പത്തനംതിട്ട:പരുമലയില്‍ നഴ്സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്ന് പ്രസവിച്ച് കിടന്ന യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം.പ്രതി അനുഷയുടെ ലക്ഷ്യം സ്നേഹയെ കൊലപ്പെടുത്തി ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കുക എന്നതായിരുന്നു.വായു കുത്തിവച്ചാല്‍ മരണം സംഭവിക്കാമെന്നത് ഫാര്‍മസിസ്റ്റായ പ്രതിക്ക് അറിയാമായിരുന്നു. അതാണ് പരീക്ഷിക്കാന്‍ ശ്രമിച്ചതും.
സ്നേഹയുടെ ഭര്‍ത്താവ് അരുണും അനുഷയും തമ്മില്‍ അടുപ്പമുണ്ടെങ്കിലും നിലവില്‍ അരുണ്‍ കേസില്‍ പ്രതിയല്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും അരുണിനെ തന്റെ പ്രണയം ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അനുഷ മൊഴി നല്‍കിയതായും വാര്‍ത്തയുണ്ട്.
കണ്ടല്ലൂര്‍ സ്വദേശിനിയാണ് അനുഷ. ഇന്നലെ വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം പരുമല ആശുപത്രിയില്‍ നടന്നത്. ഡിസ്ചാര്‍ജിന് മുന്‍പ് നല്‍കേണ്ട ഇഞ്ചക്ഷന് ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതി മൂന്ന് തവണ അനുഷയുടെ കയ്യില്‍ കുത്തിയത്. എന്നാല്‍ ഞരമ്പ് കിട്ടാത്തതിനാല്‍ ഉദ്ദേശിച്ച കാര്യം നടന്നില്ല. ഇതിനിടെ സ്നേഹയുടെ അമ്മ സംശയം തോന്നി ബഹളം വച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ എത്തി അനുഷയെ പിടികൂടുകയായിരുന്നു.
അനുഷയും, കൊലപാതകശ്രമത്തിന് വിധേയയായ സ്നേഹയുടെ ഭര്‍ത്താവ് അരുണും തമ്മില്‍ കുറെ കാലത്തെ അടുപ്പമുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സ്നേഹയെ കാണാനുളള താത്പര്യം അനുഷ തന്നെയാണ് അരുണിനെ അറിയിച്ചത് .എന്നാല്‍ ആശുപത്രിയില്‍ നഴ്സ് വേഷമണിഞ്ഞെത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അറിയില്ലായിരുന്നു എന്നാണ് അരുണ്‍ പറയുന്നത്. അനുഷയുടെ ഫോണിലെ സന്ദേശങ്ങള്‍ നീക്കിയ നിലയിലാണ്. അതിനിടെ അനുഷ കൃത്യം നടത്താന്‍ സിറിഞ്ചും കോട്ടും ഒക്കെ വാങ്ങിയ കായംകുളം പുല്ലുകുളങ്ങരയിലെ കടയിലെത്തിച്ച് പൊലീസ് തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: