ന്യൂദല്‍ഹി: സഹമന്ത്രി സത്യപാല്‍ സിംഗ് ബാഗെലിന് കസവു മുണ്ട് സമ്മാനിച്ച് കസവുടുപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍. നാടന്‍ കലാരൂപങ്ങള്‍ മുതല്‍ പ്രാദേശിക ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങി പരമ്പരാഗതമായ എന്തും ഇഷ്ടപ്പെടുന്ന തനി ഭാരതീയനാണ് ആഗ്രയില്‍ നിന്നുള്ള ലോക് സഭാംഗവും കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയുമായ സത്യപാല്‍ സിംഗ് ബാഗെല്‍.
സ്ഥിരമായി കസവ് മുണ്ട് ധരിച്ച് പാര്‍ലമെന്റിലെത്തുന്ന കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനോട് മുണ്ടിന്റെ സവിശേഷതകള്‍ അദ്ദേഹം ചോദിക്കുമായിരുന്നു. അങ്ങനെയാണ് രാജീവ് ചന്ദ്രശേഖര്‍ അടുത്തിടെ ബാഗെലിന് പ്രത്യേകം നെയ്തെടുത്ത മൂന്ന് കസവു മുണ്ടുകള്‍ സമ്മാനിക്കുന്നത്. തൊട്ടടുത്ത ദിവസം കസവു മുണ്ട് ധരിച്ച് സഭയില്‍ വന്ന ബാഗെല്‍ ട്വിറ്ററിലൂടെ രാജീവ് ചന്ദ്രശേഖറിന് നന്ദിയും അറിയിച്ചു.
‘നാനാത്വത്തില്‍ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ പ്രവിശ്യകളുടെയും വ്യത്യസ്തമായ വര്‍ണ്ണാഭമായ പുരാതന സംസ്കാരമാണ് നമ്മുടെ രാജ്യത്തിന്റെ സ്വത്വം. ഇന്ത്യന്‍ ഭാഷകളും നാടന്‍ ഭക്ഷണവും പ്രാദേശിക വേഷങ്ങളും നല്കുന്ന ആഹ്ളാദവും സംതൃപ്തിയും വിദേശ വസ്തുക്കളിലില്ല. മുണ്ട് (ധോത്തി)സമ്മാനിച്ചതിന് ബഹുമാനപ്പെട്ട ഇന്‍ഫര്‍മേഷന്‍ & ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ജിക്ക് നന്ദി. മുണ്ടുടുത്ത് എന്റെ സഹ എംപിയായ കെ.കെ. രഘു റാം രാജു ജിക്കൊപ്പം ഇന്ന് പാര്‍ലമെന്റ് ഹൗസിലേക്ക് പോകുന്നതില്‍ അഭിമാനം തോന്നുന്നു’, അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചു.
നരേന്ദ്ര മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി നിയോഗിതനായതു മുതല്‍ കസവു മുണ്ട് ശീലമാക്കിയ രാജീവ് ചന്ദ്രശേഖര്‍ ദേശീയ, അന്തരാഷ്ട്ര വേദികളില്‍ കേരളത്തിന്റെ സാന്നിദ്ധ്യം ഓര്‍മ്മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: