”വ്യക്തിതാത്പര്യങ്ങളെ പിന്നാമ്പുറത്ത് നിര്‍ത്തി സംഘടനയ്ക്ക് പ്രാധാന്യം നല്കുമ്പോള് നേടാനാകുന്ന അത്ഭുതങ്ങളെയാണ് മദന്‍ ദാസ്ജിയുടെ ജീവിതയാത്ര ചിത്രീകരിക്കുന്നത്” –പ്രധാനമന്ത്രി നരേന്ദ്ര മോദി
കുറച്ചു ദിവസം മുമ്പുണ്ടായ മദന്‍ദാസ് ദേവിജിയുടെ വിയോഗം ഞാനുള്‍പ്പെടെയുള്ള ലക്ഷാവധി കാര്യകര്‍ത്താക്കളെ വിവരണാതീതമായ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മദന്‍ ദാസ്ജിയെപ്പോലെ പ്രഭാവശാലിയായ ഒരു വ്യക്തിത്വം ഇപ്പോള്‍ നമ്മോടൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുകയെന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ പ്രഭാവം എക്കാലവും നിലനില്‍ക്കുമെന്ന ബോധ്യം ഈ ദുഖത്തിനിടയിലും നമുക്ക് ആശ്വാസം പകരുന്നു. അദ്ദേഹം പകര്‍ന്നു തന്ന പാഠങ്ങളും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രചോദനത്തിന്റെയും മാര്‍ഗനിര്‍ദ്ദേശത്തിന്റെയും പ്രകാശഗോപുരങ്ങളായി വര്‍ത്തിക്കും.
വര്‍ഷങ്ങളോളം മദന്‍ ദാസ്ജിയുമായി അടുത്ത് പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തിന്റെ ലാളിത്യവും സൗമ്യമായ പെരുമാറ്റവും വളരെ അടുത്തുനിന്ന് ഞാന്‍ വീക്ഷിച്ചു. അദ്ദേഹം സമര്‍പ്പിതനായ മികച്ച സംഘടനാ പ്രവര്‍ത്തകനായിരുന്നു. ഞാനും നല്ലൊരു സമയം സംഘടനാ പ്രവര്‍ത്തനത്തിനായാണ് ചെലവഴിച്ചിരുന്നത്. അതുകൊണ്ടുതന്നെ, സംഘടനാപരമായ വികാസം, കാര്യകര്‍ത്താക്കളുടെ വികാസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നമ്മുടെ സംഭാഷണങ്ങളില്‍ പതിവായി കടന്നു വരുന്നത് സ്വാഭാവികമായിരുന്നു. അത്തരമൊരു സംഭാഷണത്തിനിടെ ഒരിക്കല്‍, സ്വദേശം എവിടെയാണെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. മഹാരാഷ്ട്രയിലെ സോലാപൂരിനടുത്തുള്ള ഒരു ഗ്രാമമാണ് സ്വദേശമെന്നും, തന്റെ പൂര്‍വ്വികര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എന്നാല്‍ അവര്‍ ഗുജറാത്തില്‍ എവിടെ നിന്നുള്ളവരാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എനിക്ക് ദേവി എന്ന കുടുംബപ്പേരുള്ള ഒരു ടീച്ചര്‍ ഉണ്ടെന്നും ആ ടീച്ചര്‍ വിസ്നഗര്‍ സ്വദേശിയാണെന്നും ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. അനന്തരം അദ്ദേഹം വിസ്നഗറും വഡ്നഗറും സന്ദര്‍ശിക്കുകയുണ്ടായി. പലപ്പോഴും ഗുജറാത്തിയിലായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍.
വാക്കുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാനും ആ വാക്കുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വികാരം മനസ്സിലാക്കാനുമുള്ള കഴിവായിരുന്നു മദന്‍ ദാസ്ജിയുടെ നിരവധി പ്രത്യേകതകളില്‍ ഒന്ന്. മണിക്കൂറുകളോളം നീളുന്ന ചര്‍ച്ചകള്‍ ഏതാനും വാചകങ്ങളില്‍ സംഗ്രഹിക്കാനും സദാ പുഞ്ചിരി പൊഴിക്കുന്ന മൃദുഭാഷിയായ അദ്ദേഹത്തിന് സാധിച്ചിരുന്നു.
വ്യക്തിതാത്പര്യങ്ങളെ പിന്നാമ്പുറത്ത് നിര്‍ത്തി സംഘടനയ്ക്ക് പ്രാധാന്യം നല്കുമ്പോള് നേടാനാകുന്ന അത്ഭുതങ്ങളെയാണ് മദന്‍ ദാസ്ജിയുടെ ജീവിതയാത്ര ചിത്രീകരിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന അദ്ദേഹത്തിന് സുഖപ്രദമായ ജീവിതം നയിക്കാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല. പക്ഷേ മനസ്സുകളെ രൂപപ്പെടുത്തുന്നതിലും ഇന്ത്യയുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളിലും ആയിരുന്നു അദ്ദേഹത്തിനുണ്ടായ ഉള്‍വിളിയും താത്പര്യവും.
ഇന്ത്യയിലെ യുവജനങ്ങളില്‍ മദന്‍ ദാസ്ജിക്ക് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള യുവജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം മുഴുകിയതില്‍ അതിശയമൊട്ടുമില്ല. ആ പ്രയാണത്തില്‍ അദ്ദേഹത്തെ പ്രധാനമായും സ്വാധീച്ചിരുന്നത് യശ്വന്ത്റാവു കേല്‍ക്കര്‍ജിയായിരുന്നു. യശ്വന്ത്റാവു കേല്‍ക്കര്‍ജി അദ്ദേഹത്തെ ആഴത്തില്‍ പ്രചോദിപ്പിച്ചിരുന്നു. പലപ്പോഴും അദ്ദേഹത്തെക്കുറിച്ച് മദന്‍ ദാസ്ജി പരാമര്‍ശിക്കുമായിരുന്നു. എബിവിപിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൂടുതല്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്താനും സാമൂഹിക ക്ഷേമത്തിന് സംഭാവന നല്‍കാനുള്ള അവസരമൊരുക്കി അവരെ ശാക്തീകരിക്കാനും മദന്‍ ദാസ്ജി ഊന്നല്‍ നല്കി. പെണ്‍കുട്ടികള്‍ ഏതെങ്കിലും കൂട്ടായ പരിശ്രമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, അത്തരം ശ്രമങ്ങള്‍ കൂടുതല്‍ സചേതനമായിരിക്കുമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. മറ്റെന്തിനേക്കാളും ഉപരിയായിരുന്നു മദന്‍ ദാസ്ജിക്ക് വിദ്യാര്‍ത്ഥികളോടുള്ള വാത്സല്യം. എല്ലായ്പ്പോഴും വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു അദ്ദേഹം. എന്നാല്‍, വെള്ളത്തില്‍ താമരയെന്ന പോലെ, ഒരിക്കലും സര്‍വകലാശാല രാഷ്ട്രീയത്തില്‍ അദ്ദേഹം ഇടപെട്ടതുമില്ല.
പൊതുജീവിതത്തിലെ ഉയര്‍ച്ചയ്ക്ക് ചെറുപ്പകാലത്ത് മദന്‍ ദാസ്ജിയില്‍ നിന്ന് ലഭിച്ച മാര്‍ഗ്ഗദര്‍ശനങ്ങളോട് കടപ്പെട്ടിരിക്കുന്ന ഒട്ടെറെ ഉന്നത നേതാക്കളെ എനിക്കറിയാം. എന്നാല്‍ അതുസംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന സ്വഭാവം ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
പീപ്പിള്‍ മാനേജ്മെന്റ്, ടാലന്റ് മാനേജ്മെന്റ്, സ്കില്‍ മാനേജ്മെന്റ് എന്നീ ആശയങ്ങള്‍ ഇന്ന് ഏറെ ജനപ്രിയമാണ്. വ്യക്തികളെ മനസ്സിലാക്കുന്നതിലും അവരുടെ കഴിവുകളെ സംഘടനാ ലക്ഷ്യങ്ങളിലേക്ക് വഴിതിരിച്ചു വിടുന്നതിലും മദന്‍ ദാസ്ജി നിപുണനായിരുന്നു. വ്യക്തികളുടെ കഴിവുകള്‍ മനസ്സിലാക്കി ചുമതല ഏല്‍പ്പിക്കുന്നതിലും അദ്ദേഹം അദ്വിതീയനായിരുന്നു. ആവശ്യങ്ങള്‍ക്ക് അനുഗുണമാംവിധം വ്യക്തികളെ വാര്‍ത്തെടുക്കണമെന്ന വാദത്തോട് അദ്ദേഹം ഒരിക്കലും യോജിച്ചില്ല. യുവാവായ ഏതെങ്കിലും ഒരു കാര്യകര്‍ത്താവിന് നൂതനമായ ഒരു ആശയമുണ്ടെങ്കില്‍, അത് എത്രമാത്രം പ്രയോഗികമാണെന്ന് പരീക്ഷിക്കാനുള്ള ഉരകല്ലായി മദന്‍ ദാസ്ജി നിലകൊണ്ടു. അതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പലര്‍ക്കും സ്വന്തം പ്രതിഭയുടെ അടിസ്ഥാനത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള പ്രേരണയും അവസരവും ലഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടനകള്‍ പടര്‍ന്നു പന്തലിച്ചപ്പോഴും ഐക്യം, ഫലപ്രാപ്തി എന്നീ ഗുണവശങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടായില്ല.
തിരക്കേറിയ യാത്രകളും പരിപാടികളുമായിരുന്നു മദന്‍ ദാസ്ജിക്കെന്നത് പറയേണ്ടതില്ലല്ലോ. തന്റെ കര്‍ത്തവ്യപരിധിക്ക് പുറത്തുള്ള ആളുകളെ കാണുന്ന കാര്യത്തില്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വമുള്ള തെരഞ്ഞെടുപ്പ് പുലര്‍ത്തിയിരുന്നു. മാത്രമല്ല, ഏതൊരു ചെറിയ കൂടിക്കാഴ്ചയ്ക്കു മുമ്പും കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ പരിപാടികള്‍ എല്ലായ്പ്പോഴും ലളിതമായിരുന്നു. കാര്യകര്‍ത്താക്കള്‍ക്ക് അദ്ദേഹത്തിന്റെ പരിപാടികള്‍ ഒരു ഭാരമായി അനുഭവപ്പെട്ടിരുന്നതേയില്ല. ഈ സവിശേഷ ഗുണങ്ങള്‍ അന്ത്യം വരെയും മാറ്റമില്ലാതെ തുടര്‍ന്നു. ദീര്‍ഘനാള്‍ നീണ്ടുനിന്ന രോഗങ്ങളെ അദ്ദേഹം സധൈര്യം നേരിട്ടു. ഞാന്‍ അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍, പലകുറിയുള്ള അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ അദ്ദേഹം മറുപടി പറയുമായിരുന്നുള്ളൂ. ശാരീരിക വേദനകള്‍ക്കും വൈഷമ്യങ്ങള്‍ക്കുമിടയിലും അദ്ദേഹം സന്തോഷവാനായിരുന്നു. രോഗാവസ്ഥയില്‍ പോലും രാഷ്ട്രത്തിനും സമാജത്തിനും വേണ്ടി തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന നിരന്തര ചിന്തയായിരുന്നു അദ്ദേഹത്തെ മഥിച്ചിരുന്നത്.
മദന്‍ ദാസ്ജിക്ക് മികച്ച അക്കാദമിക് റെക്കോര്‍ഡുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ സൂക്ഷ്മമായ പ്രവര്‍ത്തന രീതിയെ രൂപപ്പെടുത്തി. ഉത്സാഹഭരിതനായ ഒരു വായനക്കാരന്, എന്തെങ്കിലും നല്ലത് വായിക്കുമ്പോഴെല്ലാം, ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബന്ധപ്പെട്ട വ്യക്തിക്ക് അദ്ദേഹം അത് അയയ്ക്കും. അത്തരം കാര്യങ്ങള്‍ പലപ്പോഴും ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും നയപരമായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. ഒരു വ്യക്തിയും മറ്റുള്ളവരെ ആശ്രയിക്കാത്ത, ഓരോ വ്യക്തിക്കും സ്വന്തം കാലില്‍ നില്ക്കാന് കഴിയുന്ന, സ്വയം മെച്ചപ്പെടുത്തലിനും വളര്‍ച്ചയ്ക്കുമുള്ള അവസരങ്ങളാല്‍ ശാക്തീകരിക്കപ്പെടുന്ന ഒരു ഇന്ത്യയാണ് അദ്ദേഹം വിഭാവനം ചെയ്തത്. സ്വാശ്രയത്വം കേവലം ഒരു ലക്ഷ്യമല്ല, മറിച്ച് ഓരോ പൗരന്റെയും ജീവിത യാഥാര്‍ത്ഥ്യമായ, പരസ്പര ബഹുമാനം, ശാക്തീകരണം, പങ്കിട്ട അഭിവൃദ്ധി എന്നീ തത്വങ്ങളില്‍ വേരൂന്നിയ ഒരു സമൂഹമാണ് മദന്‍ ദാസ്ജി വിഭാവനം ചെയ്തത്. ഇപ്പോള്‍, വിവിധ മേഖലകളില്‍ ഇന്ത്യ കൂടുതല്‍ കൂടുതല്‍ സ്വാശ്രയമാകുമ്പോള്‍, അദ്ദേഹത്തെക്കാള്‍ സന്തുഷ്ടരായി മറ്റാരുമുണ്ടാകില്ല.
ഇന്ന്, നമ്മുടെ ജനാധിപത്യം ഊര്ജ്ജസ്വലമാകുമ്പോള്, യുവാക്കള്‍ ആത്മവിശ്വാസമുള്ളവരാകുമ്പോള്‍, സമൂഹം മുന്നോട്ട് നോക്കുമ്പോള്‍, രാജ്യം പ്രത്യാശയും ശുഭാപ്തിവിശ്വാസവും നിറഞ്ഞിരിക്കുമ്പോള്‍, ജീവിതം മുഴുവന്‍ സേവനത്തിനായി സമര്‍പ്പിച്ച മദന്‍ദാസ് ദേവിജിയെപ്പോലുള്ളവരെ ഓര്‍ക്കേണ്ടത് പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: