തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരേ ഗുരുതര സാമ്പത്തിക ആരോപണം. ചെയ്യാത്ത സേവനത്തിന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡും അംഗീകരിച്ചെന്നു മലയാള മനോരമ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വീണയിക്ക് പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നാണ് കണ്ടെത്തല്‍.
വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യന്‍സും ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാമെന്നു സിഎംആര്‍എലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നല്‍കിയില്ല. എന്നാല്‍, കരാര്‍പ്രകാരം മാസം തോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍.ശശിധരന്‍ കര്‍ത്താ ആദായനികുതി വകുപ്പിനു മൊഴി നല്‍കിയിരുന്നു. 2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്‌ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് പണം നല്‍കിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വര്‍ സിങ്, എം.ജഗദീഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട സെറ്റില്‍മെന്റ് ബോര്‍ഡ് ബെഞ്ച് വ്യക്തമാക്കി. ബാങ്ക് മുഖേനയാണ് പണം നല്‍കിയത്. ബിസിനസ് ചെലവുകള്‍ക്കു പണം നല്‍കുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാല്‍, വീണയ്‌ക്കും കമ്പനിക്കും നല്‍കിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വീണയില്‍നിന്ന് ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി സേവനങ്ങള്‍ക്കായി 2016 ഡിസംബറില്‍ സിഎംആര്‍എല്‍ കരാറുണ്ടാക്കി. സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ക്കായി വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി 2017 മാര്‍ച്ചില്‍ മറ്റൊരു കരാറുണ്ടാക്കി. ഇവയനുസരിച്ച് വീണയ്‌ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്‌സാലോജിക്കിന് പ്രതിമാസം 3 ലക്ഷവും നല്‍കണമായിരുന്നു. ലഭ്യമായ കണക്കനുസരിച്ച് വീണയ്‌ക്ക് 55 ലക്ഷം, എക്‌സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കിട്ടി. കരാര്‍പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങള്‍ക്കും അറിയില്ലെന്ന് സിഎംആര്‍എലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്.സുരേഷ്‌കുമാറും ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ്‌കുമാറും മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: