കൊല്‍ക്കത്ത: വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന അഴിമതികള്‍ക്കെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ലെന്നാവര്‍ത്തിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. സര്‍വകലാശാലകളിലെ അധ്യാപക ഒഴിവുകള്‍ നികത്തുന്നതില്‍ സുതാര്യത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ സര്‍വകലാശാലകളിലെ വിസിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
അഴിമതിക്കേസില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി അറസ്റ്റിലായത് നാണക്കേടുണ്ടാക്കുന്നുവെന്ന് തൃണമൂല്‍ നേതാവ് പാര്‍ത്ഥാ ചാറ്റര്‍ജിയുടെ പേര് പരാമര്‍ശിക്കാതെ ഗവര്‍ണര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍, സര്‍വകലാശാല വിഷയങ്ങള്‍, ഒഴിവുകള്‍ നികത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കുകയും അത് സുതാര്യതയോടെ നടപ്പാക്കുകയും വേണം, അദ്ദേഹം വ്യക്തമാക്കി.
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം അലംഘനീയമാണ്. അതില്‍ വിട്ടുവീഴ്ചയില്ല. ബാഹ്യ-ആന്തരിക ഘടകങ്ങളെയൊന്നും അതിന് അനുവദിക്കുകയുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവര്‍ണറുടെ ഇടപെടലുകളില്‍ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടിനോട് എന്താണോ സംഭവിക്കേണ്ടിയിരുന്നത് അത് സംഭവിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. ബംഗാള്‍ രാജ് ഭവനില്‍ സംഘടിപ്പിച്ചിരിക്കുന്ന ആമ്നേ സാമ്നേ പരിപാടിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് തന്നെ നേരില്‍ കാണാനും ആശയവിനിമയം നടത്താനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പരിപാടി തുടങ്ങുന്നതിന് 12 മണിക്കൂര്‍ മുമ്പ് രാജ്ഭവന്റെ ഇമെയില്‍ വഴിയോ ടെലിഫോണിലൂടെയോ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: