ഇ.എസ്.ബിജു
കേരള നിയമസഭയുടെ ഉന്നതമായ സ്ഥാനം വഹിക്കുന്ന സ്പീക്കര്‍ തന്റെ പദവിയുടെ മഹത്വം മനസിലാക്കാതെയും ഹൈന്ദവ മതവിശ്വാസത്തിന്റെ ശാസ്ത്രീയതയെ ഉള്‍കൊള്ളാതെയും മതസ്പര്‍ദ്ധ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ കടുത്ത ഹൈന്ദവ വിരുദ്ധത അടങ്ങിയ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുകയാണ്. അദ്ദേഹം പറയുന്നത് കോടാനുകോടി ഹിന്ദുക്കളുടെ ആരാധ്യദൈവം ശ്രീവിനായകന്‍ മിത്താണെന്നാണ്, അന്ധമായ വിശ്വാസം പ്രചരിപ്പിച്ച് സമൂഹത്തെ പിന്നോട്ടടിപ്പിക്കാനാണ് ഹിന്ദുക്കള്‍ പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത് അറിയാതെ സംഭവിച്ച നാക്കു പിഴയല്ല മറിച്ച് ബോധപൂര്‍വം നടത്തിയ പരാമര്‍ശമാണ്. ഇസ്ലാംമത വിശ്വാസിയും, അതോടൊപ്പം കമ്യൂണിസ്റ്റ് നേതാവും നിയമസഭയുടെ ഉന്നതമായ സ്ഥാനം വഹിക്കുന്ന ആളുമായ എ. എന്‍. ഷംസീര്‍ കടുത്ത ഹിന്ദു മത വിരോധം പ്രകടിപ്പിക്കുന്നത് എന്ത് വികാരത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ് മതേതര ജനാധിപത്യ കേരളം ചര്‍ച്ച ചെയ്യേണ്ടത്.
ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി എല്ലാവിധ വിഘ്നങ്ങളും നീക്കാന്‍ കഴിയുന്ന ശ്രീവിനായകന്റെ ചതുര്‍ത്ഥി ദിനാഘോഷങ്ങള്‍ നാടെങ്ങും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന വേളയില്‍ തന്നെയാണ് ഷംസീറിന്റെ പ്രസംഗം എന്നതും കൂട്ടി വായിക്കേണ്ടതാണ്. ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും ഗണേശ ഭഗവാന് ഭാരതീയ ജനസമൂഹത്തിന്റെ നിത്യ ജീവിതത്തിലുള്ള സ്വാധീനം. സമാജ ശക്തിയിലൂടെ രാഷ്ട്ര പുനര്‍നിര്‍മാണത്തിനായി ധീരദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികളും ഗണേശ ചതുര്‍ത്ഥി ആഘോഷത്തെ ഉപയോഗപ്പെടുത്തിയതായിട്ടാണ് ചരിത്രം രേഖപ്പെടുത്തുന്നത്
ഏതൊരു പ്രവര്‍ത്തിയിലും വിഘ്നങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ പൂജയും ഹോമവും സമര്‍പ്പിക്കുന്നതും പതിവാക്കിയിരുന്നു ഭാരതീയ ഋഷി പരമ്പര. സംഗീതസപര്യപൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി വിദ്യ ആരംഭിക്കുന്നതും ഗണപതി ഭഗവാന്റെ സ്തോത്രങ്ങളും സ്തുതികളും ആലപിച്ചു കൊണ്ടാണ്. ഭാരതീയ തത്വചിന്തയെയും മൂല്യങ്ങളെയും,ആരാധനാ സമ്പ്രദായങ്ങളെയും, പൂജാ പദ്ധതികളെയും മോശമായി ചിത്രീകരിക്കുന്നതും, ദേവീദേവന്മാരെ ആക്ഷേപിക്കുന്നതും, ആചാര്യന്മാരെ അവഹേളിക്കുന്നതും ഇന്ന് പതിവായിരിക്കുകയാണ്. വോട്ട് ബാങ്ക് ശക്തികളെ പ്രീണിപ്പിക്കാന്‍ ഭൂരിപക്ഷ സമൂഹത്തെ അപമാനിച്ചാല്‍ മതി എന്ന പുത്തന്‍ പ്രവണതകള്‍ സൃഷ്ടിക്കപ്പെടുന്നു. അമ്പലം അന്ധവിശ്വാസ കേന്ദ്രം, പ്രതിഷ്ഠ കരിങ്കല്ല്, അമ്പലം തകര്‍ത്ത് കപ്പയിടണം എന്ന് പ്രചരിപ്പിച്ചവര്‍, ഭഗവാന് കാലുമാറി, നാടകം രചിച്ചവര്‍, ക്ഷേത്ര വിഗ്രഹത്തെയും പൂജാ സമ്പ്രദായത്തെയും അധിക്ഷേപിച്ച് സിനിമ നിര്‍മിച്ചവര്‍ എല്ലാവരും ഹിന്ദുക്കളെയാണ് അപമാനിച്ചത്, അവഹേളിച്ചത്.
ഹൈന്ദവ അവഹേളനങ്ങളുടെ തുടര്‍ച്ചകള്‍ ഹിന്ദു സമൂഹത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്. നിയമസഭാ നേതാവിന്റെ സ്ഥാനത്തിന് യോജിക്കാത്ത പ്രസ്താവന നടത്തിയ സ്പീക്കറെ അനുകൂലിക്കാന്‍ നിരീശ്വരവാദ സിദ്ധാന്തക്കാരും, ഇടതുപക്ഷ കുഴലൂത്തുകാരും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും ശ്രമിക്കുകയാണ്. അവര്‍ പറയുന്നത് ശാസ്ത്രത്തെയാണ് അംഗീകരിക്കേണ്ടത് വിശ്വാസങ്ങളെ അല്ല എന്നാണ്, ഏതൊരു ശാസ്ത്രത്തെയും യുക്തി കൊണ്ടുമാത്രം അളക്കാന്‍ കഴിയുന്നതല്ല, ശാസ്ത്ര സൃഷ്ടിയിലുള്ള വിശ്വാസവും അനിവാര്യമാണ്. അതിനെ അറിയാന്‍ ഉപാധികളും വേണം. ശാസ്ത്രത്തെ നിരീശ്വരവാദക്കാരന്റെ കണ്ണിലൂടെ സ്പീക്കര്‍ കാണാന്‍ ശ്രമിച്ചപ്പോള്‍ ദൈവികതയുടെ പ്രതിഷ്ഠിത രൂപം മാത്രമേ കണ്ടുള്ളൂ. അതിന്റെ പിന്നിലുള്ള വിവിധ ഭാവതലങ്ങളെ, ചൈതന്യങ്ങളെകാണാന്‍ സാധിച്ചില്ല.അത് കാഴ്ചയുടെ പ്രശ്നമാണ്. പിതാമഹന്മാര് പറയും ‘കണ്ണുണ്ടായാല്‍ പോരാ കാണണം’. കാണേണ്ടത് അകക്കണ്ണ് കൊണ്ടാണ്. കേവലം ദൃഷ്ടികളെ കൊണ്ട് മാത്രം കണ്ടാല്‍ വികലമായ സങ്കല്പങ്ങള് മാത്രമേ കാണൂ.
ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രങ്ങളായ ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത് എങ്കിലും അതിന് ശാസ്ത്രീയ അടിസ്ഥാനവുമുണ്ട്. ക്ഷേത്രനിര്‍മ്മിതി തച്ചുശാസ്ത്രം, വാസ്തുശാസ്ത്രം, ശില്പശാസ്ത്രം, എന്നിവയുടെ അടിസ്ഥാനത്തിലാണ്. ക്ഷേത്രനിര്‍മ്മിതി പൂര്‍ത്തിയായാല്‍ ക്ഷേത്രം ചൈതന്യവത്തായി(ജീവനുള്ള കേന്ദ്രമായി) തീരുന്നത് പ്രപഞ്ചമാകെ നിറഞ്ഞു നില്ക്കുന്ന പരമാത്മ ചൈതന്യത്തെ ശില്പശാസ്ത്രത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ള വിഗ്രഹത്തില്‍ കുടിയിരുത്തപ്പെടുന്നതിലൂടെയാണ്. ആയതുകൊണ്ട് തന്നെ ചൈതന്യത്തെ ആവാഹിച്ച് ശിലാവിഗ്രഹത്തില്‍ കുടിയിരുത്തുന്ന ആചാര്യന് ചൈതന്യമൂര്‍ത്തിയുടെ പിതൃസ്ഥാനിയനുമാണ്. ഇത് കേവലം വിശ്വാസം മാത്രമല്ല, ശാസ്ത്രീയവുമാണ്. മനുഷ്യജന്മവും ഇതേ അടിസ്ഥാനത്തില്‍ തന്നെയാണ് നടക്കുന്നത്. ജീവന്റെ കണിക (പരമാത്മ ചൈതന്യത്തിന്റെ ഒരംശം) സൂര്യരശ്മികളിലൂടെ പ്രകൃതി മാതാവായ ഭൂമിയില്‍ പ്രവേശിച്ച് അന്നത്തിലൂടെ രക്തത്തിലേക്കും, രക്തത്തിലൂടെ രേതസ്സിലേക്കും, സ്ത്രീപുരുഷ സംയോഗത്തിലൂടെ രേതസ് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്കും 10 മാസത്തെ സുരക്ഷിത വാസത്തിനുശേഷം ഒരു കുട്ടി ഭൂജാതനാകുകയും ചെയ്യുന്നു. ക്ഷേത്രത്തില്‍ കുടിയിരുത്തപ്പെടുന്ന ചൈതന്യത്തെ പരമാര്‍ത്ഥ ചൈതന്യമെന്നും, ജീവികളില്‍ കുടിയിരുത്തപ്പെട്ട ചൈതന്യത്തെ ജീവാത്മ ചൈതന്യമെന്നും വിളിക്കപ്പെടുന്നു. ഈ രണ്ടു പ്രക്രിയകള്‍ക്കും വിശ്വാസവുമായും ശാസ്ത്രവുമായും ബന്ധമുണ്ട്. ശിലാവിഗ്രഹ രൂപത്തിലുള്ള ഓരോന്നിനെയും കാണുന്ന മാത്രയില്‍ ചൈതന്യത്തെ അറിയാനും, അനുഭവിക്കാനുമുള്ള ഉപാധിയായിട്ടാണ് വിഗ്രഹത്തെ കാണുന്നത്.
ഷംസീറിന്റെ പ്രസ്താവനയും കണ്ടെത്തലും ശുദ്ധ വിവരക്കേടും, അറിവില്ലായ്മയില്‍ നിന്നും ഹൈന്ദവ വിരുദ്ധതയില്‍ നിന്നും ഉണ്ടായതാണ്. ഇത് ഹൈന്ദവ സമൂഹത്തോടുള്ള അവഹേളനവും അപമാനിക്കലുമാണ്. ഇസ്ലാമിക മതവിശ്വാസവും, വിഗ്രഹാരാധനയും, പരിശുദ്ധ അല്ലാഹുവും ശാസ്ത്രീയമാണ് എന്നാണ് ഷംസീര്‍ പറയുന്നത്. നിരീശ്വര സിദ്ധാന്തക്കാരനായ ഷംസീര്‍ എങ്ങനെ ഇസ്ലാംമത വിശ്വാസിയായി ജീവിക്കുന്നു. ലോകത്തെ മതങ്ങളെല്ലാം അന്ധവിശ്വാസങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് പറയാനും, താന്‍ ദൈവവിശ്വാസിയല്ല എന്നു പറയാനും ഷംസീര്‍ തയ്യാറല്ല എന്നതും അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരുന്നു. ഇദ്ദേഹത്തിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതിലൂടെ സിപിഎം നേതൃത്വവും അതിന്റെ പ്രത്യക്ഷ സ്വഭാവം ഹൈന്ദവ വിരുദ്ധതയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.
ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമായ ക്ഷേത്രങ്ങളുടെ ഭരണ നിര്‍വഹണം നടത്തുന്ന ദേവസ്വം ബോര്‍ഡുകള്‍ ഷംസീറിന്റെ ഹൈന്ദവ അവഹേളനത്തെ കണ്ടില്ലെന്നും, കേട്ടില്ലെന്നും നടിച്ച് കടുത്ത മയക്കത്തിലാണ്. ബോധപൂര്‍വ്വമായ മയക്കം. ദേവസ്വം ബോര്‍ഡ് ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമായ ക്ഷേത്രങ്ങളുടെ ഭരണ നിയന്ത്രണം നടത്തുന്ന സ്വതന്ത്ര പരമാധികാര ബോഡിയാണ്. ക്ഷേത്ര പ്രതിഷ്ഠയിലുള്ള, ആചാര അനുഷ്ഠാനങ്ങളിലുള്ള വിശ്വാസമാണ് ക്ഷേത്രങ്ങളുടെ നിലനില്‍പ്പ്. അതുകൊണ്ടുതന്നെ ക്ഷേത്ര വിശ്വാസത്തിനും, ആചാര അനുഷ്ഠാനങ്ങള്‍ക്കും എതിരായ ഏതൊരു പ്രവര്‍ത്തനത്തെയും ചെറുക്കേണ്ടതും ചോദ്യം ചെയ്യേണ്ടതും ദേവസ്വം ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്. ക്ഷേത്ര വിശ്വാസത്തിലും, ആചാരാനുഷ്ഠാനങ്ങളിലും ഭക്തര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും ദേവസ്വം ബോര്‍ഡുകള്‍ പിന്തുണയ്ക്കരുതെന്ന് സാരം. ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ ഭക്തിയോടെയും, വിശ്വാസത്തോടെയും സമര്‍പ്പിക്കുന്ന കാണിക്കയും, വഴിപാടുകളുമാണ് ക്ഷേത്രങ്ങളുടെ സാമ്പത്തിക ഭദ്രത. ക്ഷേത്രവും, വിഗ്രഹവും ശാസ്ത്രീയമല്ല എന്ന് പ്രചരിപ്പിക്കപ്പെടുന്നതിലൂടെ ക്ഷേത്രങ്ങളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും, ക്ഷേത്ര വരവ് കുറയും, ജീവനക്കാര്‍ക്ക് പോലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, ക്ഷേത്രനിത്യനിദാന കാര്യങ്ങളും നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യവും കൈവരും. ആയതുകൊണ്ട് വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും സംബന്ധിച്ചുള്ള ജല്പ്പനങ്ങള് ആരു നടത്തിയാലും എതിര്‍ക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
സുപ്രീം കോടതിയും, വിവിധ കോടതികളും, ആചാര്യ സമൂഹവും ക്ഷേത്രത്തെയും, ക്ഷേത്ര വിഗ്രഹത്തെ കുറിച്ചും പറഞ്ഞിട്ടുള്ളപരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ദേവി ദേവ പ്രതിഷ്ഠകള്‍ നിയമാടിസ്ഥാനത്തില് മൈനര്‍ ആണ്. മൈനറായ ദേവതകള്‍ക്ക് വേണ്ടി അവരുടെ സംരക്ഷകരും, ദേവന്റെ സ്വത്ത് പരിപാലിക്കേണ്ടവരുമായ ‘ദേവസ്വം’ ഭരണസമിതികള്‍ ഗുരുതരമായ കൃത്യവിലോപമാണ് വരുത്തുന്നത്. അവര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹരാണോ എന്ന് ചിന്തിക്കണം. ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് അനുകൂലമായി കുഴലൂത്ത് നടത്തുന്നവര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞു പോകണം സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പറഞ്ഞതിനോട് സര്‍ക്കാരിന് അനുകൂല നിലപാടാണ് ഉള്ളതെങ്കില്‍ മതേതരസര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടാതെ ഭരണം വിട്ടൊഴിയണം. ഇതാണ് ക്ഷേത്ര വിശ്വാസികളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: