക്കുന്നത്. നാല് സിംഗിള്‍സ് താരങ്ങളും ആറ് ഡബിള്‍സ് ജോഡികളും. ഇന്ത്യന്‍ സംഘത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും പുരുഷ ഡബിള്‍സ് താരങ്ങളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മാത്രമാണ് ആദ്യപത്തില്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള സീഡഡ് താരങ്ങള്‍. സാത്വിക്-ചിരാഗ് ഷെട്ടി രണ്ടാം സീഡ് ആയാണ് ഇറങ്ങുന്നത്. പ്രണോയ് ടൂര്‍ണമെന്റിലെ ഒമ്പതാം സീഡ് താരമാണ്.
വനിതാ സിംഗിള്‍സില്‍ രണ്ട് വട്ടം ഒളിംപിക് മെഡല്‍ നേടിയ പി.വി. സിന്ധു മാത്രമാണുള്ളത്. 16-ാം സീഡ് താരമായാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങുക. ആദ്യ റൗണ്ടില്‍ താരത്തിന് വിയെറ്റ്നാമിന്റെ തുയ് ലിന് എന്‍ഗുയെന്‍ അല്ലെങ്കില്‍ ജപ്പാന്റെ കരുത്തന് താരം നൊസൊമി ഒകുഹാര ആയിരിക്കും എതിരാളി.
സിന്ധു മുന്നേറ്റം തുടര്‍ന്നാലും മൂന്നാം റൗണ്ടില്‍ മത്സരം പിന്നെയും കട്ടിയാകും. അവിടെ മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് ജേത്രിയായ ഇന്തോനേഷ്യയുടെ റച്ചനോക് ഇന്റാനോണ്‍ ആയിരിക്കും എതിരാളി. ക്വാര്ട്ടറിലെത്തിയാ നിലവിലെ ലോക ഒന്നാം നമ്പര്‍ താരം കൊറിയയുടെ അന് സെയോങ്ങിനെ നേരിടേണ്ടി വരും. സിന്ധുവിന്റെ റാലി മൊത്തത്തില്‍ വിലയിരുത്തിയാല്‍ അല്‍പ്പം കട്ടിയുള്ള ഫിക്സറാണ്.
സിന്ധു, പ്രണോയ്, ശ്രീകാന്ത്, ലക്ഷ്യ സെന്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ഇന്ത്യയുടെ സിംഗിള്‍സ് താരങ്ങള്‍. ശ്രീകാന്തിന് ആദ്യ മത്സരത്തില്‍ തന്നെ നേരിടേണ്ടി വരിക ജപ്പാന്റെ കരുത്തന് താരം കെന്റ നിഷിമോട്ടോയെ ആണ്. പ്രണോയിക്ക് ആദ്യ മത്സരത്തില്‍ ഫിന്‍ലന്‍ഡ് താരം കോളിയോനെന് ആണ് എതിരാളി. 11-ാം സീഡ് താരമായി ഇറങ്ങുന്ന ലക്ഷ്യ സെന്നിന് ആദ്യ മത്സരത്തില്‍ മൗറീഷ്യസിന്റെ ജോര്‍ജസ് ജൂലിയന്‍ പോളിനെ നേരിടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: