ഗയാന: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇങ്ങടുത്തു കഴിഞ്ഞു. ഇന്ത്യന്‍ യുവതുര്‍ക്കികള്‍ക്ക് വെസ്റ്റിന്‍ഡീസ് പര്യടനത്തിലും വലിയ പരീക്ഷണം ഇനി കിട്ടാനില്ല. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റ് പൂര്‍ത്തിയായ മുറയ്ക്ക് വിന്‍ഡീസിന്റെ വമ്പന്‍ താരങ്ങള്‍ ടീമില്‍ തിരികെത്തിയതിന്റെ നീറ്റല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ അറിഞ്ഞുകഴിഞ്ഞു. പരമ്പരയില്‍ കരുത്തറിയിക്കാന്‍ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കീഴില്‍ ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുകയാണ്.
വിന്‍ഡീസ് നിരയില്‍ വമ്പന്മാരുടെ വരവ് അറിയിക്കുന്നതായിരുന്നു ആദ്യ ഏകദിനം. ഹാര്‍ദിക് പാണ്ഡ്യയുടെ കുറ്റി തെറിപ്പിച്ച ജേസന്‍ ഹോള്‍ഡറുടെ ബോളിങ് അതിന്റെ ചെറിയൊരു ഉദാഹരണം മാത്രം. ഇനിയെന്തെല്ലാം പരീക്ഷണങ്ങളാണ് കരീബിയന്‍ ദ്വീപുകളിലും ഫ്ളോറിഡയിലെ അവസാന രണ്ട് ട്വന്റി20 കളിലുമായി ഇന്ത്യയെ കാത്തിരിക്കുന്നത് ? അതിനുള്ള ഉത്തരം കണ്ടെത്താനാണ് ഹാര്‍ദിക്കും കൂട്ടുകാരും ഇറങ്ങുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് യുവതയുടെ അധികായന് ഹാര്‍ദിക്കിനു കീഴില്‍ ശുഭ്മാന്‍ ഗില്‍, ഇഷാന് കിഷന്, സഞ്ജു സാംസണ് എന്നിവര്‍ പടവെട്ടാനിറങ്ങുന്നത് വിന്‍ഡീസിനെ തോല്‍പ്പിക്കാന്‍ മാത്രമല്ല. പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന ലോകകപ്പിനും അതിന് മുന്നേയുള്ള ഏഷ്യാകപ്പിലും കരുതലോടെ കൂടെ ‘ഞങ്ങളുണ്ടെന്ന്’ അറിയിക്കാന്‍ കുടിയാണ്. ഇവര്‍ക്കിടയിലേക്ക് പുതിയൊരാള് കൂടി രംഗപ്രവേശം ചെയ്തിട്ടുണ്ട്. ആദ്യ ട്വന്റി20യിലെ ഇന്ത്യന്‍ ടോപ് സ്കോറര്‍ തിലക് വര്‍മ. 39 റണ്‍സെടുത്ത താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് അവസാന ഓവര്‍ വരെ പ്രതീക്ഷയ്ക്ക് വക നല്കി. ഇവരെ കൂടാതെ ടീമലുള്ള സൂര്യകുമാര്‍ യാദവും യശസ്വി ജയ്സ്വാളും ഐപിഎല്ലിലെ താരകുമാരന്മാരായി തിളങ്ങിവയരാണെന്ന് ഓര്‍ക്കേണ്ടതാണ്.
ബാറ്റര്‍മാര്‍ക്കൊപ്പം ബോളര്മാര്ക്കും നേരിടേണ്ടത് വലിയ വെല്ലുവിളികളാണ്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നീ സ്പിന്നര്‍മാര്‍ക്കൊപ്പം അര്‍ഷദ്വീപ് സിങ്, ഉമ്രാന് മാലിക്, ആവേശ് ഖാന്, മുകേഷ് ഖാന് എന്നിവര്‍ക്കും പരീക്ഷിക്കേണ്ടത് നിസ്സാരക്കാരെയല്ല. ഐപിഎല്ലിലും കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായ പ്രഥമ എംഎല്‍സിയിലും നിരന്തരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തുവന്ന താരനിരയാണ്. നിക്കോളാസ് പൂരന്, കൈല്‍ മയേഴ്സ്, ഷിംറോണ്‍ ഹെറ്റ്മയെര്‍, റോവ്മാന്‍ പവ്വല്, റൊമാരിയോ ഷപ്പേര്‍ഡ് തുടങ്ങിയവരാണ് മറുകരയിലെ കരുത്തന് നിര.
ഇന്ന് വൈകീട്ട് ഏഴിനാണ് രണ്ടാം ട്വന്റി20 മത്സരം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് വിന്‍ഡീസ് മുന്നിട്ടു നില്ക്കുന്നു. അവസാന രണ്ട് മത്സരങ്ങള്‍ ഫ്ളോറിഡയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: