ചെറുതുരുത്തി: ഭാരതപ്പുഴയില്‍ നിന്ന് അനധികൃത മണല്‍ കടത്ത് നടത്തുന്നവര്‍ക്കെതിരെ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതില്‍ കളക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങി പരിസ്ഥിതി പ്രവര്‍ത്തകര്‍. 2014 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നദികളിലെ മണല്‍ പൊതു സ്വത്തായി കണക്കാക്കണമെന്നും, അനധികൃതമായി മണല്‍ കടത്തുന്നവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന നിയമം ഇവിടെ പോലീസ് നടപ്പിലാക്കുന്നില്ലെന്നും, പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയിട്ട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതല്ലാതെ വാഹന ഉടമയേയോ, ഡ്രൈവറെയോ പ്രതികളാക്കി കേസ് എടുക്കാന്‍ തയ്യാറാകാത്തത് ഇവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുന്നതിനാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
2001ലെ കേരള നദി സംരക്ഷണ നിയമവും, 2002ലെ കേരള മണല്‍വാരല്‍ നിയന്ത്രണ നിയമവും, ചട്ടങ്ങളും കേരള നിയമസഭ പാസാക്കിയിട്ടും, നദികളില്‍ നിന്ന് അനധികൃത മണലൂറ്റ് നടക്കുന്നുണ്ട്. ചെറുതുരുത്തി പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട പാഞ്ഞാള്‍ പഞ്ചായത്തിലെ തൊഴുപ്പാടം മുതല്‍ ദേശമംഗലം പഞ്ചായത്തിലെ ചെറുകാട് വരെയുള്ള മുപ്പത് കിലോമീറ്റര്‍ ദൂരത്തില്‍ വരുന്ന ഭാരതപ്പുഴയിലെ വിവിധ കടവുകളില്‍ നിന്ന് വ്യാപകമായി മണല്‍ കടത്ത് നടക്കുന്നു.
എന്നാല്‍ പോലീസ് പിടികൂടുന്ന വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതല്ലാതെ ഇവരുടെ പേരില്‍ മോഷണക്കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ തയ്യാറാകുന്നില്ല. ഇത് സുപ്രീംകോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്. ഇതിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍, ജില്ലാ കളക്ടര്‍ ഡിജിപി എന്നിവര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണെന്നും പരിസ്ഥിതി പ്രവര്ത്തകന് കെ.കെ. ദേവാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: