ന്യൂദല്‍ഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ വര്‍ഷം തോറും സ്വത്ത് വിവരം പ്രഖ്യാപിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ.ഡിപ്പാര്‍ട്ട്മെന്റ് തല ഉദ്യോഗസ്ഥ, പൊതുജന പരാതി പരിഹാര, നീതി, ന്യായ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ‘ജുഡീഷ്യല്‍ പ്രക്രിയകളും പരിഷ്കാരങ്ങളും’ എന്ന പേരിലുളള റിപ്പോര്‍ട്ടില്‍ ഭരണഘടനാ പദവി വഹിക്കുന്നവരും സര്‍ക്കാര്‍ ജീവനക്കാരും അവരുടെ ആസ്തികളുടെയും ബാധ്യതകളുടെയും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു.
എംപിമാരോ എംഎല്‍എമാരോ ആയി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ സ്വത്തുക്കള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണെന്ന് ബിജെപി രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദി അധ്യക്ഷനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുകയും ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുകയും ചെയ്താല്‍ അവരുടെ സ്വത്തിന്റെ വാര്‍ഷിക റിട്ടേണ്‍ നിര്‍ബന്ധമായും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും അപ്ലോഡ് ചെയ്യുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ പാര്‍ലമെന്ററി പാനലിനെ അറിയിച്ചു.
സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ തങ്ങളുടെ സ്വത്ത് റിട്ടേണുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതിന് ഉചിതമായ നിയമനിര്‍മ്മാണം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ജഡ്ജിമാര്‍ സ്വത്തുക്കള്‍ പ്രഖ്യാപിക്കുന്നത് വ്യവസ്ഥയില്‍ കൂടുതല്‍ വിശ്വാസ്യത കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: