രാജസ്ഥാനില്‍ പന്ത്രണ്ടുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം ഇഷ്ടിക ചൂളയിലിട്ട് കത്തിച്ച് ചാമ്പലാക്കിയ സംഭവം സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. ഭില്‍വാരയില്‍ ആടുമേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ വള കണ്ടെത്തിയിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, വേറെയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് ചൂളയിലിട്ട് കത്തിച്ചിരിക്കാമെന്നുമാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ഇവിടെനിന്ന് പെണ്‍കുട്ടികളെ ഇതിനു മുന്‍പും കാണാതായിട്ടുണ്ട്. ഭില്‍വാര സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ആല്‍വാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും, ബന്‍സൂരില്‍ സ്കൂളില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുമായ സംഭവങ്ങള്‍ക്കു പിന്നാലെയാണ് പന്ത്രണ്ടുകാരിയെ അതിക്രൂരമായി ചുട്ടുകൊന്ന വിവരവും പുറത്തുവന്നിരിക്കുന്നത്. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്‍കുന്നതിലും, ലൈംഗിക പീഡനങ്ങളിലൂടെ ഇരകള്‍ കൊലചെയ്യപ്പെടുന്നത് തടയുന്നതിലും പൂര്‍ണമായി പരാജയപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി പ്രക്ഷോഭത്തിന്റെ പാതയിലാണ്.
മണിപ്പൂരില്‍ നടക്കുന്ന കലാപത്തിനിടെ രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുകയും, അതിലൊരാള്‍ കൊലചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും, പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് രാജസ്ഥാനില്‍ നടക്കുന്ന പൈശാചികമായ സ്ത്രീപീഡനങ്ങള്‍ക്കും ഇരകളെ കൊലപ്പെടുത്തുന്നതിനും എതിരെ കനത്ത നിശ്ശബ്ദത പാലിക്കുകയാണ്. മണിപ്പൂരിലെ സംഭവങ്ങളെ വിമര്‍ശിക്കുന്ന നമ്മള് പീഡന പരമ്പരകള്‍ അരങ്ങേറുന്ന രാജസ്ഥാനിലേക്ക് നോക്കണമെന്നും, ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ രാജേന്ദ്ര സിങ് ഗുഡ എന്ന കോണ്‍ഗ്രസ് മന്ത്രിയെ പുറത്താക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ചെയ്തത്. ഗെഹ്ലോട്ടിന്റെ ഒത്താശയോടെ ഈ എംഎല്‍എയെ നിയമസഭയിലിട്ട് മര്‍ദിക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ഒരു ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടപ്പോള്‍ അതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജസ്ഥാനിലെ സ്ത്രീപീഡനങ്ങളെയും കൊലപാതകങ്ങളെയും സാധാരണ സംഭവങ്ങളായി കണ്ട് അവഗണിക്കുകയാണ്. സംസ്ഥാനത്തെ ജനരോഷത്തില്‍നിന്ന് മുഖ്യമന്ത്രി ഗെഹ്ലോട്ടിനെയും കോണ്‍ഗ്രസ് സര്‍ക്കാരിനെയും രക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്ന മട്ടിലാണ് ചില മാധ്യമങ്ങള്‍ പെരുമാറുന്നത്. ഇക്കൂട്ടര്‍ തന്നെയാണ് ഉത്തര്‍പ്രേദശില്‍ യോഗി ആദിത്യനാഥിന്റെ ചോരയ്ക്കുവേണ്ടി മുറവിളി കൂട്ടിയതും.
രാജസ്ഥാനിലെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും തമസ്കരിക്കുന്നതില്‍ മലയാളത്തിലെ മാധ്യമങ്ങളും പരസ്പരം മത്സരിക്കുകയാണ്. ഹാഥ്റസ് സംഭവത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിചാരണ ചെയ്ത ഇവിടുത്തെ ചാനലുകള്‍ രാജസ്ഥാന്റെ കാര്യത്തില്‍ അങ്ങനെയൊരു അന്തിച്ചര്‍ച്ചയ്ക്ക് ഒരുക്കമല്ല. ഇതിലെ ഇരട്ടത്താപ്പിനുകാരണം മുഖ്യമന്ത്രി ഗെഹ്ലോട്ട് ഇടക്കിടെ ഈ മാധ്യമങ്ങളില്‍ പരസ്യത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതാണെന്ന് ഇപ്പോള്‍ വായനക്കാര്‍ തിരിച്ചറിയുന്നുണ്ട്. ഉത്തര്‍പ്രദേശ് ഇന്ത്യയിലല്ലേ എന്നു ചോദിച്ചവര്‍ രാജസ്ഥാനു നേര്‍ക്ക് അങ്ങനെയൊരു ചോദ്യമുന്നയിക്കാന്‍ മടിക്കുകയാണ്. ഹാഥ്റസ് സംഭവത്തില്‍ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധ പ്രസ്താവനകളിറക്കുകയും, മതമൗലികവാദികളുമായി കൈകോര്‍ക്കുകയും ചെയ്ത കേരളത്തിലെ സാംസ്കാരിക നായകന്മാര് രാജസ്ഥാനിലെ അതിക്രമങ്ങളെ മൗനംകൊണ്ട് പിന്തുണയ്ക്കുകയാണ്. ഇതേ മൗനം തന്നെയാണ് ആലുവായില്‍ അഞ്ചുവയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് പൈശാചികമായി കൊലചെയ്തപ്പോഴും ഈ നായകന്മാര് അവലംബിച്ചത്. എന്തെങ്കിലും ശബ്ദിക്കാന്‍ എകെജി സെന്ററില്‍നിന്ന് അനുമതി ലഭിക്കാത്തതാണ് കാരണം. പിണറായി വിജയന്റെ അഴിമതി വാഴ്ചയെ പ്രതിരോധിക്കേണ്ടത് തങ്ങളുടെ കടമയായാണ് ഈ സാംസ്കാരിക നായകന്മാരും നായികമാരും കരുതുന്നത്. ആലുവായിലെ കൊലയാളി ഒരു മുസ്ലിം നാമധാരിയായതിനാല്‍ പ്രതികരിക്കാന്‍ മറ്റു ചിലരുടെയും അനുവാദം തങ്ങള്‍ക്ക് വേണമെന്നതാണ് ഈ സംസ്കാരികനായകന്മാരുടെ നിലപാട്. ഇതൊക്കെ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്നുവെന്ന കാര്യം ഇക്കൂട്ടര്‍ മറക്കാതിരുന്നാല്‍ നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: