പാലക്കാട്: ഗോവിന്ദാപുരം മോട്ടോര്‍വാഹന ചെക്പോസ്റ്റില്‍ രണ്ടരമണിക്കൂറിനിടെ കൈക്കൂലിയായി വാങ്ങിയത് 16,450 രൂപ. അതേസമയം, 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് വെറും 12,900 രൂപ മാത്രം. കൈക്കൂലിക്ക് പുറമേ ഓറഞ്ച്, ആപ്പിള്‍, പേരയ്ക്ക എന്നിവയും ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തു.
ഇന്നലെ പുലര്‍ച്ചെ രണ്ടുമണിക്കാണ് ഗോവിന്ദാപുരം മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കുവാഹനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങി പരിശോധനകൂടാതെ കടത്തിവിടുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
തിങ്കളാഴ്ച രാത്രി 11 മണി മുതല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പലഭാഗങ്ങളിലായി മൂന്ന് മണിക്കൂറോളം നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്.
ചെക്പോസ്റ്റിന്റെ പരിസരത്ത് പുല്ലുകള്‍ക്കിടയില്‍ ഉപേക്ഷിച്ചിരുന്ന പഴയ കസേരയുടെ അടിയില്‍ പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ച 11,450 രൂപയും, പായയുടെ ഉള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇരുമ്പ് അലമാരയില്‍ നിന്ന് റബര്‍ ബാന്‍ഡ് ചുറ്റിയ കാന്തം കണ്ടെടുത്തെങ്കിലും നോട്ടൊന്നും ലഭിച്ചില്ല.
ഓണത്തോടനുബന്ധിച്ച് ചെക്പോസ്റ്റുകളില്‍ വ്യാപകമായി അനധികൃത പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗോവിന്ദാപുരത്തും പരിശോധന നടത്തിയത്.
വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിനിടെ പുലര്‍ച്ചെ 1.40ന് ചെക്പോസ്റ്റിന് സമീപം രാത്രികാല ചായക്കട നടത്തുന്ന വിനുയെന്നയാള് കട്ടന്‍ചായ കൊണ്ടുവരുന്നതിന്റെ മറവില്‍ ചെക്പോസ്റ്റ് കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎംവിഐക്ക് ഒരു കെട്ട് പണം കൊടുക്കുന്നത് വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടു. പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന എഎംവിഐ മൂന്ന് ദിവസമായി ചെക്പോസ്റ്റില്‍ ജോലിയിലുണ്ട്. എഎംവിഐ പി.സുരേഷ്, ഓഫീസ് അറ്റന്‍ഡന്റ് സന്തോഷ് എന്നിവരാണ് പരിശോധനക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ഒരാഴ്ചമുമ്പ് ഇതേ ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പതിമൂവായിരം രൂപ പിടിച്ചെടുത്തിരുന്നു. കാന്തത്തില്‍ ചുറ്റി ഒളിപ്പിച്ച നിലയിലായിരുന്നു പണം.
വിജിലന്‍സ് ഡിവൈഎസ്പി എസ്. ഷംസുദീന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്പെക്ടര്‍ എസ്.പി. സുജിത്, സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ പി. മനോജ്, വിജിലന്‍സ് എസ്ഐമാരായ ബി.സുരേന്ദ്രന്, കെ.മനോജ്കുമാര്‍, സീനിയര്‍ സിപിഒമാരായ പി.ആര്.രമേഷ്, പി. പ്രമോദ് എന്നിവരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: